- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാന സർവീസ് റദ്ദാക്കിയതിന്റെ ടിക്കറ്റ് തുക യാത്രക്കാർക്ക് തിരിച്ചുനൽകുന്നതിൽ കാലതാമസം; കോവിഡ് കാലത്തെ പരാതികളിൽ റീഫണ്ടും പിഴയുമായി എയർ ഇന്ത്യ 989.38 കോടി രൂപ നൽകണം; യുഎസ് ഗതാഗത വകുപ്പിന്റെ നടപടി ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുന്നതിന് മുമ്പുള്ള കേസുകളിൽ
വാഷിങ്ടൺ: ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ 988.25 കോടി രൂപ (121.5 മില്യൻ ഡോളർ) യാത്രക്കാർക്കു റീഫണ്ട് ഇനത്തിലും 11.38 കോടി രൂപ (1.4 മില്യൻ ഡോളർ) പിഴയായും നൽകാൻ ഉത്തരവിട്ട് യുഎസ്. വിമാന സർവീസ് റദ്ദാക്കിയ ശേഷം യാത്രക്കാർക്ക് ടിക്കറ്റ് തുക തിരിച്ചുകൊടുക്കുന്നതിൽ കാലതാമസം വരുത്തിയതിനാണ് യുഎസ് ഗതാഗത വകുപ്പ് നടപടി സ്വീകരിച്ചത്. പരിഗണിച്ചവയിൽ ഭൂരിഭാഗവും കോവിഡ് സമയത്തെ പരാതികളാണ്. ആകെ ആറ് എയർലൈനുകളിൽനിന്നായി ഏകദേശം 5000 കോടി രൂപയാണ് യുഎസ് ഗതാഗത വകുപ്പ് റീഫണ്ട് ഇനത്തിൽ ചുമത്തിയിരിക്കുന്നത്.
ടിക്കറ്റ് കാൻസൽ ചെയ്തതിന് റീഫണ്ട് തുക കുടിശ്ശികയും കാലാവധിക്കുള്ളിൽ മടക്കിനൽകാത്തതിന് പിഴയായുമാണ് ഇത്രയും തുക എയർ ഇന്ത്യ നൽകേണ്ടത്. കോവിഡ് കാലത്ത് വിമാനയാത്ര മുടങ്ങിയവർക്ക് പണം തിരികെ നൽകിയില്ലെന്ന യാത്രക്കാരുടെ പരാതികളെ തുടർന്നാണ് യുഎസ് അധികൃതർ ഇടപെട്ടത്. റീഫണ്ട് നൽകുന്നതിന് കാലതാമസം വരുത്തിയതിന് 14 ലക്ഷം ഡോളർ (11.40 കോടി രൂപ) പിഴയടയ്ക്കാനും ഉത്തരവിട്ടിട്ടുണ്ട്.
എയർ ഇന്ത്യ ഉൾപ്പടെ ആറ് എയർലൈനുകൾക്കെതിരെയാണ് നടപടി. ഗതാഗത വകുപ്പിന്റെ ഉത്തരവനുസരിച്ച് ഈ കമ്പനികളെല്ലാം ചേർന്ന് ആകെ 60 കോടി ഡോളർ റീഫണ്ട് ആയി നൽകണം. ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യ ഏറ്റെടുക്കുന്നതിന് മുമ്പുള്ള കേസുകളിലാണ് യുഎസ് ഇപ്പോൾ പണം തിരികെ നൽകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. പണം തിരികെ ലഭിക്കാത്തതുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പിന് ലഭിച്ച 1900 കേസിൽ പകുതിയിലേറെ പരാതിക്കാർക്ക് 100 ലേറെ ദിവസമെടുത്താണ് എയർ ഇന്ത്യ പണം തിരികെ നൽകിയത്.
