- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലയുടെ പരിക്ക് ഗുരുതരമാണെങ്കിലും അടിയന്തിര ശസ്ത്രക്രിയ വേണ്ട; വീഴ്ചയുടെ ആഘാതത്തില്‍ മുഖത്തും വാരിയെല്ലുകള്‍ക്കും ഒടിവുകള്‍ സംഭവിച്ചതിനാല്‍ ശ്വാസകോശത്തില്‍ രക്തസ്രാവമുണ്ട്; വെന്റിലേറ്ററില്‍ തുടരുന്നു; ഉമ തോമസിന്റെ ആരോഗ്യനിലയിലെ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത്; ഭയപ്പെട്ടത് പോലുള്ള സംഭവങ്ങള്‍ ഇപ്പോഴില്ലെന്ന് വി ഡി സതീശന്‍
തലയുടെ പരിക്ക് ഗുരുതരമാണെങ്കിലും അടിയന്തിര ശസ്ത്രക്രിയ വേണ്ട
കൊച്ചി: കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലെ ഗാലറിയില്‍ നിന്നും വീണുണ്ടായ അപകടത്തില്‍ പരിക്കേറ്റ ഉമാ തോമസ് എംഎല്‍എയുടെ ചികിത്സയുമായി ബന്ധപ്പെട്ട മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത്. തലയുടെ പരിക്ക് ഗുരുതരമാണെങ്കില്‍കൂടി അടിയന്തിര ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്ന് ഡോ. മിഷാല്‍ ജോണി അറിയിച്ചു.
ആശുപത്രിയിലെത്തുമ്പോള്‍ അബോധാവസ്ഥയിലായിരുന്ന ഉമാ തോമസിന്റെ ജിഡിഎസ് സ്‌കോര്‍ 8 ആയിരുന്നു. അടിയന്തിരമായി രോഗിയെ വെന്റിലേറ്ററിലേക്ക് മാറ്റുകയും എക്സ്റേ, സി ടി സ്‌കാന്‍ എന്നിവയടക്കമുള്ള വിദഗ്ധ പരിശോധനകള്‍ക്ക് വിധേയമാക്കുകയും ചെയ്തു. സി ടി സ്‌കാനില്‍ തലക്ക് ഗ്രേഡ് 2 ഡിഫ്യൂസ് ആക്സോണല്‍ ഇന്‍ജുറി ഉള്ളതായി കണ്ടെത്തി. കൂടാതെ സെര്‍വിക്കല്‍ സ്പൈനിലും പരിക്കുകള്‍ കണ്ടെത്തി. വീഴ്ചയുടെ ആഘാതത്തില്‍ മുഖത്തും വാരിയെല്ലുകള്‍ക്കും ഒടിവുകള്‍ സംഭവിക്കുകയും ചെയ്തിട്ടുള്ളതിനാല്‍ ശ്വാസകോശത്തില്‍ രക്തസ്രാവമുണ്ടാകുകയും ചെയ്തിട്ടുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി.
റിനൈ മെഡിസിറ്റിയിലെ ന്യൂറോ സര്‍ജന്‍ ഡോ. മിഷാല്‍ ജോണി, ഓര്‍ത്തോപീഡിക് സര്‍ജറി വിഭാഗത്തിലെ ഡോ. ബാബു ജോസഫ്, ഡോ. ജെസ്സീല്‍, ജനറല്‍ ആന്റ്' ലാപ്പറോസ്‌കോപ്പിക് സര്‍ജറി വിഭാഗത്തിലെ ഡോ. രാഹുല്‍ ചന്ദ്രന്‍, കാര്‍ഡിയോളജിസ്റ്റ് ഡോ രഞിജുകുമാര്‍ ബി. സി, ഒഫ്താല്‍മോളജി വിഭാഗത്തിലെ ഡോ. രേഖ ജോര്‍ജ്ജ്, ഇ.എന്‍.ടി സര്‍ജന്‍ ഡോ. പൂജ പ്രസാദ്, ക്രിട്ടിക്കല്‍ കെയര്‍ സ്‌പെഷ്യലിസ്റ്റ് ഡോ. ഗൗതം ചന്ദ്രന്‍, പ്ലാസ്റ്റിക് സര്‍ജന്‍ ഡോ. മധു കെ. എസ്, മെഡിക്കല്‍ ഡയറക്ടറും ഇന്റേണല്‍ മെഡിസിന്‍ സ്‌പെഷ്യലി സ്റ്റുമായ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രോഗിയെ ചികിത്സിക്കുന്നത്.
