- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനധികൃത കുടിയേറ്റത്തിനെതിരെ കടുത്ത നിലപാടില്‍ ട്രംപ്; മെക്‌സിക്കോ അതിര്‍ത്തിയിലേക്ക് 1500 യുഎസ് സൈനികരെ കൂടി നിയോഗിച്ചു; വെട്ടിലാകുന്നവരില്‍ ഇന്ത്യക്കാരും; യുഎസില്‍ നിന്ന് 18,000 അനധികൃത കുടിയേറ്റക്കാരെ മടക്കിയെത്തിക്കാന്‍ ഇന്ത്യ ശ്രമിക്കുമെന്ന് റിപ്പോര്‍ട്ട്
അനധികൃത കുടിയേറ്റത്തിനെതിരെ കടുത്ത നിലപാടില്‍ ട്രംപ്
വാഷിങ്ടന്‍: അനധികൃത കുടിയേറ്റങ്ങള്‍ക്കെതിരെ നിലപാട് കടുപ്പിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ അടക്കം കുടിയേറ്റ വിരുദ്ധ നിലപാട് കടുപ്പിക്കുകയാണ് പുതിയ ഭരണകൂടം. ഇതോടെ യുഎസ് സൈനികരെ അടക്കം കളത്തിലിറക്കിയിട്ടുണ്ട്. അനധികൃത കുടിയേറ്റം തടയാന്‍ മെക്‌സിക്കോ അതിര്‍ത്തിയിലേക്ക് 1500 സൈനികരെ കൂടി അയയ്ക്കുമെന്നു വൈറ്റ്ഹൗസ് അറിയിച്ചു. കുടിയേറ്റം നിയന്ത്രിക്കാന്‍ ട്രംപ് എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പിട്ട് 2 ദിവസത്തിനു ശേഷമാണു നടപടി.
500 മറീനുകള്‍, സൈന്യത്തിലെ ഹെലികോപ്റ്റര്‍ ഇന്റലിജന്‍സ് വിശകലന വിദഗ്ധര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘത്തെയാണ് അതിര്‍ത്തിയിലേക്ക് അയയ്ക്കുന്നത്. നിലവില്‍ അതിര്‍ത്തിയിലുള്ള 2200 സൈനികര്‍ക്കും ആയിരത്തിലേറെ നാഷനല്‍ ഗാര്‍ഡുകള്‍ക്കും ഒപ്പമാണ് ഇവര്‍ പ്രവര്‍ത്തിക്കുക. തന്റെ ആദ്യ ഭരണകാലത്ത് മെക്‌സിക്കോ അതിര്‍ത്തി സുരക്ഷിതമാക്കാന്‍ 5200 സൈനികരെയാണു ട്രംപ് വിന്യസിച്ചത്. മുന്‍ പ്രസിഡന്റ് ജോ ബൈഡനും സൈനികരെ അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്നു.
ട്രംപിന്റെ ആദ്യദിന നടപടിയുടെ ഭാഗമാണിതെന്നു വൈറ്റ് ഹൗസ് വക്താവ് കരോലിന്‍ ലീവിറ്റ് പറഞ്ഞു. 10,000 സൈനികരെ വരെ അതിര്‍ത്തിയിലേക്ക് അയയ്ക്കുന്നതിനെപ്പറ്റി അനൗപചാരിക ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. യുഎസില്‍ കസ്റ്റഡിയിലുള്ള 5000ത്തിലധികം അനധികൃത കുടിയേറ്റക്കാരെ മറ്റിടങ്ങളിലേക്കു മാറ്റാന്‍ സൈന്യം സഹായിക്കുമെന്ന് ആക്ടിങ് പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് സെയില്‍സ്സസ് പറഞ്ഞു.
അതേസമയം അമേരിക്കയില്‍ അനധികൃതമായി താമസിക്കുന്ന എല്ലാ പൗരന്മാരെയും തിരിച്ചു വിളിക്കാന്‍ ഇന്ത്യ സാധ്യത തേടുന്നുവെന്ന വിധത്തിലും റിപ്പോര്‍ട്ടുകളുണ്ട്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും ഇന്ത്യ അറിയിച്ചിട്ടുണ്ട്. രേഖകളില്ലാത്ത 18,000 ഇന്ത്യന്‍ കുടിയേറ്റക്കാരെ നാട്ടിലേക്ക് തിരിച്ചയക്കുമെന്ന് അമേരിക്ക നേരത്തെ അറിയിച്ചിരുന്നു. പഞ്ചാബ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കുടിയേറ്റക്കാരില്‍ ഭൂരിഭാഗവും.
