കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ബന്ധമാരോപിച്ച് പോലിസ് സര്‍വിസില്‍നിന്ന് പുറത്താക്കിയ ഇടുക്കി ജില്ലയിലെ അനസ് പി.കെയ്ക്ക് ഇനിയും നീതി ലഭിച്ചിട്ടില്ല. അനസിനെ കുറ്റവിമുക്തനാക്കുകയും തിരിച്ചെടുക്കാന്‍ ഉത്തരവായിട്ടും നടപടി നീണ്ടുപോകുകയാണ്. എസ്.ഡി.പി.ഐക്കും പോപുലര്‍ ഫ്രണ്ടിനും വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് ആരോപിച്ചായിരുന്നു ഇടുക്കി ജില്ലയിലെ കരിമണ്ണൂര്‍ പൊലിസ് സ്റ്റേഷനിലെ സി.പി.ഒ ആയിരുന്ന പി.കെ അനസിനെ മൂന്നുവര്‍ഷം മുമ്പ് സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടത്. ആരോപണത്തെത്തുടര്‍ന്ന് 2021 ഡിസംബറില്‍ സസ്പെന്‍ഡ് ചെയ്തു. പിന്നാലെ 2022 ഫെബ്രുവരിയില്‍ പുറത്താക്കലും.

തെളിവുകളില്ലാതെ പിരിച്ചുവിട്ട നടപടിക്കെതിരെ കേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ച അനസിന് ഒടുവില്‍ നീതിലഭിച്ചെങ്കിലും മുന്‍ പോലീസുകാരനെ ഇതുവരെ സര്‍വീസില്‍ തിരിച്ചെടുത്തില്ല. ആരോപണങ്ങള്‍ തെറ്റാണെന്് കണ്ട് പിരിച്ചുവിടല്‍ നടപടി അഡ്മിനിസ്ട്രേറ്റീന് ട്രിബ്യൂണല്‍ 2024 സംപ്റ്റംബറില്‍ റദ്ദാക്കുകയാണ് ചെയ്തത്. എന്നാല്‍ അനസിനെ കുറ്റവിമുക്തനാക്കി ഒരുവര്‍ഷമായിട്ടും അദ്ദേഹത്തെ ഇതുവരെ സര്‍വിസില്‍ തിരിച്ചെടുത്തില്ല.

സസ്പെന്‍ഷനില്‍ കഴിയുന്ന പോലിസ് ഓഫിസറായ ഉമേഷ് വള്ളിക്കുന്ന് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. വധഭീഷണി നിലവിലുള്ള 159 ബി.ജെ.പി -ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ ഡാറ്റാബേസ് പൊലീസില്‍ നിന്ന് ചോര്‍ത്തി മുസ്‌ലിം തീവ്രവാദികള്‍ക്ക് നല്‍കിയെന്ന വ്യാജകുറ്റം ചുമത്തിയാണ് 2021 ഡിസംബര്‍ 16ന് അനസിനെ പുറത്താക്കുന്നത്. ജോലി നഷ്ടപ്പെട്ടതോടെ കഴിഞ്ഞ നാല് വര്‍ഷമായി ഇടുക്കിയിലെ ആക്രിക്കടയില്‍ ദിവസക്കൂലിക്ക് പണിയെടുത്താണ് രണ്ടു മക്കളും ഭാര്യയും കാന്‍സര്‍ രോഗിയായ മാതാവുമടങ്ങുന്ന കുടുംബത്തെ പോറ്റുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പ്രിയപ്പെട്ട (പൊലീസ്) സുഹൃത്തുക്കളേ, ഇടുക്കിയിലെ ഒരു ആക്രിക്കടയില്‍ നാലു കൊല്ലമായി പണിയെടുക്കുന്ന അനസ് എന്ന ചെറുപ്പക്കാരനെ കുറിച്ച് കേട്ടിട്ടുണ്ടോ നിങ്ങള്‍ മലയാളിയാണ്. രണ്ടു മക്കളുടെ പിതാവാണ്. 2021 ഡിസംബര്‍ 16 മുതല്‍ ആ മനുഷ്യന്‍ ജീവിച്ച ജീവിതത്തെക്കുറിച്ച് അറിഞ്ഞിട്ടുണ്ടോ നിങ്ങള്‍

