- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സമരം തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍; അടിസ്ഥാന ശമ്പള ആവശ്യത്തില്‍ മുഖം തിരിച്ച് വന്‍കിട ആശുപത്രി മാനേജമെന്റുമാരുടെ തിട്ടൂരം; നഴ്സുമാരുടെ ആവശ്യം അംഗീകരിച്ച് പരുമല ആശുപത്രി, ശമ്പള വര്‍ധനവ് നടപ്പാക്കും; മാനേജ്മെന്റ് കമ്മിറ്റി യോഗത്തില്‍ തീരുമാനം; നന്ദി അറിയിച്ചു ജാസ്മിന്‍ ഷാ
സമരം തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍

പത്തനംതിട്ട: ശമ്പളവര്‍ധന ആവശ്യപ്പെട്ടുള്ള നഴ്‌സുമാരുടെ സമരം തുടരുന്നു. സമരം കൊടുമ്പിരി കൊള്ളുമ്പോഴും ചില വന്‍കിട സ്വകാര്യ ആശുപത്രികള്‍ തിട്ടൂരം തുടുകയാണ്. ഇതിനിടെ സമരക്കാരുടെ ന്യായമായ ആവശ്യം അംഗീകരിച്ചു കൊണ്ട് ചില ആശുപത്രികള്‍ രംഗത്തുണ്ട് താനും. അടിസ്ഥാന ശമ്പളം 40000 രൂപയാക്കണമെന്ന നഴ്‌സുമാരുടെ ആവശ്യം അംഗീകരിച്ച് പരുമല ആശുപത്രി രംഗത്തെത്തിയതാണ് ശ്രദ്ദേയം.
പരിശുദ്ധ കാതോലിക്കാ ബാവായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരുമല ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായിരിക്കുന്നത്. നഴ്സുമാരുടെ ശമ്പള വര്‍ധനവ് സംബന്ധിച്ച ധാരണാപത്രം ആശുപത്രി സിഇഒ ഫാദര്‍ എം സി പൗലോസ് സീനിയര്‍ നഴ്‌സിംഗ് സ്റ്റാഫ് പ്രതിനിധികളായ സുജിത്ത് കെ ജോര്‍ജ്, സാം കെ മാത്യു എന്നിവര്‍ക്ക് കൈമാറി.
അടിസ്ഥാന ശമ്പളം 40000 രൂപയാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ യുഎന്‍എയുടെ നേതൃത്വത്തില്‍ സമരത്തിലാണ്. അതേസമയം, സമരത്തെതുടര്‍ന്ന് ആശുപത്രിയിലെ സേവനങ്ങള്‍ മുടങ്ങരുതെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആവശ്യം അംഗീകരിക്കുന്നതുവരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് യുഎന്‍എ നിലപാട്. ആസ്മ രോഗികളെ നോക്കുന്നവരെ എസ്മ എന്നു പറഞ്ഞു പേടിപ്പിക്കരുതെന്നും രോഗികളുടെ ജീവന്‍ വെച്ചു പന്താടുന്നത് ആശുപത്രി മാനേജ്‌മെന്റുകളാണെന്നും യുഎന്‍എ വ്യക്തമാക്കി. ശമ്പള വര്‍ധനയില്‍ യുഎന്‍എയുമായി ധാരണയില്‍ എത്താത്ത എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ ആശുപത്രികളിലാണ് ശക്തമായ സമരം.
സമരക്കാരോട് അനുഭാവപൂര്‍വ്വമായ നിലപാട് സ്വീകരിച്ച ആശുപത്രി അധികൃതര്‍ക്ക് നന്ദി അറിയിച്ചു യുഎന്‍എ ദേശീയ അധ്യക്ഷന്‍ ജാസ്മിന്‍ ഷായും രംഗത്തുവന്നു. നന്ദി ബാവാ തിരുമേനി... ഞങ്ങളെ ചേര്‍ത്ത് പിടിച്ചതിന്, മനുഷ്യത്വത്തിന്റെ ആള്‍രൂപമായതിന്... നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചതിന്... അങ്ങയുടെ കീഴിലുള്ള രണ്ട് ആശുപത്രികളിലും സ്‌നേഹത്തോടെ ആവശ്യങ്ങള്‍ അംഗീകരിച്ചതിന്... യുഎന്‍എ കുടുംബത്തിന്റെ ഹൃദയാഭിവാദ്യങ്ങള്‍.. ജാസ്മിന്‍ഷാ ഫേസ്ബുക്ക് പോസ്റ്റില്‍ കുറഇച്ചു.
