കൊച്ചി: നരിവേട്ടയ്ക്ക് പോസിറ്റീവ് റിവ്യൂ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ ഉണ്ണി മുകുന്ദന്‍ ക്രൂരമായി മര്‍ദിച്ചെന്ന പിആര്‍ഒ വിപിന്‍ കുമാറിന്റെ ആരോപണത്തില്‍ പ്രതികരിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. ഒരു സുഹൃത്തിനെപ്പോലെ വര്‍ഷങ്ങളായി കൂടെയുണ്ടായിരുന്നയാളാണ് വിപിന്‍ കുമാര്‍. അപവാദം പ്രചാരണം നടത്തിയത് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും ദേഹോപദ്രവമേല്‍പ്പിച്ചിട്ടില്ലെന്നും ഉണ്ണിമുകുന്ദന്‍ പ്രതികരിച്ചു. സിസിടിവി ക്യാമറ ഉള്ളിടത്താണ് ഇതെല്ലാം നടന്നതെന്നും സുഹൃത്ത് വിഷ്ണു ഉണ്ണിത്താനും സംഭവം നടക്കുമ്പോള്‍ കൂടെ ഉണ്ടായിരുന്നുവെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

സ്വന്തം തെറ്റുകള്‍ മറച്ചുവയ്ക്കാനുള്ള തന്ത്രപ്പാടിലാണ് അയാളിപ്പോള്‍. നരിവേട്ട സിനിമയ്ക്കെതിരെ താന്‍ രംഗത്തുവന്നെന്ന് പറഞ്ഞത് ടൊവിനോയെയും തന്നെയും തെറ്റിക്കാനുള്ള പ്രൊപ്പഗണ്ടയാണ്. ടൊവിനോയെ വിളിച്ച് ഇക്കാര്യം സംസാരിച്ചിരുന്നുവെന്നും അദ്ദേഹത്തിന് കാര്യം മനസിലായെന്നും ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി.

വിപിനെതിരെ മുമ്പ് ഒരുപാട് പരാതികള്‍ സിനിമാ സംഘടനയ്ക്കുള്ളില്‍ വന്നിരുന്നു. ഒരു പ്രമുഖ നടി വിപിനെതിരെ ഐസിസിയില്‍ പരാതിപ്പെട്ടിട്ടുണ്ടെന്നും മാര്‍ക്കോ സിനിമയുടെ സമയത്തും പ്രമോഷനുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടായെന്നും ഉണ്ണി മുകുന്ദന്‍ വെളിപ്പെടുത്തി. മുന്‍ മാനേജരാണെന്ന വിപിന്റെ അവകാശവാദത്തെയും അദ്ദേഹം നിരസിച്ചു. തനിക്ക് ഒരു മാനേജര്‍ ഇല്ല. നേരിട്ട് വിളിച്ചും പിആര്‍ഒമാര്‍ വഴിയുമാണ് ആളുകള്‍ ബന്ധപ്പെടുന്നത്. സിനിമാ സംബന്ധമായ കാര്യങ്ങള്‍ മാദ്ധ്യമങ്ങളെ അറിയിക്കാനുള്ള പിആര്‍ഒ മാത്രമാണ് വിപിനെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

''എന്റെ പ്രതിച്ഛായ നശിപ്പിക്കാന്‍ ശ്രമിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തികള്‍ വിപിന്റെ ഭാഗത്തു നിന്നുണ്ടായി. വര്‍ഷങ്ങളായി കൂടെ നിന്ന ഒരാള്‍ പെട്ടന്നു നമുക്കെതിരെ തിരിയുമ്പോഴുണ്ടാകുന്ന ഞെട്ടലും വിഷമവും പറഞ്ഞറിയിക്കാനാകില്ല. 'മേപ്പടിയാന്‍' സംവിധായകനായ വിഷ്ണു മോഹന്‍ ഇക്കാര്യം വിപിനോട് ചോദിച്ചപ്പോള്‍ കുറ്റം ഏറ്റുപറഞ്ഞ് ക്ഷമ പറയുകയുണ്ടായി. പിന്നീട് വിഷ്ണു തന്നെ വിളിച്ച് നിങ്ങള്‍ നേരിട്ടു കണ്ട് ഈ പ്രശ്‌നം പരിഹരിക്കാന്‍ പറഞ്ഞു. ഇത്രയും വര്‍ഷം ഒരു നല്ല സുഹൃത്തിനെപ്പോലെ കൂടെ കൂട്ടിയ ഒരാള്‍ എനിക്കെതിരെ എന്തിനിങ്ങനെ അപവാദം പ്രചരിപ്പിക്കുന്നു എന്ന് അറിയണമായിരുന്നു. അതിനുവേണ്ടി കൂടിയാണ് വിപിനെ നേരിട്ടു കാണാന്‍ കൊച്ചിയിലെ ഫ്‌ലാറ്റിലെത്തിയത്. ഇത്രയും നാള്‍ കൂടെ കൊണ്ടുനടന്നിരുന്നൊരാള്‍ നമ്മളെക്കുറിച്ച് മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ?

