ആലപ്പുഴ: സിറോ മലബാർസഭയുടെ മെത്രാന്മാർ തന്നെ സിനഡ് തീരുമാനങ്ങളോടുള്ള അതൃപ്തി വ്യക്തമാക്കി തുടരെ പരസ്യമായി പ്രതികരിക്കുന്നത് അപൂർവം. അതിനിടെ എറണാകുളം-അങ്കമാലി അതിരൂപതയുടെ ആസ്ഥാനദേവാലയമായ സെയ്ന്റ് മേരീസ് ബസലിക്ക തുറക്കുന്നതിന് ഇടപെടണമെന്നാവശ്യപ്പെട്ട് വൈദികർ മന്ത്രി പി. രാജീവിനെ കാണുമെന്നറിയുന്നു. ബസലിക്ക പൂട്ടിയതു വിശ്വാസികളെയും വൈദികരെയും സംബന്ധിച്ച് ഏറെ വൈകാരികമായ വിഷയമാണെന്ന് സർക്കാരിനെ അറിയിക്കും.

സിനഡിനെ അംഗീകരിക്കാത്തത് വലിയ പ്രതിസന്ധിയാണ്. തുടർച്ചയായി മൂന്നു സംഭവങ്ങളാണ് ഉണ്ടായിരിക്കുന്നത്. കുർബാന ഏകീകരിക്കാനുള്ള തീരുമാനം ഏകകണ്ഠമായിരുന്നില്ലെന്നു വ്യക്തമാക്കി ഈവർഷം ജനുവരിയിൽ ആറു മുൻ മെത്രാന്മാർ വത്തിക്കാന് കത്തയച്ചിരുന്നു. സാധാരണ സിനഡിന്റെ തീരുമാനത്തെ എല്ലാവരും അംഗീകരിക്കും. എന്നാൽ കർദിനാൾ കൂടിയായ മാർ ആലഞ്ചേരിയുടെ തീരുമാനമെന്ന് കുറ്റപ്പെടുത്തി ഇപ്പോൾ എറണാകുളം-അങ്കമാലി അതിരൂപത തീരുമാനങ്ങളെ എതിർക്കുന്നു. ഏകീകൃത കുർബാനയിലെ യഥാർത്ഥ വിഷയം സഭയിലെ തെക്കന്മാരും വടക്കന്മാരും തമ്മിലെ ഭിന്നതയാണ്.

കുർബാന ഏകീകരണത്തിലെ തീരുമാനം ഏകസ്വരത്തിലാണെന്നുവരുത്താൻ ശ്രമം നടക്കുന്നുവെന്നായിരുന്നു കത്തിലെ പരാമർശം. 1999-നുശേഷം സഭയുടെ ഒരുതലത്തിലും വിഷയം ചർച്ച ചെയ്തിരുന്നില്ലെന്നായിരുന്നു ആരോപണം. മാർ ജേക്കബ്ബ് തൂങ്കുഴി, ഗ്രേഷ്യൻ മുണ്ടാടൻ, ഗ്രിഗറി കരോട്ടെംപ്രൽ, വിജയ് ആനന്ദ് നെടുംപുറം, ഡൊമിനിക് കോക്കാട്ട്, തോമസ് ചക്യത്ത് എന്നിവരാണു കത്തയച്ചത്. ചില മെത്രാന്മാർക്ക് ഏകീകരണം നടപ്പാക്കാൻ പിടിവാശിയായിരുന്നു. തീയതി മാത്രമേ ഇനി നിശ്ചയിക്കാനുള്ളൂവെന്ന രീതിയിലാണു മേജർ ആർച്ച്ബിഷപ്പ് പെരുമാറിയത് - അവർ കുറ്റപ്പെടുത്തി.