നാല്പത് കൊല്ലം ഈ ഭൂമിയില്‍ ജീവിച്ച വകയില്‍ നിങ്ങള്‍ ഉണ്ടാക്കിയ നൂറുകണക്കിന് സൗഹൃദങ്ങളില്‍, അടുപ്പമേറിയ ബന്ധുജനങ്ങളില്‍, എണ്ണിയാല്‍ തീരാത്ത സഹപ്രവര്‍ത്തകരില്‍ ഒരാള്‍ പോലും നിങ്ങളോടുള്ള ഭയവും വെറുപ്പും അറപ്പും കൊണ്ട് തിരിഞ്ഞു നോക്കാത്ത, ഒരു ഫോണ്‍ കോള്‍ പോലും വരാത്ത, ഒരു അയല്‍ക്കാരനെ പോലും കാണാത്ത, ഭാര്യയും രണ്ട് കുഞ്ഞുമക്കളും അല്ലാതെ ഒരു മനുഷ്യജീവി പോലും ജീവിതത്തില്‍ ഇല്ലാത്ത ഒരു മാസത്തെ ജീവിതം നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ ആവുന്നുണ്ടോ.

ആത്മഹത്യ ചെയ്യുമെന്ന് പേടിച്ച് ഉറങ്ങാതെ കാവലിരിക്കുന്ന ഭാര്യയെയും കുഞ്ഞു മക്കളെയും എങ്ങനെ സ്വാന്തനിപ്പിക്കണം എന്ന് പോലും അറിയാതെ, അടുത്ത നിമിഷം എന്ത് സംഭവിക്കും എന്നറിയാതെ, മുന്നില്‍ മരണമോ ജയിലറയോ എന്നറിയാതെ ഭീതിയുടെയും ഒറ്റപ്പെടലിന്റെയും ഭീകരമായ ആഴത്തില്‍ ഒരു മാസത്തിലേറെ ജീവിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ

പുറംലോകം നിങ്ങളുടെ മുമ്പില്‍ അടഞ്ഞിരിക്കുന്ന ആ ദിവസങ്ങളില്‍ നിങ്ങളുടെ വീടിന് നേരെ കൊലവിളിയും ആക്രോശങ്ങളുമായി നൂറുകണക്കിനാളുകള്‍ പാഞ്ഞെത്തുന്നത് നിങ്ങളൊന്നു സങ്കല്‍പ്പിച്ചു നോക്കുമോ എമ്പുരാന്‍ സിനിമയില്‍ കണ്ടത് പോലെ നിങ്ങളുടെ വീടിനുമേലെ കല്ലുകള്‍ വീഴുന്നതും നിങ്ങളുടെ വീടിന്റെ ഗേറ്റ് തകര്‍ത്ത് ആക്രോശങ്ങള്‍ അടുത്തു വരുന്നതും മരണത്തെ മുന്നില്‍ കാണുന്ന പിഞ്ചുമക്കളുടെ നിലവിളിയും നിങ്ങളുടെ ഭാര്യയുടെ മുഖവും നിങ്ങള്‍ക്കൊന്ന് സങ്കല്‍പ്പിക്കാന്‍ ആവുമോ

