വാഷിംഗ്ടണ്‍: കരിബിയന്‍ കടലില്‍ ലഹരിക്കടത്തിന് ശ്രമിച്ച അന്തര്‍വാഹിനി ആക്രമിച്ച് തകര്‍ത്ത് യു.എസ് സൈന്യം. സംഭവത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു, രക്ഷപ്പെട്ട രണ്ടുപേരെ സ്വദേശമായ ഇക്വാഡോറിലേക്കും കൊളംബിയയിലേക്കും തിരിച്ചയക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സമൂഹമാധ്യമത്തിലെ കുറിപ്പില്‍ വ്യക്തമാക്കി.

കരീബിയന്‍ കടലിലെ കുപ്രസിദ്ധമായ ലഹരിക്കടത്ത് പാതയിലൂടെ നീങ്ങുകയായിരുന്ന വലിയ അന്തര്‍വാഹിനിയാണ് തകര്‍ത്തത്. സംഭവത്തിന് ശേഷം പ്രതികരണവുമായി ട്രംപ് രംഗത്തുവന്നു. അന്തര്‍വാഹിനി തകര്‍ത്തത് അഭിമാനകരമാണെന്ന് ട്രംപ് കുറിച്ചു. അന്തര്‍വാഹിനിയില്‍ ഫെന്റനില്‍ അടക്കം മാരക ലഹരിവസ്തുക്കളാണ് ഉണ്ടായിരുന്നത്. ഇത് കരക്കടുത്തിരുന്നുവെങ്കില്‍ കുറഞ്ഞത് 25,000 അമേരിക്കക്കാര്‍ ലഹരി അടിമത്വത്തില്‍ മരിക്കുമായിരുന്നുവെന്നും ട്രംപ് വ്യക്തമാക്കി.

പ്രതികളെ യു.എസ് തിരിച്ചയക്കുന്നത് കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയും സ്ഥിരീകരിച്ചു. ലാറ്റിനമേരിക്കയില്‍ നിന്നുള്ള ലഹരിയൊഴുക്കിന് തടയിടാന്‍ യു.എസ് സൈന്യം നീക്കം ശക്തമാക്കി വരികയാണ്. സെപ്റ്റംബര്‍ മുതല്‍ സ്പീഡ് ബോട്ടുകളടക്കം ആറോളം ലഹരിക്കടത്ത് ശ്രമങ്ങള്‍ സൈന്യം ആക്രമിച്ച് പരാജയപ്പെടുത്തിയിരുന്നു. ഇവയില്‍ പലതിനും വെനിസ്വേലയുമായി ബന്ധമുണ്ടെന്നാണ് യു.എസ് ആരോപിക്കുന്നത്.

ഇതിനിടെ, കുറ്റകൃത്യം സംശയിക്കുന്ന സാഹചര്യത്തില്‍ പോലും ആളുകളെ ആക്രമിച്ച് കൊല്ലുന്നത് നിയമവിരുദ്ധമാണെന്ന് വിമര്‍ശനമുയരുന്നുണ്ട്. ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ വിശദാംശങ്ങള്‍ യു.എസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. വിവിധ സൈനീക നടപടികളിലായി 27 പേരിലധികം കൊല്ലപ്പെട്ടിരിക്കാമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്? ചെയ്യുന്നു.