എയർ ഇന്ത്യയെ കൂടാതെ, ഫ്രണ്ടിയർ, ടാപ്പ് പോർച്ചുഗൽ, എയറോ മെക്സികോ, എൽ അൽ എയർലൈൻ, ഏവിയൻക തുടങ്ങിയ കമ്പനികൾക്കും പിഴ ചുമത്തിയിട്ടുണ്ട്. ഇതനുസരിച്ച് എയർ ഇന്ത്യ 12.15 കോടി ഡോളർ യാത്രക്കാർക്കും 14 ലക്ഷം ഡോളർ പിഴയായും നൽകണം. ഫ്രണ്ടിയറിന് 22.2 കോടി ഡോളറർ റീഫണ്ടും 22 ലക്ഷം പിഴയും നൽകണം. ടാപ്പ് പോർച്ചുഗലിന് 12.65 കോടി ഡോളർ റീഫണ്ടും 11 ലക്ഷം ഡോളർ പിഴയും നൽകണം. ഏവിയൻക 7.68 കോടി ഡോളർ റീഫണ്ടും 7,50,000 ഡോളർ പിഴയും നൽകണം, എൽ അൽ എയർലൈൻസ് 6.19 കോടി ഡോളർ റീഫണ്ടും 9,00,000 ഡോളർ പിഴയും നൽകണം. എയറോ മെക്സികോ 1.36 കോടി ഡോളർ പിഴയും 90,000 ഡോളർ പിഴയും നൽകണം.
യുഎസിലെ നിയമം അനുസരിച്ച് യുഎസിലേക്കും യുഎസിൽ നിന്ന് പുറത്തേക്കും യാത്രചെയ്യുന്നവർക്കും യുഎസിനകത്ത് യാത്രചെയ്യുന്നവർക്കും വിമാനം റദ്ദാക്കിയാലും യാത്രയിൽ മാറ്റങ്ങളുണ്ടായാലും കമ്പനി വാഗ്ദാനം ചെയ്ത മറ്റ് വിമാനത്തിൽ യാത്ര സ്വീകരിക്കാൻ യാത്രക്കാർ തയ്യാറാകാതിരുന്നാലും വിമാനക്കമ്പനികൾ ടിക്കറ്റിന്റെ തുക തിരികെ നൽകണം. പണം തിരികെ നൽകുന്നതിന് പകരം വൗച്ചറുകൾ വാഗ്ദാനം ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും അധികൃതർപറഞ്ഞു.
അഭ്യർത്ഥിച്ചാൽ പണം മടക്കി നൽകാമെന്ന എയർ ഇന്ത്യയുടെ നയം, രാജ്യത്തെ ഗതാഗത നിയമങ്ങളുടെ ലംഘനമാണെന്ന് യു.എസ് ഗതാഗത ഉദ്യോഗസ്ഥൻ പറഞ്ഞു. വ്യോമ ഗതാഗതത്തിനിടെ ഫ്‌ളൈറ്റുകൾ റദ്ദാക്കുകയോ മാറ്റുകയോ ചെയ്താൽ ടിക്കറ്റ് തുക തിരിച്ചു നൽകണമെന്നത് നിർബന്ധമാണ്.
എയർഇന്ത്യ ടാറ്റ ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ പണം തിരിച്ചടക്കാൻ എയർ ഇന്ത്യയോട് ആവശ്യപ്പെടുകയും പിഴയടക്കം തിരിച്ചടക്കാമെന്ന് അവർ സമ്മതിക്കുകയും ചെയ്തിരുന്നു. പണം തിരിച്ചടക്കാനായി എയർ ഇന്ത്യയിൽ 1900 ഓളം പേർ നൽകിയ അപേക്ഷയിൽ പകുതി എണ്ണത്തിൽ നടപടി എടുക്കാൻ 100 ദിവസത്തിലേറെ സമയമെടുത്തു. എന്നാൽ സമയമെടുക്കുമെന്നതു സംബന്ധിച്ച് വിവരങ്ങളൊന്നും ഏജൻസികൾക്ക് നൽകിയതുമില്ലെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