ആ മണിക്കൂറുകളെ അതിജീവിച്ച്, നിങ്ങളുടെ ചെറുപ്പക്കാരിയായ ഭാര്യയുടെയും ചൂവടുറയ്ക്കാത്ത മക്കളുടെയും കൂടെ നിങ്ങള്‍ എടുത്ത ചിത്രം കൊടൂര മതതീവ്രവാദിയുടെ കുടുംബചിത്രമായി നാടാകെ പ്രചരിപ്പിക്കുമ്പോള്‍, ഉറ്റവരും ഉടയവരും നിങ്ങളെ ഭയക്കുമ്പോള്‍, കേരളാ പൊലീസ് നല്‍കിയ വാര്‍ത്തകള്‍ ലോകമെമ്പാടും ആളിക്കത്തുമ്പോള്‍ നിങ്ങള്‍ ജീവിച്ചിരിപ്പുണ്ടാകുമോ ഞാനാണെങ്കില്‍ ഉണ്ടാവില്ല. എന്റെ ഭാര്യയോ മകളോ ഉണ്ടാവില്ല. എന്റെ അമ്മയും സഹോദരങ്ങളും ഉണ്ടാവില്ല.

കൊടുംകുറ്റവാളിയെ പെറ്റു വളര്‍ത്തിയതോര്‍ത്ത് എന്റെ അമ്മ ചങ്കുപൊട്ടി മരിച്ചിട്ടുണ്ടാവും. ഒറ്റുകാരനും രാജ്യദ്രോഹിയുമായ ഒരുവന്റെ സാഹോദര്യം ജീവിതം മുഴുവന്‍ വേട്ടയാടുമെന്ന് ഭയന്ന് സഹോദരങ്ങള്‍ എല്ലാം അവസാനിപ്പിച്ചിട്ടുണ്ടാവും. അതിനിപ്പുറം ലോകമുള്ളിടത്തോളം കാലം കൂട്ട ആത്മഹത്യ ചെയ്ത തീവ്രവാദ കുടുംബമായി ഞങ്ങളുടെ ചരിതം അവശേഷിക്കും. സങ്കല്പമല്ല. കഥയല്ല. ഇത് അനസ് എന്ന പൊലീസുകാരന്‍ ജീവിച്ച ജീവിതമാണ്.

വധഭീഷണി നിലവിലുള്ള 159 ബിജെപി -ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ഡാറ്റാബേസ് പൊലീസില്‍ നിന്ന് ചോര്‍ത്തി മുസ്‌ലിം തീവ്രവാദികള്‍ക്ക് നല്‍കിയ കൊടുംകുറ്റമാണ് ഒരു രാത്രി ഇരുണ്ടു വെളുത്തപ്പോള്‍ അനസിന്മേല്‍ ചുമത്തിയത്. ഡി.വൈ.എസ്.പി കെ.സദന്‍ ദേശീയ തലത്തിലേക്ക് എയ്തു വിട്ട വാര്‍ത്ത കത്തിപ്പടര്‍ന്നു. ഞാനടക്കമുള്ള പൊലീസുകാര്‍ ഒന്നടങ്കം ഞെട്ടി. ഇടുക്കി ജില്ലാ പൊലീസിനെ വിറപ്പിച്ച പ്രക്ഷോഭങ്ങള്‍ ഉണ്ടായി. ഇങ്ങനെ ഒരു പൊലീസുകാരന്‍ സേനയില്‍ വേണ്ട എന്ന് ഓരോ മനുഷ്യനും തീര്‍പ്പു കല്‍പ്പിച്ചു. 24-മത്തെ ദിവസം അനസ് കേരള പൊലീസില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടു.

