- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉമേഷ് വള്ളിക്കുന്നിനെതിരായ ഉത്തരവിന്റെ പൂർണ്ണ രൂപം
പത്തനംതിട്ട: സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്നിനെ സസ്‌പെന്റ് ചെയ്ത് പത്തനംതിട്ട പൊലീസ് സൂപ്രണ്ട് മുമ്പോട്ട് വയ്ക്കുന്നത് സാമൂഹിക മാധ്യമ ഇടപെടലുകളിലെ അച്ചടക്ക ലംഘനം. മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതിയതാണ് നടപടിക്ക് കാരണം. അന്വേഷണ വിധേയമായാണ് നടപടി. മെയ് 27ന് മുഖ്യമന്ത്രിക്ക് എഴുതിയ കത്താണ് നടപടിക്ക് കാരണം. മേലുദ്യോഗസ്ഥരെ വളരെ മോശമായ രീതിയിൽ ചിത്രീകരിച്ചുകൊണ്ട് പോസ്റ്റ് ഇട്ടുവെന്നാണ് ആക്ഷേപം. ഗുണ്ടകൾക്കെതിരായ ആഗ് പദ്ധതിയേയും പൊലീസ് ഉദ്യോഗസ്ഥരേയും കുറിച്ച് വസ്തുതയ്ക്ക് നിരക്കാത്ത ആരോപണം ഉന്നയിച്ചെന്നും സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നു.
ഇത് പൊലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കി. സേനയിലെ അംഗമെന്ന നിലയിൽ മേലുദ്യോഗസ്ഥരുടെ അറിവോ സമ്മതമോ കൂടാതെ ഉചിത മാർഗേണ അല്ലാതെ മുഖ്യമന്ത്രിക്ക് ഇമെയിൽ മുഖാന്തിരം തുറന്ന കത്തയച്ചതും നടപടിക്ക് കാരണമായെന്ന് വിശദീകരിക്കുന്നു. പൊലീസ് സേനയിലെ മേലുദ്യോഗസ്ഥർക്കും മുതിർന്ന ഉദ്യോഗസ്ഥർക്കുമെതിരെ വസ്തുതയ്ക്ക് നിരക്കാത്ത ആക്ഷേപങ്ങൾ ഉന്നയിച്ചാണ് പോസ്റ്റ്. സമൂഹമാധ്യമങ്ങളിൽ പൊലീസുകാർ ഇടപെടുന്നതിനെ കുറിച്ചും പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടത്തെ കുറിച്ചുമുള്ള ഉത്തരവുകളെല്ലാം ഉമേഷ് ലംഘിച്ചു.
ഗുരുതരമായ അച്ചടക്ക ലംഘനവും പെരുമാറ്റ ദൂഷ്യവും ഉമേഷ് വള്ളിക്കുന്ന് കാട്ടിയെന്നാണ് എസ് പിയുടെ വിലയിരുത്തൽ. ഇക്കാര്യത്തിൽ തുടരന്വേഷണത്തിന് നാർക്കോട്ടിക് സെൽ ഡിവൈഎസ് പിയെ ചുമതലെടുത്തിയിട്ടുമുണ്ട്. കുറ്റാരോപണ പത്രിക 15 ദിവസത്തിനുള്ളിൽ സമർപ്പിക്കാനും ഉത്തരവിൽ വിശദീകരിക്കുന്നുണ്ട്.
ഉമേഷിനെതിരായ നടപടിക്ക് ആധാരമായ കത്തിന്റെ പൂർണരൂപം
Respected sir,
അങ്കമാലിയിൽ ഗുണ്ടാവിരുന്നിൽ പങ്കെടുത്ത DySP യെയും കൂട്ടിന് പോയ മൂന്ന് പൊലീസുകാരെയും പൊക്കിയ വാർത്ത കണ്ടു. രണ്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്ത വാർത്തയും കണ്ടു. കക്കൂസിലൊളിച്ച DySP ക്കും മൂന്നാമത്തെ പൊലീസുകാരനും സസ്പെൻഷൻ കൊടുക്കാതെ നിവൃത്തിയില്ലാത്തതുകൊണ്ട് അതും വരും. തുടർച്ചയായ ഗുണ്ടാ ആക്രമണങ്ങളുണ്ടായ പശ്ചാത്തലത്തിൽ ഓപ്പറേഷൻ ആഗ് എന്ന പേരിൽ വലിയൊരു പരിപാടി ഗുണ്ടകളെ ഒതുക്കാനായി സംസ്ഥാമൊട്ടാകെ നടത്തുമ്പോഴാണ് DySP ക്ക് ഗുണ്ടയുടെ വീട്ടിൽ വിരുന്നൂട്ട്! ഈ സംഭവത്തിൽ നടപടി ഉറപ്പാക്കിയതിന് അഭിനന്ദനങ്ങൾ. എന്നാൽ ഇത് ആദ്യത്തെയോ അവസാനത്തെയോ ഗുണ്ടാവിരുന്നാണെന്ന് അങ്ങ് കരുതരുത്. ഗുണ്ടകളുടെ അമേദ്യം അമൃതായി കരുതുന്ന അണ്ണന്മാർ ഇനിയുമുണ്ട്.