അതിരൂപതയുടെ ആർച്ച്ബിഷപ്പ് സ്ഥാനം രാജിവെക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്നു കാണിച്ച് ആന്റണി കരിയിൽ അതിരൂപതയിലെ വിശ്വാസികൾക്കായി കത്തയച്ചതാണു രണ്ടാമത്തെ സംഭവം. ക്രമസമാധാനപ്രശ്‌നം ഉണ്ടാകുമെന്നു സിനഡിൽ മുന്നറിയിപ്പു നൽകിയിട്ടും പ്രയോജനമുണ്ടായില്ലെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്. സമാനസാഹചര്യമാണ് ഒമ്പതു മെത്രാന്മാർ എഴുതിയ പുതിയ കത്തിലൂടെയും വ്യക്തമാകുന്നത്. ആദ്യസംഘത്തിലുണ്ടായിരുന്ന ഗ്രേഷ്യൻ മുണ്ടാടൻ, ഡൊമിനിക് കോക്കാട്ട്, തോമസ് ചക്യത്ത് എന്നിവർ പുതിയ സംഘത്തിലുമുണ്ട്. സഭാധ്യക്ഷനു മെത്രാന്മാർ അയച്ചകത്ത് മാധ്യമങ്ങളിലൂടെ പുറത്തുവന്നതിനെ സഭാനേതൃത്വം വിമർശിച്ചത് ഈ മെത്രാന്മാർക്കുള്ള മുന്നറിയിപ്പാണ്. വിട്ടുവീഴ്ചകൾക്കുള്ള സൂചനകൾ ഇരുപക്ഷത്തുമില്ല. ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. മാർ ആൻഡ്രൂസ് താഴത്തിന്റെ നിലപാടുകളോടു പൊതുവെ എതിർപ്പുള്ള മെത്രാന്മാർക്കിടയിൽ യോജിപ്പുണ്ടാകാൻ പുതിയ സംഭവങ്ങൾ കാരണമായെന്നാണു വിലയിരുത്തലും ഉയരുന്നു.

കുർബാന ഏകീകരണത്തെ ചൊല്ലി സിറോ മലബാർ സഭയിൽ കടുത്ത ഭിന്നത നിലനിൽക്കുന്നതിനിടെ പുതുക്കിയ രീതിയുമായി മുന്നോട്ട് പോവുമെന്ന പ്രഖ്യാപനത്തിലാണ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. എറണാകുളം സെന്റ് മേരീസ് കത്തിഡ്രലിന് പകരം സഭാ ആസ്ഥാനമായ സെന്റ് മൗണ്ടിൽ പരിഷ്‌കരിച്ച കുർബാന അർപ്പിക്കുമെന്ന് കർദ്ദിനാൾ വ്യക്തമാക്കിയിട്ടുണ്ട്. വിശ്വാസികൾക്ക് തത്സമയം കാണാനായി യൂട്യൂബ് ചാനലിലൂടെ കുർബാന പ്രക്ഷേപണം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. ശക്തമായ പ്രതിഷേധവും ഒരു വിഭാഗം ഉയർത്തുന്നുണ്ട്. നിലവിലെ രീതി തുടരുമെന്ന് എറണാകുളം അങ്കമാലി അതിരൂപതയും ഇരിങ്ങാലക്കുട രൂപതയും വ്യക്തമാക്കി. തൃശ്ശൂർ അതിരൂപതയിൽ പ്രതിഷേധങ്ങൾക്കിടെ കഴിഞ്ഞ ദിവസങ്ങളിൽ സംഘർഷമുണ്ടായി. രൂപത അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്തിനെ തടഞ്ഞ് ഒരു വിഭാഗം വൈദികരും വിശ്വാസികളും പ്രതിഷേധിച്ചു. വലിയ തോതിലുള്ള പ്രതിഷേധമാണ് ഇവിടെ ഉയർന്നത്. നിലവിലെ കുർബാന തുടരണം എന്നാവശ്യപ്പെട്ട് ഒരു സംഘം വൈദികർ രൂപത അധ്യക്ഷനെ കാണാൻ എത്തിയത്. സിനഡ് തീരുമാനത്തിൽ അദ്ദേഹം ഉറച്ചു നിന്നതോടെ വൈദികർ പ്രതിഷേധിക്കുകയായിരുന്നു.

