കൊച്ചി: ജനപ്രീതി കൊണ്ട് ഏറെ മുന്നിലെത്തിയ ടെലിവിഷൻ കോമഡി പരമ്പരയാണ് ഉപ്പും മുളകും. പരമ്പരയിൽ നിന്നും നിഷാ സാരംഗും ജൂഹിയുമെല്ലാം പിന്മാറിയിട്ടുണ്ടെങ്കിലും അവരെല്ലാം തിരിച്ചു വന്നിരുന്നു. എന്നാലിപ്പോൾ, മൂത്തമകനായി അഭിനയിക്കുന്ന മുടിയൻ എന്ന വിഷ്ണുവിനെ ഉപ്പും മുളകിൽ നിന്നും പുറത്താക്കിയെന്ന് റിപ്പോർട്ടാണ് പുറത്തു വന്നിരിക്കുന്നത്. നടൻ തന്നെയാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ ഇന്റർവ്യൂവിൽ ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ മൂന്നു മാസത്തോളമായി പരമ്പരയിൽ നിന്നും അപ്രത്യക്ഷനാണ് മുടിയൻ. ഇതിനു പിന്നിലെ കാരണം തിരക്കിയപ്പോഴാണ് തന്നെ പുറത്താക്കിയെന്ന വിവരം താരം വേദനയോടെ അറിയിച്ചത്.

പരമ്പരയിൽ മുടിയന്റെ വിവാഹം കഴിഞ്ഞിരുന്നു. അതിനു ശേഷം ബാംഗ്ലൂരിലേക്ക് പോയി എന്നാണ് പരമ്പരയിൽ കാണിച്ചിട്ടുള്ളത്. മുടിയന്റെ ഭാര്യയും അമ്മായിയമ്മയും അമ്മായിയച്ഛനും എല്ലാമായി ബന്ധപ്പെട്ടാണ് ഇപ്പോൾ കഥ മുന്നോട്ടു പോകുന്നത്. ഇനിയൊരിക്കലും താൻ തിരിച്ചു വരാൻ സാധ്യതയില്ലാത്തതു പോലെ കഥാഗതിയിൽ പുതിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നാണ് മുടിയൻ തുറന്നു പറഞ്ഞിരിക്കുന്നത്. ബാംഗ്ലൂരിൽ ഒരു ഡ്രഗ് കേസിൽ മുടിയൻ പെട്ടതായാണ് സീരിയൽ ഷൂട്ടിങ് ചെയ്തു വച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ അതു സംപ്രേഷണം ചെയ്യുമെന്നാണ് നടൻ നൽകുന്ന വിവരം.

അതേസമയം, പരമ്പരയുടെ കഥാഗതിയിലുണ്ടായ മാറ്റമാണ് മുടിയനെ പുറത്താക്കാൻ കാരണം, ഒരു സിറ്റ് കോം കോമഡിയായാണ് ഉപ്പും മുളകിനെ പ്രേക്ഷകർ ഇഷ്ടപ്പെട്ടതും ആസാ്വദിക്കുന്നതും. എന്നാൽ കുറച്ചു കാലമായി ഒരു സീരിയൽ ടൈപ്പിലേക്ക് ഈ പരമ്പര എത്തിയത് വളരെയധികം വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ഇതിനെ താരങ്ങളും ചോദ്യം ചെയ്തപ്പോൾ നിഷാ സാരംഗിനും ബിജു സോപാനത്തിനും അടക്കം വലിയ പ്രശ്നങ്ങളാണ് പ്രശ്നങ്ങളാണ് ഷോ ഡയറക്ടറായ ഉണ്ണിയിൽ നിന്നും നേരിടേണ്ടി വന്നത്. ഇതേ പ്രശ്നമാണ് മുടിയനും ഉണ്ടായത്. ഇതിനെ ചോദ്യം ചെയ്തപ്പോൾ ഡയറക്ടറിൽ നിന്നും വലിയ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളുമാണ് നേരിട്ടത്. തുടർന്നാണ് വേദനയോടെ മുടിയൻ ആ പരമ്പരയിൽ നിന്നും പടിയിറങ്ങിയത്.

ആദ്യം ഇങ്ങനെയൊരു പ്രശ്നം ഉണ്ടായിട്ട് ഷോ ഡയറക്ടർ സ്ഥാനത്തു നിന്നും ഉണ്ണിയെ മാറ്റിയിരുന്നു. സീരിയൽ നിർത്തിവെക്കുക വരെ ചെയ്തിരുന്നു. തുടർന്ന് ഇനി അങ്ങനെയൊരു മോശം പെരുമാറ്റം ഉണ്ടാകില്ലെന്ന ഉറപ്പു കിട്ടിയതോടെയാണ് വീണ്ടും ഉണ്ണി തിരിച്ചു വന്നത്. എന്നാൽ വീണ്ടും അതേ പ്രവർത്തികൾ ആരംഭിക്കുകയായിരുന്നു. ഷോയെ തകർക്കുന്ന രീതിയിലുള്ള മാറ്റങ്ങളാണ് പിന്നീട് ഡയറക്ടറുടെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് മുടിയൻ പറയുന്നു. മുടിയനെ പുറത്താക്കിയതിനെ ചൊല്ലി നിഷാ സാരംഗും ബിജു സോപാനവും എല്ലാം പ്രതികരിച്ചുവെങ്കിലും അവരെല്ലാം നിശബ്ദരാക്കപ്പെടുകയായിരുന്നു.

ഒരു കുടുംബം പോലെ കഴിഞ്ഞ പത്തു വർഷമായി കഴിഞ്ഞു വന്നവരാണ് തങ്ങൾ. അതെല്ലാം ഇല്ലാതായി. തന്നെ ഒഴിവാക്കാൻ ഒരു ഡ്രഗ് കേസിൽ പെടുത്തുന്ന രീതിയിൽ കഥ മുന്നോട്ടു കൊണ്ടുപോകുന്നുവെന്ന് അറിഞ്ഞപ്പോൾ നെഞ്ചുപൊട്ടുന്ന വേദനയിലാണ് മുടിയൻ പ്രതികരിച്ചത്. തന്നെ കുറിച്ച് കഥയിൽ പറയാതിരിക്കാമായിരുന്നു. അല്ലെങ്കിൽ ദുബായിൽ പോയി എന്നു പറയാമായിരുന്നു. എന്നിട്ടും ഇത്തരം മോശമായ രീതിയിൽ കഥ കൊണ്ടു പോകുന്നതിനു പിന്നിൽ ഷോ ഡയറക്ടറായ ഉണ്ണിയാണെന്ന് മുടിയൻ ഉറപ്പിച്ചു പറയുന്നു. മറ്റുള്ളവർ വേദനിക്കുന്നതു കണ്ട് സന്തോഷിക്കുന്ന സാഡിസ്റ്റ് ആണ് അയാളെന്നാണ് മുടിയൻ കണ്ണീരോടെ പറയുന്നത്.