തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഗോദയില്‍ ഭരണനേട്ടമായി എല്‍ഡിഎഫ് സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്ന ഒന്നാണ് 1,160 വിദ്യാര്‍ത്ഥികളുടെ വിദേശ പഠനം. 'ഉന്നതി' എന്ന പേരിലുള്ള ഈ സ്വപ്നപദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാന്‍ രാഷ്ട്രീയ നേതാക്കള്‍ ക്യൂ നില്‍ക്കുമ്പോള്‍, ഇതിന് പിന്നില്‍ ഒരു ഐഎഎസ് ഉദ്യോഗസ്ഥന്‍ അനുഭവിച്ച ക്രൂരമായ വേട്ടയാടലിന്റെയും പോരാട്ടത്തിന്റെയും കഥ ആരും പറയുന്നില്ല. അഴിമതി ലോബികളെ വെട്ടിനിരത്തി പാവപ്പെട്ട കുട്ടികള്‍ക്കായി വിദേശപഠനത്തിന്റെ വാതില്‍ തുറന്ന പ്രശാന്ത് എന്‍. ഐഎഎസ് ഇന്ന് സസ്പെന്‍ഷനില്‍ തുടരുമ്പോള്‍, അദ്ദേഹം നട്ട മരത്തിന്റെ ഫലം രാഷ്ട്രീയക്കാര്‍ കൊയ്‌തെടുക്കുകയാണ്.

ലോബികളെ വെട്ടി പ്രശാന്ത്; പക തീര്‍ത്ത് ഉന്നതര്‍!

ഈ വിപ്ലവകരമായ മാറ്റത്തിന് പഠനം നടത്തി, വിശദമായ പദ്ധതി തയ്യാറാക്കി ഉത്തരവിറക്കിയത് പ്രശാന്ത് എന്‍. ഐഎഎസ് ആണ്. പട്ടികജാതി പട്ടികവര്‍ഗ വകുപ്പിലെ സിസ്റ്റം അടിമുടി മാറ്റിമറിച്ച ഉത്തരവിറക്കിയത് പ്രശാന്താണ്. 2023 ഓഗസ്റ്റ് ഒന്നിലെ സര്‍ക്കാര്‍ ഉത്തരവ് പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും: വര്‍ഷങ്ങളായി ചില ഉന്നത ഉദ്യോഗസ്ഥരുടെയും വിദേശ റിക്രൂട്ട്മെന്റ് ലോബികളുടെയും കയ്യില്‍ ഇരുന്നിരുന്ന ഒരു സംവിധാനത്തെയാണ് പ്രശാന്ത് അടിമുടി ഉടച്ചുവാര്‍ത്തത്. പണമുള്ളവനും സ്വാധീനമുള്ളവനും മാത്രം വിദേശത്ത് പോയിരുന്ന കാലം അവസാനിപ്പിച്ച് അര്‍ഹരായ പാവപ്പെട്ട കുട്ടികള്‍ക്കായി വാതില്‍ തുറന്നു. അഡ്മിഷന്‍ മുതല്‍ വിസ വരെ ഒരു കുടക്കീഴില്‍ കൊണ്ടുവന്നതോടെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സുതാര്യമായി വിദേശത്ത് പോകാന്‍ വഴിയൊരുങ്ങി. നിയമസഹായവും മെഡിക്കല്‍ ഇന്‍ഷുറന്‍സും വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കി. ഇടനിലക്കാരായ സ്വകാര്യ കണ്‍സള്‍ട്ടന്‍സികളെ വെട്ടിമാറ്റി സര്‍ക്കാര്‍ ഏജന്‍സിയായ ഒഡെപെക്കിനെ (ODEPEC) ഈ ദൗത്യം ഏല്‍പ്പിച്ചു.

എന്നാല്‍, പദ്ധതിയിലെ സുതാര്യതയാണ് പ്രശാന്തിന് വിനയായത്. വിദേശ പഠനത്തിന്റെ പേരില്‍ കോടികള്‍ കൊള്ളയടിച്ചിരുന്ന സ്വകാര്യ കണ്‍സള്‍ട്ടന്‍സി ലോബികള്‍ക്ക് പ്രശാന്തിന്റെ പുതിയ പരിഷ്‌കാരം വന്‍ തിരിച്ചടിയായി. ഇവരുമായി അവിശുദ്ധ ബന്ധമുള്ള ചില ഉന്നത ഉദ്യോഗസ്ഥര്‍ വകുപ്പിനുള്ളില്‍ തന്നെ പ്രശാന്തിനെതിരെ പടയൊരുക്കം തുടങ്ങി.

മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായി കോടികളുടെ ഇടപാടുള്ള സ്വകാര്യ വിദേശ പഠന കണ്‍സള്‍ട്ടന്‍സി ആയിരുന്നു ഈ പദ്ധതിയെ തടയാന്‍ ആദ്യം മുന്നിട്ട് ഇറങ്ങിയത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖന്‍ ഈ സര്‍ക്കാര്‍ പ്രൊജക്ട് നടപ്പിലാക്കാന്‍ അനുവദിക്കില്ല എന്ന് പരസ്യമായി തന്നെ നിലപാടെടുത്തു.

ഫയലുകളില്‍ കുരുക്കി ശ്വാസം മുട്ടിച്ചു!

വിദേശ കണ്‍സള്‍ട്ടന്‍സി കമ്പനികളുമായി അടുത്ത ബന്ധം പുലര്‍ത്തിയ ഡോ. എ. ജയതിലക് ഐഎഎസ്, ഗോപാലകൃഷ്ണന്‍ ഐഎഎസ് എന്നിവരടങ്ങുന്ന ലോബി പ്രശാന്തിനെ ശ്വാസം മുട്ടിക്കാന്‍ തുടങ്ങിയെന്നാണ് തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫയലുകള്‍ വെച്ചുതാമസിപ്പിച്ചും, അനാവശ്യ ചോദ്യങ്ങള്‍ ഉന്നയിച്ചും ഈ സ്വപ്നപദ്ധതിയെ തകര്‍ക്കാന്‍ ഇവര്‍ ശ്രമിച്ചെങ്കിലും അന്നത്തെ മന്ത്രി കെ. രാധാകൃഷ്ണന്റെ പിന്തുണ പ്രശാന്തിന് കരുത്തായി. ഒടുവില്‍ പട്ടികജാതി സംഘടനകളും ചില ആക്ടിവിസ്റ്റുകളും ഹൈക്കോടതിയെ സമീപിക്കുമെന്നായപ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫീസ് സ്‌കോളഷിപ്പിനെ തടയുന്ന നിലപാടില്‍ നിന്ന് പിന്മാറിയത്. ലോബികള്‍ക്ക് മാസങ്ങളോളം വൈകിപ്പിക്കാനായെങ്കിലും പുതിയ സ്‌കീം നടപ്പിലാക്കുക തന്നെ ചെയ്തു.

നേട്ടം രാഷ്ട്രീയക്കാര്‍ക്ക്, ശിക്ഷ പ്രശാന്തിന്!

1,160 കുട്ടികളുടെ ജീവിതം മാറ്റിമറിച്ച പ്രശാന്ത് ഇന്ന് സസ്പെന്‍ഷന്റെ നിഴലിലാണ്. വിദേശ ലോബികള്‍ക്കും അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കും പ്രശാന്തിനെ എറിഞ്ഞുകൊടുത്ത സര്‍ക്കാര്‍, പദ്ധതിയുടെ ക്രെഡിറ്റ് മാത്രം പോക്കറ്റിലാക്കി വോട്ട് ചോദിക്കുകയാണ്. സിസ്റ്റം നന്നാക്കാന്‍ കഷ്ടപ്പെട്ടവന്‍ പുറത്തും, അതിന്റെ ഗുണം അനുഭവിക്കുന്ന രാഷ്ട്രീയക്കാര്‍ അകത്തുമെന്നത് കേരളത്തിന് തന്നെ നാണക്കേടാണ്. സെക്രട്ടേറിയറ്റിലെ ഇടത് അനുകൂല സംഘടനകള്‍ പോലും വാട്സാപ്പ് ഗ്രൂപ്പുകളില്‍ ഈ ഇരട്ടത്താപ്പിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

മറ്റുള്ളവര്‍ ചോര നീരാക്കി ഉണ്ടാക്കിയ പദ്ധതികളുടെ ക്രെഡിറ്റ് എടുക്കാന്‍ എല്‍ഡിഎഫ് അല്ലാതെ വേറെ ആരുണ്ട്? പ്രശാന്തിനെ പടിയടച്ച് പുറത്താക്കിയവര്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ കഠിനാധ്വാനത്തെ വോട്ടാക്കി മാറ്റാനുള്ള തിരക്കിലാണ്. പ്രശാന്ത് ഇന്നും സസ്‌പെന്‍ഷനില്‍ തുടരുന്നതിന്റെ പിന്നില്‍ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുമാണെന്ന ആരോപണവും ശക്തമാണ്.