അത് ആരൊക്കെയാണെന്ന് ഡി.ജി.പി.യോ അങ്ങ് ബന്ധപ്പെടുന്ന ഉന്നതന്മാരോ അങ്ങയെ അറിയിക്കണമെന്നില്ല. അവർക്കും അറിയണമെന്നില്ല. താഴോട്ട് അന്വേഷിപ്പിൻ, കണ്ടെത്തും. കോടതിയുത്തരവ് പ്രകാരം കഞ്ചാവ് വിൽപ്പനക്കാരനായ പ്രതിയെ അറസ്റ്റ് ചെയ്തുകൊണ്ടുവന്ന പൊലീസുകാരെ വിഡ്ഢികളാക്കി പ്രതിയെ കോടതിസമക്ഷം ഹാജരാക്കാതെ വീട്ടിലേക്ക് വിട്ട ഓഫീസറുടെ കീഴിലാണ് ഞാനിപ്പോൾ, അതേ സ്റ്റേഷനിൽ ജോലിചെയ്യുന്നത്. ക്രിമിനൽ കേസ് എടുക്കേണ്ട കുറ്റകൃത്യമായിരുന്നിട്ടും ഇലക്ഷൻ ട്രാൻസ്ഫർ പോലും ബാധിക്കാതെ അയാൾ എല്ലാ തെളിവുകളെയും മായ്ച്ചു കളഞ്ഞ്, സാക്ഷികൾക്ക് ഭീഷണിയായി അതേ സ്റ്റേഷനിൽ വാഴുന്നു!
പ്രതിയെ രായ്ക്കുരാമാനം സ്റ്റേഷൻജീപ്പിൽ കൊണ്ടുപോയി തെങ്കാശിക്കുള്ള ബസ് കേറ്റിവിടാനാണ് അന്ന് SHO എന്നോട് പറഞ്ഞത്. അത് ഞാൻ അനുസരിച്ചിരുന്നെങ്കിൽ വിശ്വസ്തനും വലംകൈയുമായി സ്റ്റേഷനിൽ വാഴാമായിരുന്നു. ക്രിമിനൽ കുറ്റത്തിന് കൂട്ടുനിൽക്കാത്തതുകൊണ്ട് എനിക്കുണ്ടായ നഷ്ടവും ദുരിതവും ചില്ലറയല്ല. എസ്ഐ. സ്റ്റേഷനിൽ കൊണ്ടുവന്ന ഒരു ഗുണ്ട അവന്റെ അപ്പൻ വന്നപ്പോ '....നങ്കിളിനെ വിളിക്ക് പപ്പാ..' എന്ന് മോങ്ങിയത് ഒരു DySP യെ വിളിക്കാനാണ്. മുൻപേയുള്ള ഒരു വധശ്രമക്കേസിൽ പോലും അറസ്റ്റ് ചെയ്യാതെ സംരക്ഷിച്ചത് അപ്പന്റെ ശിങ്കിടിയായ അങ്കിളാണല്ലോ! ആ അങ്കിളാണ് എന്റെ പിരിച്ചുവിടൽ വേഗത്തിലാക്കാൻ പൊലീസ് ആസ്ഥാനത്ത് കയറിയിറങ്ങി കാലുപിടിച്ച് നടക്കുന്നത്. മദ്യപിച്ച് റോഡിൽ കിടപ്പ് മുതൽ എല്ലാ നാണംകെട്ട ഇടപാടുകൾക്കും പേരുകേട്ട അങ്കിളിനെയാണ് അങ്ങയുടെയും എന്റെയും വകുപ്പ് അയാൾക്ക് ഏറ്റവും പ്രിയപ്പെട്ട തട്ടകങ്ങൾ കൊടുത്ത് വാഴിക്കുന്നത്.
