- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'6 കൊല്ലം ശ്രമിച്ചിട്ടും എനിക്ക് പിഎച്ച്ഡി കിട്ടാത്തത് നിന്റെ ഐശ്വര്യക്കേട് കൊണ്ട്'; 25 ദിവസം മാത്രം കൂടെ താമസിച്ച് ഉപേക്ഷിച്ചു; അമ്മയെയും മകളെയും ആത്മഹത്യയിലേക്ക് തള്ളിവിട്ടത് ഉണ്ണിക്കൃഷ്ണന്റെ ക്രൂരത; വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചത് ഭാര്യയുടെ മരണം അറിഞ്ഞ ശേഷം; നടന്നത് ക്രൂര മാനസിക പീഡനം; ആ സയനൈഡ് വീട്ടിലെത്തിച്ചത് ഗ്രീമയുടെ അച്ഛന്‍

തിരുവനന്തപുരം: 'നീ വന്നതില്‍ പിന്നെ എന്റെ ജീവിതത്തില്‍ ഐശ്വര്യമില്ല, നിന്നെ എനിക്ക് വേണ്ട...' തിരുവനന്തപുരം കമലേശ്വരത്ത് അമ്മ സജിതയും മകള്‍ ഗ്രീമയും സയനൈഡ് കഴിച്ച് ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് ഉണ്ണിക്കൃഷ്ണന്റെ ക്രൂരമായ മാനസിക പീഡനത്തിന്റെ ഞെട്ടിക്കുന്ന കഥകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആറു വര്‍ഷം കിണഞ്ഞു പരിശ്രമിച്ചിട്ടും തനിക്ക് പിഎച്ച്ഡി പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ഭാര്യ ഗ്രീമയുടെ ഐശ്വര്യക്കുറവ് കൊണ്ടാണെന്ന് ഇയാള്‍ നിരന്തരം കുറ്റപ്പെടുത്തിയിരുന്നു. ഈ അപമാനഭാരവും അവഗണനയുമാണ് രണ്ട് ജീവനുകള്‍ കവര്‍ന്നതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
അയര്‍ലന്‍ഡില്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥിയായ ഉണ്ണിക്കൃഷ്ണന്‍ വിവാഹം കഴിഞ്ഞ് വെറും 25 ദിവസം മാത്രമാണ് ഗ്രീമയ്‌ക്കൊപ്പം താമസിച്ചത്. തുടര്‍ന്ന് 'ഐശ്വര്യമില്ല' എന്ന വിചിത്രമായ കാരണത്താല്‍ അവളെ ഉപേക്ഷിച്ചു. അടുത്തിടെ ഒരു ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ നാട്ടിലെത്തിയ ഇയാള്‍, അവിടെ വെച്ചും പരസ്യമായി ഗ്രീമയെയും അമ്മയെയും അധിക്ഷേപിച്ചു. തിരികെ പോകാനൊരുങ്ങിയ ഉണ്ണിക്കൃഷ്ണനോട് യാത്ര പറയാന്‍ ചെന്ന ഗ്രീമയെ ബന്ധുക്കളുടെ മുന്‍പില്‍ വെച്ച് ഇയാള്‍ ആട്ടിയകറ്റി. 'നീ ആരാണ്? നിന്നെ എനിക്ക് ഇനി വേണ്ട' എന്ന ഉണ്ണിക്കൃഷ്ണന്റെ വാക്കുകള്‍ കേട്ട് അമ്മ സജിത തളര്‍ന്നുവീണു. ഈ വാക്കുകള്‍ നല്‍കിയ മുറിവാണ് മരണത്തിലേക്ക് ഇരുവരെയും നയിച്ചതെന്നാണ് ബന്ധുക്കളുടെ മൊഴി.
ഗ്രീമയെ വിവാഹം കഴിച്ചു നല്‍കുമ്പോള്‍ 200 പവനിലധികം സ്വര്‍ണ്ണവും വസ്തുവും വീടും നല്‍കിയിരുന്നു. ഇതൊന്നും പക്ഷേ ഉണ്ണികൃഷ്ണന്‍ എടുത്തിട്ടില്ല. 25 ദിവസം മാത്രം കൂടെ താമസിച്ച് മകളെ ഉപേക്ഷിച്ചതിലെ അപമാനം താങ്ങാനാവില്ലെന്ന് സജിത ബന്ധുക്കള്‍ക്ക് അയച്ച വാട്‌സാപ്പ് സന്ദേശത്തില്‍ പറയുന്നു. ഭര്‍ത്താവ് രാജീവ് ഒരു മാസം മുന്‍പ് ഹൃദയാഘാതം മൂലം മരിച്ചതിന്റെ സങ്കടം മാറും മുന്‍പേയാണ് ഉണ്ണിക്കൃഷ്ണന്റെ പീഡനം ഈ കുടുംബത്തെ തകര്‍ത്തത്.
അമ്മയും മകളും ജീവനൊടുക്കാന്‍ ഉപയോഗിച്ച സയനൈഡ് എവിടെ നിന്ന് ലഭിച്ചു എന്നതില്‍ തുടക്കത്തില്‍ ദുരൂഹതയുണ്ടായിരുന്നു. എന്നാല്‍, ഗ്രീമയുടെ പിതാവ് രാജീവ് കൃഷിവകുപ്പില്‍ ജോലി ചെയ്തിരുന്നയാളാണ്. കൃഷി ആവശ്യങ്ങള്‍ക്കായി സയനൈഡ് അടക്കമുള്ള കെമിക്കലുകള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് അവിടെ സ്വാഭാവികമായിരുന്നുവെന്നും, അച്ഛന്‍ കൊണ്ടുവെച്ച വിഷം തന്നെയാണ് ഇരുവരും കഴിച്ചതെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.
ഇരുവരും മരിച്ചതിന് പിന്നാലെ ഉണ്ണിക്കൃഷ്ണന്‍ വിദേശത്തേക്ക് കടക്കാന്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച പോലീസ് കൃത്യസമയത്ത് ഇടപെട്ടു. കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തില്‍ വെച്ച് വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാളെ പോലീസ് പിടികൂടി. സജിത എഴുതിയ ആത്മഹത്യാ കുറിപ്പില്‍ ഉണ്ണിക്കൃഷ്ണന്റെ പേര് വ്യക്തമായി പരാമര്‍ശിച്ചിട്ടുണ്ട്. ഇയാളെ തിരുവനന്തപുരത്ത് എത്തിച്ച് വിശദമായി ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും.


