കൊല്ലം: ഭൂമിയുടെ മൂല്യം കുറച്ചു കാണിച്ച് ആധാരം രജിസ്റ്റര്‍ ചെയ്ത അണ്ടര്‍വാലുവേഷന്‍ കേസുകളുടെ തീര്‍പ്പാക്കലിനായി കേരള സര്‍ക്കാര്‍ പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നു. 1986 മുതല്‍ 2017 മാര്‍ച്ച് വരെ റിപ്പോര്‍ട്ട് ചെയ്ത ഇതുപോലെയുള്ള കേസുകള്‍ വേഗത്തില്‍ പരിഹരിക്കുന്നതിനായി സെറ്റില്‍മെന്റ് കമ്മിഷനുകള്‍ എല്ലാ ജില്ലകളിലും രൂപീകരിക്കും. ഓരോ ജില്ലയിലും ജില്ലാ രജിസ്ട്രാര്‍ നേതൃത്വം നല്‍കും. ജനറല്‍, ഓഡിറ്റ് ജില്ലകളില്‍ സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ ഒരോ ഉദ്യോഗസ്ഥനും പകുതിയായി മേല്‍നോട്ടം വഹിക്കും.

ഓരോ കേസിന്റെയും അര്‍ഹത അനുസരിച്ച്, മുദ്രവില കുടിശ്ശികയില്‍ പരമാവധി 60 ശതമാനംവരെയും രജിസ്ട്രേഷന്‍ ഫീസ് കുടിശ്ശികയില്‍ പരമാവധി 75 ശതമാനംവരെയും ഇളവ് നല്‍കും. ഒരുമാസത്തിനുള്ളില്‍ തുക അടയ്ക്കാന്‍ നിര്‍ദേശിച്ചുകൊണ്ട് കമ്മിഷന്‍ എല്ലാ കുടിശ്ശികക്കാര്‍ക്കും നോട്ടീസ് നല്‍കും. കുടിശ്ശിക വരുത്തിയയാള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ പ്രതികരിക്കാതിരിക്കുകയോ നോട്ടീസ് മടങ്ങുകയോ ചെയ്താല്‍ റവന്യു റിക്കവറി നടപടിയിലേക്ക് പോര്‍ട്ടല്‍ മുഖേനേ റഫര്‍ ചെയ്യും. ബന്ധപ്പെട്ട രജിസ്ട്രേഷന്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍, അതത് സോണുകള്‍ക്കുള്ളിലെ കേസ് തീര്‍പ്പാക്കലിന്റെയും റവന്യു റിക്കവറി നടപടികളുടെയും പുരോഗതിയുടെ മേല്‍നോട്ടം വഹിക്കും.

1986 മുതലുള്ള അണ്ടര്‍വാല്വേഷന്‍ കേസുകള്‍ പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ 2018-ല്‍ സമഗ്ര കോമ്പൗണ്ടിങ് പദ്ധതി അവതരിപ്പിച്ചിരുന്നു. കുറവുള്ള മുദ്രവിലയുടെ 30 ശതമാനം അടച്ചു തീര്‍പ്പാക്കാനുള്ള ഈ പദ്ധതി ഒന്നിലധികം തവണ നീട്ടിയെങ്കിലും ലക്ഷ്യം കൈവരിച്ചില്ല. തുടര്‍ന്ന് 2023-24 സാമ്പത്തികവര്‍ഷംമുതല്‍ പദ്ധതി നിര്‍ത്തലാക്കി.

കഴിഞ്ഞ സാമ്പത്തികവര്‍ഷംവരെ 2.58 ലക്ഷം ഭൂവുടമകള്‍ക്കാണ് നോട്ടീസ് നല്‍കിയത്. ഇതനുസരിച്ച് 790 കോടി രൂപയുടെ പിഴയാണ് അടയ്‌ക്കേണ്ടിയിരുന്നത്. സെറ്റില്‍മെന്റ് സെല്ലിന്റെ പ്രവര്‍ത്തനത്തിന് ജീവനക്കാരുടെ കുറവുണ്ടെങ്കില്‍ ഓരോ ജില്ലയിലും ജീവനക്കാരെ വിന്യസിക്കുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്.