പത്തനംതിട്ട: തനിക്ക് കാരണം കാണിക്കൽ നോട്ടീസ് തന്ന ആറന്മുള എസ്എച്ച്ഓയ്ക്ക് കുറിക്കു കൊള്ളുന്ന മറുപടിയുമായി സീനിയർ സിവിൽ പൊലീസ് ഓഫീസർ യു. ഉമേഷ് വള്ളിക്കുന്ന്. എസ്എച്ച്ഓ അധികാര ദുർവിനിയോഗം നടത്തിയെന്നും അതിന് മാപ്പു പറയണമെന്നും ആവശ്യം. ഇതിന് പുറമേ എസ്എച്ച്ഓ ഫ്രോഡ് കളി നടത്തിയെന്നും ചൂണ്ടിക്കാട്ടുന്നു.

ആറന്മുള എസ്എച്ച്ഓ സികെ മനോജിനെതിരേയാണ് സീനിയർ സിവിൽ പൊലീസ് ഓഫീസർ ആയ ഉമേഷ് വള്ളിക്കുന്ന് ആഞ്ഞടിച്ച് മറുപടി നൽകിയിരിക്കുന്നത്. അവധി അപേക്ഷയും മെഡിക്കൽ സർട്ടിഫിക്കറ്റുകളും അവഗണിച്ച എസ്്എച്ച്ഓ തനിക്ക് ആബ്സന്റ് മാർക്ക് ചെയ്യുകയും കാരണം കാണിക്കൽ നോട്ടീസ് നൽകുകയുമായിരുന്നുവെന്ന് ഉമേഷ് പറയുന്നു. അനധികൃതമായി ഡ്യൂട്ടിക്ക് ഹാജരാകാതിരിക്കുന്നുവെന്നാണ് ഒരു ആരോപണം.

തനിക്ക് അസുഖമാണെന്ന വിവരം പറയാൻ എസ്എച്ച്ഓയെ വിളിച്ചിട്ടും എടുത്തില്ലെന്നും അതിനാൽ സ്റ്റേഷനിൽ വിളിച്ച് ജിഡി ഡ്യൂട്ടിയിലുണ്ടായിരുന്ന ആളെ അറിയിച്ചിരുന്നുവെന്നും മറുപടിയിൽ പറയുന്നു. അവന്റെ രോഗവിവരം ജിഡി ഇടരുത് എന്ന് എസ്എച്ച്ഓ നിർദേശിച്ചുവെന്ന് ഉമേഷ് പറയുന്നു. സിക് റിപ്പോർട്ട് രേഖപ്പെടുത്താതെ പൂഴ്‌ത്തി വച്ച് തന്നെ ആബ്സെന്റ് ആക്കാനുള്ള നാലാംകിട ഫ്രോഡ് കളിയാണ് കളിക്കുന്നതെന്ന് ഉമേഷ് പറയുന്നു. അതിനാൽ വിവരം എസ്എച്ച്ഓയുടെ ഒഫീഷ്യൽ മെയിൽ ഐഡിയിൽ അയച്ചു കൊടുത്തിരുന്നു. എല്ലാ വിവരങ്ങളും മേലധികാരിക്കും അപ്പപ്പോൾ അയച്ചു കൊടുത്തിരുന്നു.

ഒരു ഉദ്യോഗസ്ഥൻ എന്ന നിലയിൽ താൻ കൃത്യമായ നടപടി ക്രമങ്ങൾ പാലിച്ചിട്ടുണ്ട്. തനിക്ക് അവധി തരാതിരിക്കാൻ വേണ്ടി നാലാംകിട പ്രതികാര ബുദ്ധിയോടെ എസ്എച്ച്ഓ പ്രവർത്തിച്ചു. പൊലീസ് സേനയിലെ ഉത്തരവാദിത്തപ്പെട്ട ഇൻസ്പെക്ടർ എന്ന നിലയിൽ താങ്കൾ നടത്തിയത് അധികാര ദുർവിനിയോഗവും അച്ചടക്ക ലംഘനവും കൃത്യവിലോപവുമാണ്. ഇതു കാരണം തനിക്കുണ്ടായ ബുദ്ധിമുട്ടിന് തെറ്റുതിരുത്തി ക്ഷമാപണം നടത്തുകയാണ് അന്തസുള്ള ഒരു ഉന്നത ഉദ്യോഗസ്ഥൻ എന്ന നിലയിൽ അങ്ങേയ്ക്ക് ചെയ്യാനുള്ളതെന്നും മറുപടിയിൽ പറയുന്നു.