മറ്റ് പല രാജ്യങ്ങളെയും പോലെ ട്രംപ് ഭരണകൂടത്തെ തൃപ്തിപ്പെടുത്താനും, വ്യാപാര ഭീഷണികളുടെ ആഘാതം ഒഴിവാക്കാനുമാണ് ഇന്ത്യ ഇത്തരത്തിലൊരു നടപടിയ്ക്ക് ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്. ജനുവരി 20ന് അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ട്രംപ് അധികാരമേറ്റതിന് തൊട്ടു പിന്നാലെ സ്വീകരിച്ച എക്‌സിക്യൂട്ടീവ് നടപടികളില്‍ പലതും യുഎസിലേക്കുള്ള അനധികൃത കുടിയേറ്റത്തെ ലക്ഷ്യം വച്ചുള്ളതാണെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദേശീയ അതിര്‍ത്തിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുക, യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ സൈനികരെ അണിനിരത്തുക എന്നതും പ്രധാന നയങ്ങളായി പരിഗണിച്ചുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
1.45 ദശലക്ഷം ആളുകളുടെ പേരുള്ള പട്ടികയാണ് യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് തയ്യാറാക്കിയിരിക്കുന്നത്. ഈ പട്ടിക പ്രകാരം 18,000 ഇന്ത്യക്കാരാണ് രേഖകളില്ലാതെ യുഎസില്‍ കഴിയുന്നത്. എന്നാല്‍ കുടിയേറ്റക്കാരുടെ എണ്ണം ഇതിലുമധികമാകാമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ട്രംപ് അധികാരമേറ്റ ഉടന്‍ തന്നെ സമവായത്തിനാണ് ഇന്ത്യ ശ്രമിക്കുന്നത്. അതിനാലാണ് നാടുകടത്താനുള്ള നീക്കത്തെ പിന്തുണയ്ക്കുന്നതെന്നും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അനധികൃത കുടിയേറ്റത്തിന്റെ പ്രശ്‌നം പരിഹരിക്കാന്‍ യുഎസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം ഇന്ത്യന്‍ സര്‍ക്കാര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ഇന്ത്യ-യുഎസ് സഹകരണത്തിന്റെ ഭാഗമായി അനധികൃത കുടിയേറ്റം തടയുന്നതിനുളള ശ്രമങ്ങള്‍ നടക്കുന്നതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 1,000ത്തിലധികം അനധികൃത ഇന്ത്യക്കാരെ തിരികെ കൊണ്ടുവന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇന്ത്യയില്‍ നിന്നും ഏകദേശം 7,25,000 ആളുകള്‍ യുഎസില്‍ നിയമ വിരുദ്ധമായി താമസിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇക്കഴിഞ്ഞ നവംബറില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം 17,940 ഇന്ത്യക്കാരാണ് നാടുകടത്തല്‍ കാത്തിരിക്കുന്നത്. കൂടുതലും പഞ്ചാബ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ ആണെന്നാണ് സൂചന. കണക്കുകള്‍ പ്രകാരം യുഎസില്‍ മെക്സിക്കന്‍ കുടിയേറ്റക്കാരാണ് ഏറ്റവുമധികമുള്ളത്. രണ്ടാമത് എല്‍ സാല്‍വഡോറും മൂന്നാമത് ഇന്ത്യയുമാണ്. രേഖകളില്ലാതെ രാജ്യത്തുകഴിയുന്ന നൂറോളം ഇന്ത്യക്കാരെ കഴിഞ്ഞ ഒക്ടോബറില്‍ അമേരിക്ക തിരിച്ചയച്ചിരുന്നു.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 1100-ഓളം ഇന്ത്യക്കാരെ യു എസ് തിരികെ അയച്ചിട്ടുണ്ട്. ഇന്ത്യന്‍ സര്‍ക്കാരിന്റെ സഹകരണത്തോടെയായിരുന്നു നടപടി. എന്നാല്‍ നാടുകടത്തലിന് ഇന്ത്യ വേണ്ടത്ര പിന്തുണ നല്‍കുന്നില്ലെന്ന് യുഎസിന് പരാതിയുണ്ട്. പല തവണയും പ്രഖ്യാപിച്ച നാടുകടത്തല്‍ പദ്ധതികള്‍ നീണ്ടുപോകുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്.
ഇന്ത്യ മാത്രമല്ല, പല രാജ്യങ്ങളും യുഎസിന്റെ നാടുകടത്തല്‍ നടപടിയോട് സഹകരിക്കുന്നില്ലെന്നാണ് ഐസിഇ പറയുന്നത്. ഇത്തരം രാജ്യങ്ങളുടെ പട്ടികയും യുഎസ് തയ്യാറാക്കിയിട്ടുണ്ട്. ഇന്ത്യക്ക് പുറമേ, ഭൂട്ടാന്‍, ക്യൂബ, മ്യാന്‍മര്‍, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, എറിത്രിയ, ഹോങ്കോങ്, ഇറാന്‍, ലാവോസ്, ചൈന, പാകിസ്താന്‍, റഷ്യ സോമാലിയ, വെനസ്വേല എന്നീ 14 രാജ്യങ്ങളാണ് പട്ടികയിലുള്ളത്.