NIA അന്വേഷിക്കുന്ന കൊടും കുറ്റവാളിയാണ് അനസ് എന്നും അനസിനെ ഫോണ്‍ വിളിച്ചാല്‍ പോലും നിങ്ങള്‍ പ്രതിചേര്‍ക്കപ്പെടുമെന്നും മേലുദ്യോഗസ്ഥര്‍ പൊലീസുകാരെ ഭയപ്പെടുത്തി. അനസ് ജില്ലാ പൊലീസ് മേധാവിയെ കണ്ട് കാലുപിടിച്ച് തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്തിയെങ്കിലും അദ്ദേഹം തന്റെ നിസ്സഹായത പറഞ്ഞ് കൈയൊഴിഞ്ഞു. ഏതു നിമിഷവും താനും കുടുംബവും അറസ്റ്റ് ചെയ്യപ്പെടുമെന്നും കൊല ചെയ്യപ്പെടുമെന്നും ഭയന്ന് അനസ് വീടിനുള്ളില്‍ പതുങ്ങിയിരുന്നു. മനുഷ്യരുടെ മുഖത്ത് നോക്കാനാവാതെ കഴിച്ചുകൂട്ടിയ നാളുകളില്‍ കുടുംബം പട്ടിണിയിലേക്ക് കടന്നു.

മകളുടെയും പേരക്കുട്ടികളുടെയും പട്ടിണിയിലേക്ക് അന്വേഷിച്ചെത്തിയ അനസിന്റെ ഭാര്യ പിതാവ് തന്റെ ആക്രിക്കടയിലേക്ക് മരുമകനെ കൂട്ടിക്കൊണ്ടുപോയി. അവിടെ ദിവസക്കൂലിക്ക് പണിയെടുത്ത് അനസ് കേസിനു പോയി. വിവരാവകാശനിയമപ്രകാരം രേഖകള്‍ ശേഖരിച്ചു. വീട്ടിനടുത്ത ഗ്രൗണ്ടില്‍ മയക്കുമരുന്നുമായി വന്നവരെന്ന് സംശയിക്കുന്ന രണ്ടു വാഹനങ്ങളുടെ RC ഡീറ്റെയില്‍സ് തന്റെ ഫോണിലെ ക്രൈം ഡ്രൈവ് സൗകര്യം ഉപയോഗിച്ച് എടുത്ത് സുഹൃത്തായ അയല്‍വാസിക്ക് അയച്ചുകൊടുത്തതായിരുന്നു അനസിന് പറ്റിയ തെറ്റ് .

അതിനെയാണ് 159 ആര്‍എസ്എസുകാരുടെ ഡാറ്റാബേസ് തീവ്രവാദ സംഘടനയ്ക്ക് ചോര്‍ത്തി നല്‍കിയതായി ഡിവൈഎസ്പി വര്‍ഗീയവല്‍ക്കരിച്ച് തീ പടര്‍ത്തിയത്. അനസിന്റെ പോരാട്ടത്തിന്റെ ഭാഗമായുള്ള വിവരശേഖരണത്തില്‍ അങ്ങനെയൊരു ഡാറ്റാബേസ് പോലീസില്‍ ഇല്ലെന്നും അനസ് എടുത്ത ഡീറ്റെയില്‍സ് ( മേല്‍പ്പറഞ്ഞ രണ്ട് നമ്പറുകളും ഡ്യൂട്ടിയുടെ ഭാഗമായി എടുത്ത നമ്പറുകളും) ആര്‍എസ്എസുകാരുടെതാണെന്ന് കണ്ടെത്തിയിട്ടില്ലെന്നും തീവ്രവാദ സംഘടനകള്‍ക്ക് യാതൊരു ബന്ധമില്ലെന്നും തെളിഞ്ഞു. നാലുവര്‍ഷം നീണ്ട പോരാട്ടത്തിനൊടുവില്‍ കേസ് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ തന്നെ തീര്‍പ്പായി. അനസിനെ തിരിച്ചെടുക്കാനും ആവശ്യമെങ്കില്‍ നിയമാനുസൃതമായ അന്വേഷണം ചട്ടപ്രകാരം നടത്താനും ട്രിബ്യൂണല്‍ രണ്ടു മാസം മുന്‍പ് ഉത്തരവിട്ടു.

