ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡിലേക്കുള്ള നടപടികൾ കേന്ദ്രസർക്കാർ ഊർജ്ജിതമാക്കവേ ഏക സിവിൽ കോഡ് സംബന്ധിച്ച് പൊതുജനാഭിപ്രായം തേടിയ നിയമ കമ്മീഷന് ലഭിക്കുന്നത് മികച്ച പ്രതികരണങ്ങൾ. നിയമ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ഋതുരാജ് അശ്വതിയാണ് വളരെ മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നതെന്ന് വ്യക്തമാക്കിയത്. ചൊവ്വാഴ്ച വരെ 8.5 ലക്ഷത്തോളം അഭിപ്രായങ്ങളാണ് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ജൂൺ 14-നാണ് ഏക സിവിൽ കോഡ് സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്നും മത സംഘടനകളിൽ നിന്നും അഭിപ്രായം ആരാഞ്ഞ് നിയമ കമ്മീഷൻ ഉത്തരവിറക്കിയത്.

അതിന് ശേഷമുള്ള രണ്ടാഴ്ച കാലയളവിലാണ് ഇത്രയും അഭിപ്രായങ്ങൾ കമ്മീഷന് ലഭിച്ചിരിക്കുന്നത്. ഏക സിവിൽ കോഡ് ഒരു പുതിയ പ്രശ്നമല്ല, 2016-ൽ മുതൽ ഇതിനുള്ള നിർദ്ദേശം ലഭിച്ചിട്ടുണ്ടെന്നും ജസ്റ്റിസ് ഋതുരാജ് അശ്വതി പറഞ്ഞു. വിവിധ സംഘടനകളുമായും മറ്റുള്ളവരുമായും വിപുലമായ കൂടിയാലോചനകൾ നടത്തുമെന്നും നിയമ കമ്മീഷൻ വ്യക്തമാക്കി.

പൊതുജനങ്ങൾക്കും മത സംഘടനകൾക്കും ഏക സിവിൽ കോഡ് സംബന്ധിച്ച് അഭിപ്രായം അറിയിക്കാൻ 30 ദിവസത്തെ സമയമാണ് നിയമ കമ്മീഷൻ നൽകിയിരിക്കുന്നത്. അടുത്ത പാർലമെന്റ് സമ്മേളനത്തിൽ ഏക സിവിൽ കോഡ് ബിൽ കൊണ്ടുവരാൻ ബിജെപി നീക്കം നടത്തിവരുന്നതിന്റെ സൂചനകൾക്കിടെയായിരുന്നു നിയമ കമ്മീഷന്റെ നടപടി. ഇതിനിടെ കഴിഞ്ഞ ദിവസം മധ്യപ്രദേശിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവന ഏക സിവിൽ കോഡ് നടപ്പാക്കുന്നതിന്റെ മുന്നോടിയായിട്ടാണെന്ന അഭ്യൂഹവും ഉയർന്നിട്ടുണ്ട്.

ഡിസംബറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിൽ ബിജെപി. പ്രവർത്തകരെ അഭിസംബോധനചെയ്തായിരുന്നു മോദിയുടെ പരാമർശങ്ങൾ. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം, മുത്തലാഖ് നിരോധനം, ജമ്മുകശ്മീരിന് പ്രത്യേകപദവി നൽകുന്ന 370-ാം അനുച്ഛേദം പിൻവലിക്കൽ എന്നീ നടപടികൾക്കുശേഷം ബിജെപി.യുടെ അജൻഡയിലെ അടുത്ത ഇനമാണ് പൊതുവ്യക്തിനിയമം. ജൂലായ് അവസാനവാരം ആരംഭിക്കുന്ന പാർലമെന്റിന്റെ ശീതകാലസമ്മേളനത്തിൽ ഇത് നടപ്പാക്കുന്നതിനായി ബിൽ അവതരിപ്പിക്കുമെന്നാണ് ബിജെപി. കേന്ദ്രങ്ങൾ നൽകുന്ന സൂചന.

അതേസമയം ഏകീകൃത സിവിൽ കോഡിനെ ശക്തമായി എതിർക്കാൻ മുസ്ലിം വ്യക്തി നിയമബോർഡും തീരുമാനിച്ചിട്ടുണ്ട്. ഏകീകൃത സിവിൽ കോഡിനെ അനുകൂലിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ചതിന് തൊട്ട് പിന്നാലെ മുസ്ലിം വ്യക്തി നിയമ ബോർഡ് അടിയന്തിര യോഗം ചേർന്നു. ഈ യോഗത്തിൽ ആണ് നിർദിഷ്ട നിയമത്തെ ശക്തമായി എതിർക്കാൻ തീരുമാനമായത്.

ഓൺലൈൻ ആയി ചേർന്ന യോഗത്തിലാണ് ഏകീകൃത സിവിൽ കോഡിനെ ശക്തമായി എതിർക്കാൻ മുസ്ലിം വ്യക്തി നിയമ ബോർഡ് തീരുമാനിച്ചത്. എതിർപ്പ് വ്യക്തമാക്കി നിയമ കമ്മീഷന് കൈമാറാനുള്ള രേഖ ബോർഡ് തയ്യാറാക്കി. എന്തുകൊണ്ടാണ് എതിർപ്പ് എന്നത് സംബന്ധിച്ച് കമ്മിഷന് കൈമാറുന്ന രേഖയിൽ വിശദീകരിക്കും. ജൂലൈ 14-നകം അഭിപ്രായം അറിയിക്കാനാണ് നിയമ കമ്മിഷൻ നിർദേശിച്ചിരിക്കുന്നത്.

അതിനിടെ ഏകീകൃത സിവിൽ കോഡിനെ അനുകൂലിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരേ മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം രംഗത്ത്. ഒരേ കുടുംബത്തിലെ രണ്ടുപേർക്ക് വ്യത്യസ്ത നിയമങ്ങൾ എങ്ങനെ പ്രയോഗികമാകുമെന്നും രണ്ട് നിയമങ്ങളുമായി ഒരു രാജ്യത്തിന് എങ്ങനെ മുന്നോട്ട് പോകാൻ കഴിയുമെന്നും പ്രധാനമന്ത്രി ചോദിച്ചിരുന്നു. എന്നാൽ 'കുടുംബവും രാജ്യവും ഒന്ന് പോലെയല്ല' എന്ന് ചിദംബരം ചൂണ്ടിക്കാട്ടി. രക്തബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ് കുടുംബങ്ങൾ നിലനിൽക്കുന്നതെങ്കിൽ, ഭരണഘടനയാണ് രാജ്യത്തെ ഒരുമിപ്പിക്കുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

'വിലക്കയറ്റം, തൊഴിൽ ഇല്ലായ്മ, വിദ്വേഷ കുറ്റകൃത്യങ്ങൾ എന്നിവയിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഏകീകൃത സിവിൽ കോഡ് ചർച്ചാ വിഷയമാക്കുന്നത്. ഭരണത്തിൽ പരാജയപ്പെട്ട ബിജെപി. ധ്രുവീകരണം ഉണ്ടാക്കി തിരഞ്ഞെടുപ്പിൽ വിജയിക്കാനാണ് ശ്രമിക്കുന്നത്'- ചിദംബരം കുറ്റപ്പെടുത്തി.