തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളി മോഷണം സ്ഥിരീകരിച്ചതോടെ ഉണ്ണികൃഷ്ണന്‍ പോറ്റി മുങ്ങി. പോലീസ് നിരീക്ഷണം ഉണ്ടായിട്ടും ഉണ്ണികൃഷ്ണന്‍ പോറ്റി തിരുവനന്തപുരത്ത് നിന്നും കടന്നത് ഞെട്ടലായിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍ തലസ്ഥാനത്തെ വീട്ടിലില്ലെന്നാണ് രഹസ്യാന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടെന്ന് മാതൃഭൂമിയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാനുള്ള തീരുമാനം വന്നപ്പോള്‍തന്നെ ഉണ്ണികൃഷ്ണന്‍ തലസ്ഥാനം വിട്ടിരുന്നുവെന്നാണ് സൂചന. ഇത് പോലീസ് സംവിധാനത്തിന് സംഭവിച്ച പിഴവാണ്. പാലക്കാട്ടെ ബന്ധുവീട്ടിലേക്കോ, ബെംഗളൂരുവിലെ വീട്ടിലേക്കോ പോയിരിക്കാമെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ രാജ്യം വിടാനും സാധ്യതയുണ്ട്. പോറ്റിക്കെതിരായ മണ്ണന്തലയിലെ കാര്‍ കത്തിക്കല്‍ കേസ് കേരളാ പോലീസ് എഴുതി തള്ളിയിരുന്നു. അത്രയു ബന്ധം പോലീസിനുള്ളില്‍ പോറ്റിക്കുണ്ട്.

ശബരിമലയില്‍ സ്വര്‍ണ്ണം കടത്തിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുകയാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ ദൗത്യം. ദേവസ്വം ബോര്‍ഡ് അധികൃതരില്‍ ആര്‍ക്കൊക്കെ മോഷണത്തില്‍ പങ്കുണ്ടെന്നതാണ് കണ്ടെത്തേണ്ടത്. ആറാഴ്ച മാത്രമാണ് സംഘത്തിന്റെ മുന്നിലുള്ളത്. അതുകൊണ്ട് തന്നെ സംഘത്തിന് ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചോദ്യം ചെയ്യേണ്ടതുണ്ട്. ഹൈക്കോടതി ഇടപെട്ട കേസായതിനാല്‍ എഫ് ഐ ആറില്‍ പ്രതിയായാല്‍ ജാമ്യം കിട്ടാനും സാധ്യത കുറവാണ്. ഇത് മനസ്സിലാക്കിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി മുങ്ങുന്നത്. ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തലുകള്‍ പലയിടത്തും അപൂര്‍ണമാണ്. ഉദ്യോഗസ്ഥതലത്തിലെ ചിലരുടെ പങ്കുമാത്രമാണ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ ബി. സുനില്‍കുമാര്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി. ഇത് പ്രത്യേക അന്വേഷണ സംഘത്തലവന്‍ ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിന് കൈമാറിയിട്ടുണ്ട്.

ക്രൈംബ്രാഞ്ച് ആസ്ഥാനത്തുതന്നെയാകും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുക. ദേവസ്വം പ്രസിഡന്റ്, അംഗങ്ങള്‍, കമ്മിഷണര്‍, സെക്രട്ടറി, തിരുവാഭരണം കമ്മിഷണര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെയെല്ലാം മൊഴികളും രേഖപ്പെടുത്താനാണ് നീക്കം. ആവശ്യമുണ്ടെങ്കില്‍ നിലവിലെ ദേവസ്വം ഭരണാധികാരികളുടെ മൊഴിയുമെടുക്കും. പാളികളില്‍നിന്ന് സ്വര്‍ണം മാറ്റിയെന്നാണ് ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയുടെ മൊഴി. എന്നാല്‍, ഇത് പൂര്‍ണമായി വിജിലന്‍സ് വിശ്വാസത്തിലെടുത്തിട്ടില്ല. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണക്കട്ടയായി ഇവര്‍ കൈമാറിയെന്ന് പറയുന്ന, തൊണ്ടിമുതലായ സ്വര്‍ണം കണ്ടെത്തുകയാണ് പ്രധാനം. ഇതിന് ഉണ്ണികൃഷ്ണന്‍ പോറ്റി ഒളിവില്‍ പോയത് തടസ്സമാണ്. പാളികള്‍ മുറിച്ച് സമ്പന്നരായ ഭക്തര്‍ക്ക് വിറ്റതാണെന്നും ആരോപണമുണ്ട്. അങ്ങനെയെങ്കില്‍ അത് ആര്‍ക്കൊക്കെയാണ് ലഭിച്ചതെന്നും കണ്ടെത്തണം. പാളി വാങ്ങിയ പ്രമുഖരെ സംരക്ഷിക്കാന്‍ ഉണ്ടാക്കിയതാണ് സ്വര്‍ണം ഉരുക്കിയ കഥയെന്നും ആരോപണമുണ്ടെന്ന് മാതൃഭൂമി പറയുന്നു.