വിപിനെ കാണുന്ന സമയത്ത് എനിക്കൊപ്പം ഞങ്ങളുടെ പൊതു സുഹൃത്തായ വിഷ്ണു ഉണ്ണിത്താനും അവിടെ ഉണ്ടായിരുന്നു. ബേസ്‌മെന്റ് പാര്‍ക്കിങ്ങില്‍ വച്ചാണ് വിപിനെ കണ്ടത്. കറുത്ത കൂളിങ് ഗ്ലാസ് ധരിച്ചാണ് വിപിന്‍ ഇറങ്ങി വന്നത്. എന്തിനാണ് എന്നെക്കുറിച്ച് മറ്റുള്ളവരോട് മോശമായി സംസാരിക്കുന്നതെന്ന് ചോദിച്ചു. അതിനു വ്യക്തമായ മറുപടി വിപിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. ചെയ്ത തെറ്റ് കയ്യോടെ പിടിക്കപ്പെട്ട ജാള്യതയും ഭയവും വിപിനിലുണ്ടായിരുന്നു. നേരത്തെ വിഷ്ണു മോഹനോട് കുറ്റസമ്മതം നടത്തിയ വ്യക്തി എന്റെ മുന്നില്‍ ഭാവമാറ്റമില്ലാതെ നിന്നു.

അപ്പോഴാണ് കണ്ണട ഊരി സംസാരിക്കാന്‍ ആവശ്യപ്പെട്ടത്. എന്റെ കണ്ണില്‍ നോക്കി സംസാരിക്കാന്‍ പോലും അയാള്‍ക്കായില്ല. എന്തിനാണ് വിപിന്‍ ഇങ്ങനെ പെരുമാറുന്നതെന്ന് വിഷ്ണു ഉണ്ണിത്താനോട് ഞാന്‍ ചോദിക്കുന്നുമുണ്ട്. കണ്ണട ഞാന്‍ ഊരി മാറ്റി പൊട്ടിച്ചു എന്നത് സത്യമാണ്. എന്നാല്‍ ദേഹോപദ്രവം ഏല്‍പ്പിക്കുന്ന ഒരു പ്രവൃത്തി പോലും ചെയ്തിട്ടില്ല. ആളുകള്‍ എപ്പോഴും വന്നുകൊണ്ടിരിക്കുന്ന സിസിടിവി ക്യാമറയുള്ള ഒരു ഭാഗത്താണ് ഇതെല്ലാം നടക്കുന്നത്. മാത്രമല്ല ആ സമയത്ത് വിഷ്ണുവും അവിടെയുണ്ട്. അദ്ദേഹത്തിന്റെ മുന്നില്‍ വച്ച് വിപിന്‍ സോറി പറയുകയും ചെയ്തു. ഇതുമതി, പ്രശ്‌നം അവിടെ തീര്‍ന്നെന്ന് ഞാനും വിപിനോടു പറഞ്ഞു.

ഇനി ഒന്നിച്ചു പോകാനില്ലെന്നും എന്റെ പേരിലുള്ള അക്കൗണ്ടും പാസ്വേര്‍ഡ്‌സും മറ്റും തിരിച്ചു തരണമെന്നും വിഷയത്തില്‍ ക്ഷമ എഴുതി നല്‍കാനും വിപിനോട് ആവശ്യപ്പെട്ടു. സ്വന്തം തെറ്റുകള്‍ മറച്ചുവയ്ക്കാനുളള തത്രപ്പാടിലാണ് അദ്ദേഹമിപ്പോള്‍. അതുകൊണ്ടാണ് ഇതുപോലുള്ള ബാലിശമായ ആരോപണങ്ങള്‍ പടച്ചുവിടുന്നത്. 'നരിവേട്ട' സിനിമയ്‌ക്കെതിരെ ഞാന്‍ പറഞ്ഞുവെന്നത് എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ടയാണ്. ടൊവിനോയെ ഞാന്‍ വിളിച്ചു സംസാരിച്ചിരുന്നു. അദ്ദേഹത്തിന് ഈ വിഷയം മനസ്സിലായി. സിനിമയില്‍ വന്ന കാലം മുതല്‍ പരിചയമുള്ള സുഹൃത്തുക്കളാണ് ഞങ്ങളിരുവരും. പരസ്പരം ഒരുപാട് മനസ്സിലാക്കുന്നവര്‍. 'മാര്‍ക്കോ' ഹിറ്റ് ആയ സന്തോഷത്തില്‍ എനിക്കൊപ്പം ഒന്നിച്ച് ആ വിജയം ആഘോഷിച്ച വ്യക്തിയാണ് ടൊവിനോ. ഇതുപോലുള്ള ഒരു കള്ള പ്രചരണങ്ങള്‍ക്കും ഞങ്ങളുടെ സൗഹൃദം തകര്‍ക്കാനാകില്ല.

