കെന്റകി: കഴിഞ്ഞ ദിവസം അമേരിക്കയില്‍ കാര്‍ഗോ വിമാനാപകടത്തില്‍ പതിനൊന്ന് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. യു.പി.എസ് കാര്‍ഗോ വിമാനം ചൊവ്വാഴ്ചയാണ് തകര്‍ന്ന് വീണത്. കെന്റക്കിയിലെ ലൂയിസ്വില്ലയിലെ മുഹമ്മദ് അലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് രാത്രി പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ മക്ഡൊണല്‍ ഡഗ്ലസ് എംഡി-11 വിമാനം പൊട്ടിത്തെറിക്കുകയായിരുന്നു. എഞ്ചിന്‍ വിമാനത്തില്‍ നിന്ന് വേര്‍പെട്ടതായി ദേശീയ ഗതാഗത സുരക്ഷാ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

ഇത് വിമാനത്തിലെ തകരാര്‍ മൂലമാണോ അതോ ബാഹ്യ ഘടകങ്ങള്‍ കാരണമാണോ എന്ന കാര്യം വ്യക്തമല്ല. അപകടത്തില്‍ പെട്ട വിമാനത്തിന് 34 വര്‍ഷത്തെ പഴക്കമുണ്ടായിരുന്നു. സെപ്റ്റംബറില്‍ അതിന്റെ ഇന്ധന ടാങ്ക് നന്നാക്കിയിരുന്നുവെന്നാണ് വിമാന രേഖകള്‍ പറയുന്നു. വിമാനാപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുകയാണ്. വിമാനം ഒരു തീഗോളം പോലെ താഴേക്ക് പതിക്കുന്നതാണ് ഇതില്‍ ഒരു ദൃശ്യം.

ടേക്കോഫിനിടെ വിമാനത്തിന്റെ ഇടതു ഭാഗത്തെ എന്‍ജിന്‍ വേര്‍പെട്ടു പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. വിമാനം ഹോണോലുലുവിലേക്ക് യാത്ര ചെയ്യുകയായിരുന്നു. വിമാനം ടേക്കോഫ് ചെയ്യുന്ന സമയത്ത് ഇടതു ചിറകിന്റെ ഭാഗത്ത് ഒരു വലിയ തീജ്വാല ഉണ്ടായതായി അധികൃതര്‍ വ്യക്തമാക്കി. തുടര്‍ന്നാണ് വിമാനം താഴേക്ക് ഇടിച്ചിറങ്ങിയത്.

വലിയ തോതിലുള്ള രക്ഷാ പ്രവര്‍ത്തനമാണ് നടന്നതെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. ഡാഷ്‌ക്യാം ദൃശ്യങ്ങളില്‍ വിമാനം റണ്‍വേയിലേക്ക് തിരികെ ഇടിക്കുന്നതും അതിന്റെ പശ്ചാത്തലത്തില്‍ തീപിടുത്തമുണ്ടാകുന്നതും കാണാം. വിമാനം തകര്‍ന്നു വീണ പരിസരത്ത് ഉണ്ടായിരുന്ന രണ്ട് സ്ഥാപനങ്ങളിലെ ജീവനക്കാരും അപകടത്തില്‍ പെട്ടിട്ടുണ്ട്.

ആ സമയത്ത് വിമാനത്തില്‍ മൂന്ന് ക്രൂ അംഗങ്ങളുണ്ടായിരുന്നുവെന്ന് യുപിഎസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. മരിച്ചവരില്‍ നാലുപേര്‍ അപകടം നടന്ന സ്ഥലത്ത് ഉണ്ടായിരുന്നവരാണ്. മരിച്ചവരില്‍ പലരേയും ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തെത്തുടര്‍ന്ന് ലൂയിസ്വില്ലെ വിമാനത്താവളം അടച്ചുപൂട്ടിയെങ്കിലും ഇന്നലെ പ്രവര്‍ത്തനം പുനരാരംഭിച്ചു.