അധികാരങ്ങളും അവിഹിത സ്വാധീനങ്ങളും ദുരുപയോഗപ്പെടുത്തി കീഴുദ്യോഗസ്ഥരെ മനുഷ്യത്വ രഹിതമായ രീതിയിൽ പീഡിപ്പിക്കുകയും മാനസിക സംഘർഷത്തിലാക്കുകയും ചെയ്യുന്ന അങ്ങയുടെ ശീലം അവസാനിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു. മയക്കുമരുന്നു കേസിൽ അറസ്റ്റ് ചെയ്തു കൊണ്ടു വന്ന വാറണ്ട് പ്രതിയെ സ്റ്റേഷനിൽ നിന്ന് അങ്ങ് വിട്ടയച്ചു. വിവരം രഹസ്യാന്വേഷണ വിഭാഗങ്ങൾ റിപ്പോർട്ട് ചെയ്തിട്ടും മാധ്യമങ്ങളിൽ വാർത്തയായിട്ടും അങ്ങയെ സംരക്ഷിച്ചു നിർത്തുകയാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി അടക്കമുള്ള മേലുദ്യോഗസ്ഥർ. അങ്ങാകട്ടെ്ര്ര പതിയെ രക്ഷപ്പെടുത്തിയ കേസിൽ എനിക്ക് പണി കിട്ടിയാൽ ഇവിടെയുള്ള മൂന്നാല് പേരുടെയെങ്കിലും പണിയും പോകുമെന്ന് ഭീഷണിപ്പെടുത്തി സ്റ്റേഷനിയിൽ വാഴുന്നു.

ശബരിമല ഡ്യൂട്ടിയിലുള്ള മുബാറക്കിനെയും ആറര മണിക്ക് ഡ്യൂട്ടി കഴിഞ്ഞ് പോയ ഹരിയെയും കിരണിനെയുമൊക്കെ അങ്ങയുടെ ഷട്ടിൽ കളി കഴിഞ്ഞു വന്ന് രാത്രി എട്ടിന് ആബ്സന്റ് എഴുതി രസിക്കുന്നു. കേസെഴുതുന്നവനോട് ജില്ലാ സെക്രട്ടറിക്ക് ഇഷ്ടപ്പെടില്ലെഞ്ഞ് പറഞ്ഞ് കയർക്കുന്നു. അന്തസുള്ള പൊലീസുകാരന്റെ വായിൽ നിന്ന് ചുട്ടമറുപടി കിട്ടുമ്പോൾ അതിന്റെ കലിപ്പ് പാവപ്പെട്ട പൊലീസുകാരനെ തെറിവിളിച്ച് തീർക്കുന്നു. 12 മണിക്കൂർ ജിഡി ഡ്യൂട്ടി 30 മണിക്കൂറാക്കി രസിക്കുന്നു. പ്രമുഖ സിനിമാതാരത്തിന്റെ ഉദ്ഘാടന പരിപാടിക്ക് പൊലീസുകാരെ വിറ്റ് കാശാക്കുന്നു. കോടീശ്വരനായ സുഹൃത്ത് അങ്ങയുടെ തണലിൽ സ്റ്റേഷനിൽ പൊലീസുകാരന്റെ മേശപ്പുറത്ത് കയറിയിരുന്ന് ഉത്തരവുകളിടുന്നു.

ശിങ്കിടിയെ വകവയ്ക്കാത്തവരെ അങ്ങ് നെട്ടോട്ടമോടിക്കുന്നു. അങ്ങയുടെ സ്റ്റേഷനിലെ പൊലീസുകാർ ഗതികെട്ട് വോളണ്ടറി റിട്ടയർമെന്റിന് അപേക്ഷ കൊടുക്കുന്നു. കാണാതായ പൊലീസുകാരനെ ആത്മഹത്യാ മുനമ്പിലൽ നിന്ന് സഹപ്രവർത്തകർ കണ്ടെടുത്തതുകൊണ്ട് മാത്രം അയാൾ ജീവിച്ചിരിക്കുന്നു. ആത്മഹത്യ ചെയ്യാതിരിക്കാൻ വേണ്ടി മാത്രം പൊലീസുകാർ അവധിയിൽ പോകുന്നു. ഇങ്ങനെയാണ് ഉമേഷ് മറുപടി അവസാനിപ്പിക്കുന്നത്.