സ്വര്‍ണം പൂശുന്നതിന് 3 ഗ്രാം സ്വര്‍ണം മാത്രമാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റി ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നല്‍കിയതെന്നും ബാക്കി വന്ന 474.9 ഗ്രാം സ്വര്‍ണം കൈപ്പറ്റിയെങ്കിലും നാളിതു വരെ ദേവസ്വം ബോര്‍ഡിനു തിരികെ നല്‍കിയിട്ടില്ലെന്നും ഹൈക്കോടതി വിധി വ്യക്തമാക്കുന്നു. ശ്രീകോവിലിന്റെ വാതിലിന്റെ വശങ്ങളിലേത് ഉള്‍പ്പെടെ 7 പാളികളുമായാണ് പോറ്റി 2019 ജൂണില്‍ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിയത്. സ്വര്‍ണം പൊതിഞ്ഞിരുന്ന ഈ പാളികളില്‍നിന്നു അതു വേര്‍തിരിക്കാനുള്ള സാങ്കേതിക വൈദഗ്ധ്യം ഇല്ലെന്നു സ്ഥാപനം ചൂണ്ടിക്കാട്ടിയെങ്കിലും പോറ്റി നിര്‍ബന്ധം പിടിച്ചതോടെ തീരുമാനം മാറ്റി. തുടര്‍ന്നു രാസലായനി ഉപയോഗിച്ചു സ്വര്‍ണം വേര്‍തിരിച്ചു. ഈ പാളികളില്‍ സ്വര്‍ണം പൂശാനായി ഗോവര്‍ധന്‍ എന്ന സ്‌പോണ്‍സര്‍ ജൂണ്‍ 10ന് 186.587 ഗ്രാം സ്വര്‍ണം നല്‍കി. ഇതില്‍ 184 ഗ്രാം ഉപയോഗിച്ചു സ്വര്‍ണം പൂശി പാളികള്‍ മടക്കി നല്‍കി. ബാക്കി സ്വര്‍ണം ഗോവര്‍ധനു തിരികെ നല്‍കി. അതായത്, വാതിലിന്റെ വശങ്ങളിലെ പാളികളില്‍നിന്നു വേര്‍തിരിച്ചെടുത്തതില്‍ ഒരു തരി സ്വര്‍ണം പോലും വീണ്ടും സ്വര്‍ണം പൂശാനായി ഉപയോഗിച്ചില്ല എന്നു വ്യക്തം. 2019 ഓഗസ്റ്റിലാണു ദ്വാരപാലക ശില്‍പങ്ങളുടെ സ്വര്‍ണം പൊതിഞ്ഞ 14 പാളികളുമായി ഉണ്ണിക്കൃഷ്ണന്‍ പോറ്റി വീണ്ടും സ്മാര്‍ട്ട് ക്രിയേഷന്‍സിലെത്തിയത്.

ഇത്തവണയും വൈദഗ്ധ്യക്കുറവു ചൂണ്ടിക്കാട്ടി സ്ഥാപനം വിസമ്മതിച്ചു. എന്നാല്‍, കട്ടിളയുടെ പാളിയില്‍നിന്നു മുന്‍പു വേര്‍തിരിച്ച സ്വര്‍ണവും ദ്വാരപാലക പാളികളിലുള്ള സ്വര്‍ണവും ഉപയോഗിച്ചു സ്വര്‍ണം പൂശാന്‍ പോറ്റി ആവശ്യപ്പെട്ടു. കട്ടിളപ്പാളികളില്‍നിന്നു 409 ഗ്രാം സ്വര്‍ണമാണു വേര്‍തിരിച്ചെടുത്തത്. ദ്വാരപാലകരില്‍ നിന്ന് 393.9 ഗ്രാമും മറ്റു സാമഗ്രികളില്‍നിന്ന് 9.9 ഗ്രാമും വേര്‍തിരിച്ചെടുത്തു. ഇതിനൊപ്പം പോറ്റി നല്‍കിയ 3 ഗ്രാം കൂടി ചേരുമ്പോള്‍ മൊത്തം 989 ഗ്രാമാണു സ്ഥാപനത്തിന്റെ കൈവശമെത്തിയത്. ഇതില്‍ 404.8 ഗ്രാം സ്വര്‍ണം വീണ്ടും പൂശാനായി ഉപയോഗിച്ചു. 109.243 ഗ്രാം പ്രതിഫലമായി സ്ഥാപനം കൈപ്പറ്റി. ബാക്കി 474.9 ഗ്രാം പോറ്റിയുടെ പ്രതിനിധിയായി എത്തിയ കല്‍പേഷ് എന്നയാള്‍ക്കു കൈമാറിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതു തിരികെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കൈമാറിയതായി രേഖകളില്ലെന്നും കോടതി നിരീക്ഷിച്ചു. ഈ വസ്തുതകള്‍ എല്ലാം പരിഗണിച്ചാണു സംഭവിച്ചതു ഗുരുതര കുറ്റത്തിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങളാണെന്നു കോടതി വ്യക്തമാക്കിയത്.