നേരത്തെ ജനാഭിമുഖ കുർബാന തുടരാൻ വത്തിക്കാൻ അനുമതി നൽകിയെന്ന് അവകാശപ്പെട്ട് എറണാകുളം അങ്കമാലി അതിരൂപത ബിഷപ്പ് രംഗത്തെത്തിയിരുന്നു. പുതിയ ആരാധനാ ക്രമം നിലവിൽ വരാനിരിക്കെയാണ് സഭാ നേതൃത്വത്തെ ആശയക്കുഴപ്പത്തിലാക്കി എറണാകുളം അങ്കമാലി ബിഷപ് സർക്കുലർ ഇറക്കിയത്. അതിരൂപതിയൽ ജനാഭിമുഖ കുർബാന തന്നെ തുടരാൻ വത്തിക്കാൻ ഇളവ് നൽകിയെന്നും പരിഷ്‌കരിച്ച കുർബാന നടത്തില്ലെന്നുമായിരുന്നു സർക്കുലർ. സിനഡ് തീരുമാനത്തിനെതിരായ ബിഷപ്പിന്റെ സർക്കുലർ സഭാ നേതൃത്വത്തെ അമ്പരിപ്പിച്ചു. തൊട്ട് പിന്നാലെ ഇങ്ങനെ ഒരു അറയിപ്പും തങ്ങൾക്കില്ലെന്നും പുതുക്കിയ കുർബാന സിറോ മലബാർ സഭയിൽ നടപ്പാക്കുമെന്നും കർദ്ദിനാളും അറയിച്ചു. ഇതോടെ പൗരസ്ത്യ തിരുസംഘം നൽകിയ കത്തിന്റെ പകർപ്പ് പുറത്ത് വിട്ട് ഒരു വിഭാഗം കർദിനാളിനെതിരായ മറുപടി നൽകി. മെത്രോപ്പാലിത്തൻ വികാരിക്ക് തന്നിൽ നിക്ഷ്പ്തമായി അധികാരം ഉപയോഗിച്ച് പുതുക്കിയ കുർബാന നടപ്പാക്കുന്നതിൽ നിന്ന് അതിരൂപതയക്ക് ഇളവ് നൽകാം എന്നാണ് പൗരസ്ത്യ തിരുസംഘം കത്തിലുള്ളത്.

സെയ്ന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക ഉടൻ തുറക്കില്ല

എറണാകുളം-അങ്കമാലി അതിരൂപതയുടെ ആസ്ഥാനദേവാലയമായ സെയ്ന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക ഉടൻ തുറക്കില്ല. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കി മാത്രം പള്ളി തുറന്നാൽ മതിയെന്ന് ജില്ലാ കളക്ടർ പൊലീസിന് നിർദ്ദേശം നൽകി. വിശ്വാസികളിൽ ഇരുവിഭാഗങ്ങളും ക്രമസമാധന പ്രശ്നങ്ങളൊന്നുമുണ്ടാകില്ലെന്ന് ഉറപ്പു തരുകയും ബോണ്ട് വെയ്ക്കുകയും ചെയ്യണമെന്നാണ് പൊലീസ് നിലപാട്.

അതിനിടെ പള്ളി തുറക്കണമെന്നാവശ്യപ്പെട്ട് ബസിലിക്ക കൂട്ടായ്മ മുഖ്യമന്ത്രിക്ക് പരാതി നൽകി. ബസിലിക്കയ്ക്ക് മുന്നിൽ സംയുക്ത സഭാ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ അഖണ്ഡ ജപമാല യജ്ഞവും നടന്നു. സെയ്ന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ കഴിഞ്ഞ ഞായറാഴ്ച കുർബാന അർപ്പിക്കാൻ എത്തിയ അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്റർ ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ ഒരുവിഭാഗം തടയുകയും കുർബാന അർപ്പിക്കാതെ ബിഷപ്പ് മടങ്ങുകയും ചെയ്തതോടെ സംഘർഷമുണ്ടായിരുന്നു. തർക്കം ഏറ്റമുട്ടലിന്റെ വക്കോളമെത്തിയതോടെ എല്ലാവരേയും ഒഴിപ്പിച്ച് കത്തീഡ്രൽ ബസിലിക്ക പൊലീസ് പൂട്ടി. സംഘർഷ സാധ്യത നിലനിൽക്കുന്നുണ്ടെന്നും ജില്ലാ ഭരണകേന്ദ്രം ബസിലിക്ക ഏറ്റെടുക്കണമെന്നും കാണിച്ച് പൊലീസ് കളക്ടർക്ക് റിപ്പോർട്ട് നകി. എന്നാൽ എ.ഡി.എം. നൽകിയ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് ബസിലിക്ക ഏറ്റെടുക്കേണ്ട സാഹചര്യമില്ലെന്ന തീരുമാനത്തിലെത്തിയത്.