നിലവില്‍ രോഗി തീവ്ര പരിചരണവിഭാഗത്തില്‍ കൂടുതല്‍ പരിശോധനകള്‍ക്കും ചികിത്സക്കും വിധേയയായിക്കൊണ്ടിരിക്കുകയാണ്. തലയുടെ പരിക്ക് ഗുരുതരമാണെങ്കില്‍കൂടി അടിയന്തിര ശസ്ത്രക്രിയയുടെ ആവശ്യമില്ല. പ്രാഥമികമായി എടുത്ത സി ടി സ്‌കാനില്‍ അസ്ഥികള്‍ക്ക് ഗുരുതരമായ ഒടിവുകള്‍ ഇല്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത്. മുറിവുകള്‍ക്ക് തുന്നലുകളുള്‍പ്പെടെയുള്ള ചികിത്സകള്‍ക്ക് ശേഷം തീവ്രപരിചരണവിഭാഗത്തിലുള്ള രോഗിയുടെ പുരോഗതി 24 മണിക്കൂര്‍ നേരത്തെ നിരീക്ഷണത്തിന് ശേഷമേ പറയുവാന്‍ സാധിക്കുകയുള്ളൂവെന്നും മെഡിക്കല്‍ ബുള്ളറ്റിലിനില്‍ പറയുന്നു.
ആരോഗ്യ വകുപ്പിലെ വിദഗ്ധ സംഘം വിലയിരുത്തും: മന്ത്രി വീണാ ജോര്‍ജ്
അതേസമയം ആരോഗ്യ വകുപ്പിലെ വിദഗ്ധ മെഡിക്കല്‍ സംഘം കൂടി ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യ സ്ഥിതി വിലയിരുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള കോട്ടയം മെഡിക്കല്‍ കോളേജിലേയും എറണാകുളം മെഡിക്കല്‍ കോളേജിലേയും വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് എത്തുന്നത്. ആശുപത്രിയിലെ മെഡിക്കല്‍ ബോര്‍ഡിന് പുറമേയാണിത്. ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. രാജീവുമായി മന്ത്രി വീണാ ജോര്‍ജ് ആശയ വിനിമയം നടത്തിയിരുന്നു. കൂടാതെ ചികിത്സയിലുള്ള ആശുപത്രിയിലെ ഡോക്ടര്‍മാരുമായും മന്ത്രി സംസാരിച്ചു
ഭയപ്പെട്ടതു പോലെ സംഭവങ്ങള്‍ ഇപ്പോഴില്ലെന്ന് പ്രതിപക്ഷ നേതാവ്
അതേസമയം ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ നേരത്തെ ഭയപ്പെട്ടത് പോലുള്ള സംഭവങ്ങള്‍ ഒന്നും ഇപ്പോഴില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഇപ്പോള്‍ ലഭിക്കുന്നത് ശുഭകരമായ വിവരങ്ങളാണ്. ആരോഗ്യനില അപകടകരമായ അവസ്ഥയില്‍ നിന്ന് തിരിച്ചു വരികയാണ്. തലക്ക് പരിക്ക് ഉണ്ട്. അതിനാലാണ് 24 മണിക്കൂര്‍ നിരീക്ഷണമെന്നും ആവശ്യമായ എല്ലാ വൈദ്യസഹായവും നല്‍കുമെന്നും വിഡി സതീശന്‍ പറഞ്ഞു.