അതേസമയം മറ്റു ജില്ലകളിലെ 200 ഓളം സ്വകാര്യ ആശുപത്രികളില്‍ കൂടുതല്‍ വേതനം നല്‍കാമെന്ന് ഉറപ്പു നല്‍കിയതോടെ സമരം പിന്‍വലിച്ചു. അടിസ്ഥാന ശമ്പളം വര്‍ധിപ്പിച്ച് കരാര്‍ ഒപ്പിടുന്ന ആശുപത്രികളിലെ സമരം അവസാനിപ്പിക്കും. മിനിമം വേതനം വര്‍ധിപ്പിച്ച കരട് വിജ്ഞാപനം നഴ്‌സുമാരുടെ സംഘടനയായ യുഎന്‍എ അംഗീകരിച്ചിരുന്നില്ല. സര്‍ക്കാര്‍ നിശ്ചയിച്ച വേതനത്തേക്കാള്‍ കൂടുതല്‍ തുക മാനേജ്‌മെന്റ് നല്‍കാമെന്ന് അറിയിച്ചതോടെയാണ് ആശുപത്രികള്‍ കേന്ദ്രീകരിച്ച് നടത്തിവന്ന സമരം പിന്‍വലിച്ചത്. സമരം തുടരുന്ന ആശുപത്രി മാനേജ്‌മെന്റുകളുമായി ഇന്ന് ചര്‍ച്ച തുടരും.
നഴ്‌സുമാരുടെ സമരം തുടരവേ ചില ആശുപത്രികളും വാര്‍ഡുകളിലുള്ള രോഗികളെ ഡിസ്ചാര്‍ജ് ചെയ്തു. കിടത്തിച്ചികിത്സയ്ക്കായി രോഗികളെ പ്രവേശിപ്പിക്കുന്നില്ല. അടിയന്തര ചികിത്സാവിഭാഗങ്ങള്‍ മാത്രമാണ് മിക്ക ആശുപത്രികളിലും പ്രവര്‍ത്തിക്കുന്നത്. അവിടെയും ഏതാനും നഴ്‌സുമാര്‍മാത്രമാണ് ഡ്യൂട്ടിക്കുള്ളത്. ആശുപത്രികളില്‍ ഒ.പി. തടസ്സമില്ലാതെ പ്രവര്‍ത്തിച്ചെങ്കിലും ചികിത്സയ്ക്കെത്തിയവര്‍ കുറവായിരുന്നു. നഴ്‌സുമാര്‍ ചെയ്തിരുന്ന ചില സേവനങ്ങള്‍ ഡോക്ടര്‍മാര്‍തന്നെ ചെയ്യേണ്ട സാഹചര്യവും ഉണ്ടായി.
മിക്ക ആശുപത്രികളിലും ശസ്ത്രക്രിയകള്‍ മാറ്റിവെച്ചു. ഐ.സി.യു. സേവനത്തെപ്പോലും സമരം ബാധിച്ചതായി മേയ്ത്ര ആശുപത്രി അധികൃതര്‍ പറഞ്ഞു. ശസ്ത്രക്രിയ കഴിഞ്ഞുംമറ്റും ഐ.സി.യു.വിലുണ്ടായിരുന്ന രോഗികളില്‍ ഗുരുതര പ്രശ്നങ്ങളില്ലാത്തവരെയും ഡിസ്ചാര്‍ജ് ചെയ്തു. വിരലിലെണ്ണാവുന്ന നഴ്‌സുമാര്‍മാത്രമാണ് ജോലിക്ക് ഹാജരായത്. ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ഐ.സി.യു. ഉള്‍പ്പെടെയുള്ള അവശ്യസേവനങ്ങള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. കാഷ്വാലിറ്റി പ്രവര്‍ത്തനം തടസ്സപ്പെട്ടനിലയിലാണ്. ഡോക്ടര്‍മാരും ഏതാനും നഴ്സിങ് സ്റ്റുഡന്റ്‌സും മാത്രമാണ് ഇവിടെയുള്ളത്.