വിപിന്റെ പേരില്‍ ഒരുപാട് പരാതികള്‍ സിനിമാ സംഘടനയ്ക്കുള്ളില്‍ തന്നെ വന്നിരുന്നു. ഒരു പ്രമുഖ നടി വിപിനെതിരെ ഐസിസിയില്‍ പരാതിപ്പെട്ടിട്ടുണ്ട്. 'മാര്‍ക്കോ' സിനിമയുടെ സമയത്തും അതിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടായി. ക്രെഡിറ്റ് മുഴുവന്‍ സ്വയം കൊണ്ടുപോകുന്നെന്നായിരുന്നു വിപിനെതിരെ ഉയര്‍ന്ന വിമര്‍ശനം. അന്ന് ആ വിഷയം രമ്യതയില്‍ എത്തിച്ചത് ഞാന്‍ ഇടപെട്ടാണ്. എത്രയോ വര്‍ഷം കൂടെ കൊണ്ടു നടന്ന ആളാണ്. വിപിന്റെ കുടുംബവുമായും ബന്ധമുണ്ട്. വിപിന്റെ അച്ഛന് ഹൃദയസംബന്ധമായ ചികിത്സ വേണ്ടി വന്നപ്പോള്‍ ഞാനൊപ്പം നിന്നിട്ടുണ്ട്. സാമ്പത്തികമായൊക്കെ സഹായിച്ചിട്ടുണ്ട്. അങ്ങനെയൊരാള്‍ അവസാനം എന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്ന അവസ്ഥയിലെത്തി.

യഥാര്‍ഥത്തില്‍ എനിക്കൊരു മാനേജര്‍ ഇല്ല. എന്നെ നേരിട്ടു വിളിക്കുന്നവരുണ്ട്, നമ്പര്‍ അറിയാത്തവരും നേരിട്ടു വിളിച്ചിട്ടു കിട്ടാത്തവരും പിആര്‍ഒമാര്‍ വഴിയാണ് വാര്‍ത്തകള്‍ അറിയുക. എന്റെ സിനിമകളും സിനിമാ സംബന്ധമായ വാര്‍ത്തകളും മാധ്യമങ്ങളെ അറിയിക്കാനുള്ള പിആര്‍ഒ മാത്രമാണ് വിപിന്‍. ഒരുപാട് സിനിമകള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന പിആര്‍ഒ ആണ് താനെന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്. അങ്ങനെയുള്ള ഒരുപാട് സിനിമകളില്‍ എന്റെ സിനിമകളും ഉള്‍പ്പെട്ടിട്ടുണ്ട് എന്നു മാത്രം. പൃഥ്വിരാജിന്റെ കൂടെയും ടൊവിനോയുടെ കൂടെയുമൊക്കെ ഇയാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്.

എനിക്ക് ആകെ ഉള്ള പേഴ്‌സനല്‍ സ്റ്റാഫ് എന്റെ മേക്കപ്പ്മാനാണ്, കഴിഞ്ഞ പത്ത് വര്‍ഷമായി കൂടെയുള്ള അരുണ്‍ ആരിയൂര്‍. ഇതുവരെ എന്നെക്കുറിച്ചൊരു പരാതി ഒരു സ്റ്റാഫും പറഞ്ഞിട്ടില്ല. സിനിമ മാത്രം സ്വപ്നം കണ്ട് അതില്‍ ആത്മാര്‍ഥമായി നില്‍ക്കാന്‍ ആഗ്രഹിക്കുന്നൊരു വ്യക്തിയാണ് ഞാന്‍. ദയവു ചെയ്ത് ഈ വിഷയത്തില്‍ വരുന്ന വാര്‍ത്തകളുടെ ആധികാരികത അറിഞ്ഞു വേണം പ്രേക്ഷകരായ നിങ്ങളും ഒരു തീരുമാനമെടുക്കാന്‍. അഭിനേതാക്കളുടെ വ്യക്തി ജീവിതത്തെക്കുറിച്ച് ഇല്ലാക്കഥകള്‍ പറഞ്ഞു പരത്താനും അത് പടരാനും വളരെ എളുപ്പത്തില്‍ സാധിക്കും. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ എത്ര ഉറക്കെ വിളിച്ചുപറഞ്ഞാലും ആ ശബ്ദം ഒരു പരിധിക്കു മുകളില്‍ എവിടെയുമെത്തില്ല.'' ഉണ്ണി മുകന്ദന്‍ പറഞ്ഞു.


കാക്കനാട്ടെ തന്റെ ഫ്‌ലാറ്റില്‍വെച്ച് നടന്‍ ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചെന്നായിരുന്നു വിപിന്‍ കുമാറിന്റെ പരാതി. സംഭവത്തില്‍ ഇന്‍ഫോ പാര്‍ക്ക് പൊലീസ് നടനെതിരെ കേസെടുത്തിട്ടുണ്ട്. 'നരിവേട്ട' സിനിമയെ പ്രശംസിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിന് മര്‍ദിക്കുകയും അസഭ്യം പറയുകയുംചെയ്തു എന്നാണ് വിപിന്‍ കുമാറിന്റെ പരാതിയില്‍ പറയുന്നത്.