ഇതിനു ശേഷമാണ് പള്ളി തുറക്കണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം കളക്ടർക്ക് നിവേദനം നൽകിയത്. എന്നാൽ, സ്ഥിതിഗതികൾ വിലയിരുത്തി അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം പള്ളി തുറന്നാൽ മതിയെന്നാണ് കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ എസ്. ശശിധരൻ നിർദ്ദേശം നൽകിയത്. ചർച്ചയ്ക്കായി ജില്ലാ ഭരണകൂടം മുൻകൈയെടുക്കാൻ നടപടിയെടുക്കണമെന്നാണ് ബസിലിക്ക കൂട്ടായ്മ മുഖ്യമന്ത്രിക്ക് സമർപ്പിച്ച പരാതിയിലുള്ളത്. സിറോ മലബാർ സഭാ പ്രതിനിധികൾ, എറണാകുളം രൂപത കൂരിയ അംഗങ്ങൾ, ബസിലിക്ക ഇടവകയിലെ ബസിലിക്ക കൂട്ടായ്മ എന്നിവരെ ചേർത്തു വേണം ചർച്ചയെന്ന് ബസിലിക്ക കൂട്ടായ്മ ജോയിന്റ് കൺവീനർ ജോൺ ജേക്കബ് നൽകിയ നിവേദനത്തിൽ പറയുന്നു.

കുർബാനവിവാദം

മൂന്നുതരം കുർബാനരീതികളാണ് സിറോ മലബാർ സഭയിലുള്ളത്.

1. ജനാഭിമുഖ കുർബാന: വൈദികൻ പൂർണമായും ജനങ്ങളെ അഭിമുഖീകരിച്ചു നിൽക്കുന്നു. എറണാകുളം, തൃശ്ശൂർ, ഇരിങ്ങാലക്കുട, പാലക്കാട്, മാനന്തവാടി, താമരശ്ശേരി രൂപതകളിൽ ഈ രീതിയാണ്.

2. അൾത്താരാഭിമുഖ കുർബാന: വൈദികൻ മുഴുവൻസമയവും അൾത്താരാഭിമുഖമായാണു നിൽക്കുക. ചങ്ങനാശ്ശേരി അതിരൂപതയിൽ സ്വീകരിച്ചിരിക്കുന്ന രീതി.

3. രണ്ടും തുല്യമായി ഉപയോഗിക്കുന്ന 50:50 ഫോർമുല: കോതമംഗലം, കാഞ്ഞിരപ്പള്ളി, പാലാ, ഇടുക്കി, തലശ്ശേരി രൂപതകളിലെ രീതി.

1999ലെ സിനഡാണ് ഏകീകരണ ഫോർമുലയായ 50:50 നിർദ്ദേശിച്ചത്. വിവിധ രൂപതകൾ ഇതിൽ ഇളവുവാങ്ങി നേരത്തേ ഉപയോഗിച്ചിരുന്ന രീതി തുടർന്നു. അടുത്തിടെ ചേർന്ന സിനഡ് 1999ലെ തീരുമാനം നടപ്പാക്കാൻ തീരുമാനിച്ചപ്പോഴാണു ജനാഭിമുഖ കുർബാന തുടരുന്ന സ്ഥലങ്ങളിൽനിന്ന് എതിർപ്പുണ്ടായത്.