അടിയന്തരവിഭാഗങ്ങള്‍ മാത്രമാണ് പ്രവര്‍ത്തിച്ചത്. ഒ.പി. തടസ്സമില്ലാതെ നടന്നു. ഗുരുതരപ്രശ്നങ്ങളില്ലാത്ത രോഗികളെയെല്ലാം ഡിസ്ചാര്‍ജ് ചെയ്തു. കീമോതെറാപ്പി ഉള്‍പ്പെടെ മുടങ്ങിയിരിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു. 450 പേരെ കിടത്തിച്ചികിത്സിക്കാന്‍ സൗകര്യമുള്ള ആശുപത്രിയില്‍ ഇപ്പോള്‍ 70 പേര്‍ മാത്രമാണുള്ളത്. ഇഖ്‌റ ആശുപത്രിയിലും എമര്‍ജന്‍സി, ക്രിട്ടിക്കല്‍ കെയര്‍, ലേബര്‍ റൂം തുടങ്ങിയ അടിയന്തരവിഭാഗങ്ങള്‍ മാത്രമാണ് പ്രവര്‍ത്തിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.
ശമ്പളവര്‍ധനയാവശ്യപ്പെട്ട് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ (യു.എന്‍.എ.) നേതൃത്വത്തില്‍ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ നടത്തുന്ന അനിശ്ചിതകാലസമരം തുടരുന്നു. സിവില്‍സ്റ്റേഷനുമുന്‍പില്‍ ഇന്നലെ രാവിലെമുതല്‍ വൈകീട്ടുവരെയാണ് സമരം നടന്നത്. നഴ്‌സുമാര്‍ ഏറെയും സമരത്തിനിറങ്ങിയതോടെ പല സ്വകാര്യ ആശുപത്രികളിലും സേവനങ്ങള്‍ മുടങ്ങി. അടിസ്ഥാനശമ്പളം 40,000 രൂപയാക്കണമെന്നാണ് ആവശ്യം. നിലവില്‍ 22,400 രൂപയാണ് നഴ്‌സുമാരുടെ അടിസ്ഥാനശമ്പളം.
സമരത്തെ പിന്തുണച്ചതിന്റെ പേരില്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് പിരിച്ചുവിട്ടവരെ തിരിച്ചെടുക്കില്ലെന്നാണ് മാനേജ്‌മെന്റിന്റെ നിലവിലെ തീരുമാനം. ആശുപത്രിക്കെതിരായി നഴ്‌സുമാര്‍ 'സ്‌പൈ വര്‍ക്ക്' നടത്തിയെന്നാണ് അവര്‍ നടത്തുന്ന ആരോപണം. 17 രോഗികള്‍ക്ക് ഒരു നഴ്‌സ് എന്ന കണക്കിന് പരിചരിച്ചുകൊണ്ടിരുന്നപ്പോഴാണ് മുന്നറിയിപ്പൊന്നുമില്ലാതെ പിരിച്ചുവിട്ടതെന്നും നഴ്‌സുമാരോടുമാത്രമല്ല രോഗികളോടും മാനേജ്‌മെന്റ് ഉത്തരവാദിത്വം കാണിക്കുന്നില്ലെന്നും നഴ്‌സുമാര്‍ പറഞ്ഞു.
നിലവില്‍ ആശുപത്രിയില്‍ ജോലിചെയ്തുകൊണ്ടിരിക്കുന്ന നഴ്‌സുമാരെ ജോലിസമ്മര്‍ദം കൂട്ടി പീഡിപ്പിക്കുകയാണെന്നും കുറ്റപ്പെടുത്തി. ഹോസ്റ്റലില്‍നിന്ന് പുറത്താക്കിയവരെ തിരിച്ചുകയറ്റിയെങ്കിലും ചൊവ്വാഴ്ച രാവിലെമുതല്‍ ഭക്ഷണം നല്‍കിയില്ലെന്ന് യു.എന്‍.എ. കാലിക്കറ്റ് യൂണിറ്റ് ട്രഷറര്‍ നീനു അറിയിച്ചു. മാനേജ്‌മെന്റ് ഭക്ഷണമുണ്ടാക്കേണ്ടെന്നു പറഞ്ഞെന്നാണ് വിവരം. വിഷയം ചര്‍ച്ചചെയ്യാനും തീരുമാനമായിട്ടില്ല. അവകാശപ്പെട്ട നീതി നേടിയെടുത്തശേഷംമാത്രമേ തിരിച്ച് ജോലിക്ക് കയറൂ എന്ന് നഴ്‌സുമാര്‍ അറിയിച്ചു.