റെനൈ മെഡിസിറ്റി ആശുപത്രിയിലെ ന്യൂറോയുടെ നേതൃത്വത്തിലാണ് ചികിത്സ. കൂടാതെ കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള സംഘം എത്തും. ആവശ്യമായ എല്ലാ മെഡിക്കല്‍ സഹായവും ലഭ്യമാക്കും. ശുഭകരമായ വാര്‍ത്തയാണ് ലഭിക്കുന്നതെന്നും വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. ബിപി തുടങ്ങി മറ്റു കാര്യങ്ങളെല്ലാം ശരിയായി വരുന്നുണ്ട്. തലയ്ക്കുള്ള പരിക്കാണ് ഗുരുതരം. മറ്റു പ്രശ്‌നങ്ങളൊന്നും ഗുരുതരമല്ല.
കലൂര്‍ സ്റ്റേഡിയത്തില്‍ സുരക്ഷാവീഴ്ച്ചയുണ്ടായോ എന്ന് പിന്നീട് പരിശോധിക്കാം. നാളെ പരിശോധിച്ച് പറയാം. നിലവിലെ പരിഗണന ഏറ്റവും മികച്ച ചികിത്സ നല്‍കലാണ്. ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും ഇവിടെയുണ്ട്. നല്ല രീതിയില്‍ ശ്രദ്ധ കിട്ടുന്നുണ്ട്. ആശുപത്രി മാറ്റുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ല. എല്ലാ ഡോക്ടര്‍മാരുമായും സംസാരിച്ചുവെന്നും സതീശന്‍ പറഞ്ഞു. അതേസമയം, പരിപാടിയുടെ സംഘാടകര്‍ക്കെതിരെ കേസെടുക്കാനാണ് കൊച്ചി പൊലീസ് കമ്മീഷ്ണറുടെ തീരുമാനം. ഇതിനായി സ്റ്റേഡിയത്തിലെത്തി വിവരങ്ങള്‍ ശേഖരിച്ചു.
കലൂര്‍ സ്റ്റേഡിയത്തിന്റെ ഗാലറിയില്‍ നിര്‍മിച്ച താത്ക്കാലിക സ്റ്റേജില്‍നിന്ന് താഴേക്ക് വീണ് ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കാന്‍ കാരണം സ്റ്റേജ് നിര്‍മാണത്തിലെ ഗുരുതര പിഴവ്. അപകടത്തിന് കാരണം സുരക്ഷാ വീഴ്ചയാണെന്നാണ് പ്രാഥമികമായി വിലയിരുത്തല്‍. ആവശ്യത്തിന് സുരക്ഷാ ക്രമീകരണം ഒരുക്കിയിരുന്നില്ല. റിബണ്‍ കെട്ടിയാണ് സ്റ്റേജില്‍ ബാരികേഡ് സ്ഥാപിച്ചത്. ഒരു നില ഉയരത്തിലായിരുന്നു സ്റ്റേജ്. ഗ്യാലറിയിലെ കസേരകള്‍ മാറ്റിയാണ് തത്കാലിക സ്റ്റേജ് നിര്‍മിച്ചത്.
സംഭവത്തിന് ദൃക്സാക്ഷികളായവരും വിരല്‍ചൂണ്ടുന്നത് സുരക്ഷാ വീഴ്ച്ചയിലേക്കാണ്. ഉമാ തോമസ് എംഎല്‍എ ഇരിപ്പിടത്തില്‍ ഇരിക്കാന്‍ ശ്രമിച്ചപ്പോള്‍ ബലം കൊടുത്തത് കൈവരിപോലെ നീളത്തില്‍ സ്റ്റീല്‍ കമ്പികളില്‍ കെട്ടിയ റിബ്ബണിലായിരുന്നു. എന്നാല്‍ ഇതിന് ബലമില്ലാത്തത് കാരണം ബാലന്‍സ് നഷ്ടപ്പെട്ട ഉമാ തോമസ് കൈവരിയോടൊപ്പം താഴേക്ക് പതിച്ചു. കോണ്‍ക്രീറ്റ് ഭിത്തിയില്‍ തലയിടിച്ച് വീണ ഉമാ തോമസിന്റെ മുഖത്ത് മുഴുവന്‍ രക്തമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.