എന്നിട്ട് ഇപ്പോള്‍ നിങ്ങളുടെ അനസ് എന്ത് ചെയ്യുകയാണെന്നല്ലേ അയാള്‍ ഇന്നും ആക്രിക്കടയില്‍ ജോലി ചെയ്യുന്നു. അയാളെ തിരിച്ചെടുക്കാനുള്ള KAT ഉത്തരവ് സര്‍ക്കാര്‍ അവഗണിച്ചു. 'വേണമെങ്കില്‍ അന്വേഷണം നടത്താം' എന്ന ഭാഗം മാത്രം പരിഗണിച്ചു. അങ്ങനെ ആക്രിക്കടയിലെ ജീവനക്കാരനെതിരെ പുതിയ ഓറല്‍ എന്‍ക്വയറി പ്രഖ്യാപിച്ചുകൊണ്ട് ഇടുക്കി ജില്ലാ പൊലീസ് മേധാവി കഴിഞ്ഞമാസം ഇരുപത്തിയൊന്നാം തീയതി ഉത്തരവിറക്കി. പതിനെട്ട് ദിവസങ്ങള്‍ക്ക് ശേഷം ഇന്നലെ ആക്രിക്കടയിലെ പണിക്കാരനായ അനസിന് ആ ഉത്തരവിന്റെ പകര്‍പ്പ് എത്തിച്ചുകൊടുത്തു. സര്‍വീസില്‍ ഇല്ലാത്ത ഒരാള്‍ക്കെതിരെ നടത്തേണ്ടതല്ല വകുപ്പുതല നടപടികള്‍ എന്നതുപോലും അറിയാത്തവര്‍ നയിക്കുന്ന സിസ്റ്റം!

പൊലീസ് സുഹൃത്തുക്കളേ, പൊലീസിന്റെ അന്തസ്സും സല്‍പ്പേരും സംരക്ഷിക്കാന്‍ പ്രചരിപ്പിക്കുന്ന വ്യാജങ്ങള്‍ നമ്മള്‍ക്കെതിരെയും വരാമെന്നും അന്നേരം നമ്മള്‍ക്കൊപ്പം ആരുമുണ്ടാകില്ലെന്നും അനസ് അനുഭവിച്ചറിഞ്ഞിട്ടുണ്ട്. വേട്ടയാടപ്പെട്ട ആയിരക്കണക്കിന് സഹപ്രവര്‍ത്തകരും തിരിച്ചറിഞ്ഞിട്ടുണ്ട്. കേരളത്തിലെ അര ലക്ഷം പൊലീസുകാരില്‍ ഞാനുള്‍പ്പെടെ ഒരാള്‍ പോലും ദുരിതദിനങ്ങളില്‍ അനസിന് ഒരു കോള്‍ ചെയ്യാനോ അയാള്‍ക്ക് പറയാനുള്ളത് കേള്‍ക്കാനോ ധൈര്യം കാണിച്ചില്ല. സ്വന്തം ബാച്ചിന്റെ വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്ന് പോലും പുറന്തള്ളപ്പെട്ടു. അനസിനെപ്പോലെ പിടിച്ചുനില്‍ക്കാനും പൊരുതി ജയിക്കാനും കഴിയുന്നവരല്ല.

സ്വഭാവഹത്യ ചെയ്യപ്പെട്ടാല്‍, അപമാനിക്കപ്പെട്ടാല്‍, കൊമ്പും കുലച്ചിഹ്നവും അഴിഞ്ഞുവീണാല്‍ ആത്മഹത്യയില്‍ അഭയം തേടുന്നവരാണ് നമ്മളില്‍ പലരും. നായാട്ടുപടയിലെ മികച്ച കാലാളെന്ന് തികഞ്ഞു നില്‍ക്കുമ്പോഴും പിന്നില്‍ നിന്നുള്ള ഒറ്റയമ്പില്‍ വീണുപോകുന്നവര്‍. അതുകൊണ്ട് ഈ എഴുത്ത് ഇങ്ങനെ ചുരുക്കാം: സമൂഹത്തില്‍ നായാട്ട് ഒരു കലയല്ല; ഒരു കുറ്റകൃത്യമാണ്.