- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുസ്ലിം ലീഗിന്റെ നേതൃത്വത്തിലുള്ള ഏക സിവിൽകോഡ് സെമിനാറിൽ പങ്കെടുക്കാൻ സിപിഎം; ജമാ അത്തെ ഇസ്ലാമിയുമായി വേദി പങ്കിടുന്നതും തടസ്സമല്ല; ജനങ്ങളെ വിഭജിക്കാനുള്ള നീക്കത്തിനെതിരായ ഏത് പരിപാടിയിലും പങ്കെടുക്കുമെന്ന് വിശദീകരണം; ലക്ഷ്യമിടുന്നത്, മുസ്ലിംസമുദായത്തിൽ ഇടതുപക്ഷത്തിന് സ്വീകാര്യത വർധിപ്പിക്കാൻ
തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരെ മുസ്ലിം കോ ഓർഡിനേഷൻ കമ്മിറ്റി കോഴിക്കോട് സംഘടിപ്പിക്കുന്ന സെമിനാറിൽ സിപിഎം പങ്കെടുക്കും. തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ഏക സിവിൽകോഡ് വിഷയത്തിൽ രാഷ്ട്രീയചർച്ച ഉയർത്തിക്കൊണ്ടുവരാനും മുസ്ലിംസമുദായത്തിലടക്കം ഇടതുപക്ഷത്തിന് സ്വീകാര്യതയുണ്ടാക്കാനും ലക്ഷ്യമിട്ടാണ് സിപിഎം നേതൃത്വത്തിന്റെ നീക്കം. ജനങ്ങളെ വിഭജിക്കാനുള്ള നീക്കത്തിനെതിരായ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് സിപിഎം നേതൃത്വം വിശദീകരിക്കുന്നത്.
ഈ മാസം 26ാതീയതിയാണ് സെമിനാർ സംഘടിപ്പിക്കുന്നത്. സെമിനാറിൽ പങ്കെടുക്കണമെന്ന് കാട്ടി സിപിഎം അടക്കമുള്ള പാർട്ടികൾക്ക് മുസ്ലിം കോ ഓർഡിനേഷൻ കമ്മിറ്റി ക്ഷണക്കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സെമിനാറിൽ പങ്കെടുക്കാനുള്ള സിപിഎം നേതൃത്വത്തിന്റെ തീരുമാനം.
ദിവസങ്ങൾക്ക് മുൻപ് സിപിഎം സംഘടിപ്പിച്ച ദേശീയ സെമിനാറിൽ ലീഗിനെ ക്ഷണിച്ചത് വലിയ വിവാദമായിരുന്നു. അവസാന നിമിഷം പരിപാടിയിൽ പങ്കെടുക്കില്ലെന്ന നിലപാട് ലീഗ് വ്യക്തമാക്കിയതോടെ സിപിഎം നേതൃത്വത്തിന് തിരിച്ചടിയേറ്റിരുന്നു. യുഡിഎഫിന്റെ ഭാഗമായി നിൽക്കുന്ന പശ്ചാത്തലത്തിൽ പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കില്ലെന്നായിരുന്നു ലീഗ് നേതൃത്വത്തിന്റെ വിശദീകരണം.
ഇതിന് പിന്നാലെ ഏക സിവിൽ കോഡിനെതിരെ ആര് പരിപാടി സംഘടിപ്പിച്ചാലും സിപിഎം പങ്കെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നിലപാട് വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുസ്ലിം കോ ഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കാൻ സിപിഎം നേതൃത്വം തീരുമാനമെടുത്തത്.
സെമിനാറിലേക്ക് ജമാ അത്തെ ഇസ്ലാമിയെ അടക്കം ക്ഷണിച്ചിട്ടുണ്ട്. ജമാ അത്തെ ഇസ്ലാമി ഭാഗമാണ് എന്നത് സെമിനാറിൽ പങ്കെടുക്കാൻ തടസ്സമല്ല എന്നാണ് സിപിഎം നിലപാട്. ഏക സിവിൽ കോഡ് പ്രശ്നത്തിലും ജമാ അത്തെയുമായി വേദി പങ്കിടില്ലെന്നായിരുന്നു സിപിഎമ്മിന്റെ മുൻ നിലപാട്. ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ തന്നെയാണ് മുസ്ലിം കോ ഓർഡിനേഷൻ കമ്മിറ്റിയുടേയും ചെയർപേഴ്സൺ.
നേരത്തെ മുസ്ലിം കോർഡിനേഷൻ കമ്മിറ്റി കോഴിക്കോട്ട് സംഘടിപ്പിക്കുന്ന ഏക സിവിൽ കോഡ് സെമിനാറിൽ സിപിഎമ്മിനെ ക്ഷണിച്ചതായി മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം വ്യക്തമാക്കിയിരുന്നു. എല്ലാ മത സംഘടനകളും സെമിനാറിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിനേയും ജമാഅത്തെ ഇസ്ലാമി ഉൾപ്പടെ എല്ലാ മത സംഘടനകളേയും ക്ഷണിച്ചിട്ടുണ്ട്. സെമിനാർ രാഷ്ട്രീയ പാർട്ടികളുടേത് അല്ലെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. മുസ്ലിം കോർഡിനേഷൻ കമ്മിറ്റിക്ക് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് അധ്യക്ഷത വഹിക്കുന്നത്.
ഏക സിവിൽകോഡ് വിഷയം സംബന്ധിച്ച രാഷ്ട്രീയ ചർച്ചകൾ കേരളത്തിൽ ഉയർന്നതിന് തൊട്ടുപിന്നാലെ സെമിനാർ സംഘടിപ്പിച്ച് നിലപാട് വ്യക്തമാക്കിയത് സിപിഎമ്മിന് നേട്ടമായിരുന്നു. കോൺഗ്രസ് അടക്കം പ്രമുഖ രാഷ്ട്രീയ പാർട്ടികൾ നിലപാടുകൾ വിശദീകരിക്കുന്നതിന് ഒരു മുഴം മുമ്പെ വിഷയം ചർച്ചയാക്കാനായിരുന്നു സിപിഎം നീക്കം.
മുസ്ലിംസമുദായത്തിലടക്കം ഇടതുപക്ഷത്തിന് സ്വീകാര്യതയുണ്ടാക്കാൻ പാർട്ടി നടത്തിയ സെമിനാറിന് കഴിഞ്ഞെന്ന് സിപിഎം വിലയിരുത്തിയിരുന്നു. ഈ സാഹചര്യത്തിൽ വിവിധ മുസ്ലിം സംഘടനകൾ പങ്കെടുക്കുന്ന ലീഗ് സെമിനാറും പ്രയോജനപ്പെടുത്താനാണ് സിപിഎം ലക്ഷ്യമിടുന്നത്.
മറുനാടന് മലയാളി ബ്യൂറോ