പൊലീസിലെ ഉന്നതരായ ക്രിമിനലുകളുടെ ഊളത്തരങ്ങൾ തുറന്നു കാണിച്ചതിനാണ് എന്നെ പിരിച്ചു വിടാനുള്ള നടപടികൾ അങ്ങയുടെ വകുപ്പിൽ പുരോഗമിക്കുന്നത്. പത്തനംതിട്ടയിലേക്ക് തട്ടിയ എന്നെ തിരിച്ചയയ്ക്കാനുള്ള ട്രിബ്യൂണലിന്റെ ഉത്തരവിനെ 'സേനാംഗങ്ങൾക്ക് തെറ്റായ സന്ദേശം നൽകും' എന്ന് അങ്ങയുടെ സെക്രട്ടറി നിഷേധിച്ചത്! അങ്ങയുടെ വകുപ്പിലെ കള്ളന്മാരെ അങ്ങ് അറിയുന്നുണ്ടോ? വകുപ്പിനകത്തെ ഗുണ്ടകളെ? ഗുണ്ടകളുടെ പാദസേവകരെ? സേനയുടെ അന്തസ്സും അഭിമാനവും വിറ്റ് കാശാക്കി സേനാംഗങ്ങൾക്ക് 'ശരിയായ' സന്ദേശം നൽകുന്നവരെ? അങ്ങയുടെ വകുപ്പിലെ ആത്മഹത്യകളുടെ പെരുപ്പം അങ്ങ് അറിയുന്നുണ്ടോ? അതിന്റെ കാരണം അറിയുന്നുണ്ടോ? അവരുടെ കുടുംബങ്ങളെ അറിയുന്നുണ്ടോ സർ? ഗുണ്ടകളുടെയും കൊള്ളക്കാരുടെയും കഞ്ചാവ് കച്ചവടക്കാരുടെയും ശിങ്കിടികളുടെ കീഴിൽ ജോലിചെയ്യേണ്ടി വരുന്ന ആത്മാർത്ഥതയുള്ള ഉദ്യോഗസ്ഥരുടെ ആത്മസംഘർഷത്തെക്കുറിച്ച് അങ്ങേയ്ക്കറിയാമോ? ആത്മനിന്ദയെക്കുറിച്ച്? അടിമകളല്ലാത്ത പത്ത് പൊലീസുകാരെ വിളിച്ച് അതൊന്ന് അറിയാൻ ശ്രമിക്കുമോ സർ? ഇത് അങ്ങയുടെ മുൻപിലെത്തില്ലായിരിക്കാം.
അങ്ങ് ഇത് വായിക്കില്ലായിരിക്കാം.. പകരം. ഇത് വായിക്കുന്ന അങ്ങയുടെ ഓഫീസ് എന്നെ പിരിച്ചുവിടാനുള്ള നടപടികൾ എളുപ്പത്തിലാക്കുമായിരിക്കും. അതിനും മുൻപേ പൊലീസ് മേധാവിമാർ നടപടിയെടുത്ത് കൂറ് തെളിയിക്കും. എന്റെ സർവീസ് മാത്രമല്ല ജീവിതം തന്നെ അവസാനി(പ്പി)ച്ചേക്കും. പക്ഷേ, ഇത് വായിക്കുന്ന മനുഷ്യരിലാരെങ്കിലും നാളെ ഈ വകുപ്പിനെ നയിക്കാനെത്തും. ഒരു പൊടിക്കെങ്കിലും സേനയെ മനസ്സിലാക്കാൻ അവർ ശ്രമിക്കും. നെല്ലും പതിരും വേർതിരിക്കാനായില്ലെങ്കിലും രണ്ടും തിരിച്ചറിയാനെങ്കിലും അവർക്ക് സാധിക്കും. വർഷങ്ങൾ കൊണ്ട് നഷ്ടപ്പെടുത്തിയതിന്റെ പത്ത് ശതമാനമെങ്കിലും അവർ തിരിച്ചു പിടിക്കും.
വിശ്വസ്തയോടെ,
ഉമേഷ് യു,
സീനിയർ സിവിൽ പൊലീസ് ഓഫീസർ,
ആറന്മുള പൊലീസ് സ്റ്റേഷൻ,
പത്തനംതിട്ട.
27-05-24