വാഷിങ്ടൻ: ഓൺലൈൻ മാധ്യമസ്ഥാപനമായ ന്യൂസ് ക്ലിക്കിലെ റെയ്ഡിൽ പ്രതികരിച്ചു അമേരിക്ക രംഗത്തുവന്നു. ചൈനയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ കണ്ടെന്നും, എന്നാൽ, അതേക്കുറിച്ച് സ്വതന്ത്രമായി അഭിപ്രായം പറയാൻ കഴിയില്ലെന്നും യുഎസ് പ്രതികരിച്ചു. ഇതിനെ ചുറ്റിപ്പറ്റിയുള്ള ആശങ്കകളെക്കുറിച്ച് ബോധവാന്മാരാണന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പ്രിൻസിപ്പൽ ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേൽ പറഞ്ഞു. ഓൺലൈനിലും ഓഫ്ലൈനിലും അഭിപ്രായ സ്വാതന്ത്ര്യം ഉൾപ്പെടെ, മാധ്യമപ്രവർത്തകരുടെ മനുഷ്യാവകാശങ്ങളെ മാനിക്കാൻ ഇന്ത്യൻ സർക്കാരിനോടും ലോകമെമ്പാടുമുള്ള മറ്റു സർക്കാരുകളോടും യുഎസ് ആവശ്യപ്പെടുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂസ് ക്ലിക്കിന്റെ ഓഫിസിലും മാധ്യമപ്രവർത്തകരുടെ വസതിയിലും ഡൽഹി പൊലീസിന്റെ സ്‌പെഷൽ സെൽ നടത്തിയ റെയ്ഡിനെക്കുറിച്ച് മാധ്യമപ്രവർത്തകർ ഉന്നയിച്ച് ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ''ആ ആശങ്കകളെക്കുറിച്ച് ഞങ്ങൾക്കറിയാം. കൂടാതെ ഈ മാധ്യമസ്ഥാപനത്തിന്റെ ചൈനയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ കണ്ടിരുന്നു. എന്നാൽ, അവകാശവാദങ്ങളുടെ സത്യാവസ്ഥയെക്കുറിച്ച് അഭിപ്രായം പറയാൻ കഴിയില്ല'' അദ്ദേഹം വ്യക്തമാക്കി.

ഊർജസ്വലവും സ്വതന്ത്രവുമായ ജനാധിപത്യത്തിൽ, സമൂഹമാധ്യമങ്ങൾ ഉൾപ്പെടെ മാധ്യമങ്ങളുടെ പങ്കിനെ യുഎസ് ശക്തമായി പിന്തുണച്ചതായും പട്ടേൽ കൂട്ടിച്ചേർത്തു. ''ഇന്ത്യൻ സർക്കാരിനോടും ലോകമെമ്പാടുമുള്ള രാജ്യങ്ങളോടും ഈ വിഷയങ്ങളിൽ ആശങ്കകൾ ഉന്നയിക്കുന്നു. ഓൺലൈനിലും ഓഫ്ലൈനിലും ഉള്ള അഭിപ്രായസ്വാതന്ത്ര്യം ഉൾപ്പെടെ, മാധ്യമപ്രവർത്തകരുടെ മനുഷ്യാവകാശങ്ങളെ മാനിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇന്ത്യയോട് മാത്രമല്ല, മറ്റു രാജ്യങ്ങളോടും ഉന്നയിച്ചിട്ടുണ്ട്'' അദ്ദേഹം പറഞ്ഞു.

ന്യൂസ് ക്ലിക്കിന്റെ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബിർ പുർകയസ്ഥ, സ്ഥാപനത്തിലെ നിക്ഷേപകനും എച്ച്ആർ മേധാവിയുമായ അമിത് ചക്രവർത്തി എന്നിവരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ന്യൂസ് ക്ലിക്ക് ഓഫിസിലും ഇവരുമായി സഹകരിക്കുന്ന മാധ്യമപ്രവർത്തകരുടെയുൾപ്പെടെ വസതികളിലും നടത്തിയ റെയ്ഡിനു പിന്നാലെയായിരുന്നു അറസ്റ്റ്. ഇന്നലെ പുലർച്ചെ 6 മുതൽ 46 കേന്ദ്രങ്ങളിൽ നടന്ന പരിശോധനയിൽ മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോൺ, ലാപ്‌ടോപ് ഉൾപ്പെടെയുള്ളവ പിടിച്ചെടുത്തു. ന്യൂസ് ക്ലിക്ക് ഓഫിസ് സീൽ ചെയ്തു.

ന്യൂയോർക്ക് ടൈംസാണ് ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് തുടക്കമിട്ടത്. കഴിഞ്ഞ ഓഗസ്റ്റിൽ ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച അന്വേഷണാത്മക റിപ്പോർട്ടിൽ, ചൈനീസ് പക്ഷപാതിയായ അമേരിക്കൻ കോടീശ്വരൻ നെവിൽ റോയ് സിംഘം കാശ് കൊടുക്കുന്ന സ്ഥാപനങ്ങളിൽ ഒന്നാണ് ന്യൂസ് ക്ലിക്ക് എന്ന് ആരോപിച്ചിരുന്നു. 2021 ൽ തന്നെ ഈ ന്യൂസ് പോർട്ടലിന്റെ ഫണ്ടിങ് നിരീക്ഷണത്തിലായിരുന്നു. ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ന്യൂസ് ക്ലിക്കിന് എതിരെ കേസെടുക്കുകയും ചെയ്തു.

ഇഡിയുടെ കേസും അതിനെ ആധാരമാക്കിയാണ്. ന്യൂസ് ക്ലിക്ക് പ്രമോട്ടർമാർക്ക് ഡൽഹി ഹൈക്കോടതി അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകുകയും ചെയ്തു. ഇതിന്റെയെല്ലാം തുടർച്ചയാണ് ന്യൂസ് ക്ലിക്കിലെ മാധ്യമപ്രവർത്തരുടെ വീടുകളിലെ റെയ്ഡ്. പലരുടെയും ലാപ് ടോപ്പുകളും, മൊബൈലുകളും പിടിച്ചെടുത്തിരിക്കുകയാണ്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെങ്കിലും, ചോദ്യം ചെയ്യൽ തുടരുകയാണ്. ചൈനീസ് ബന്ധം ആരോപിക്കപ്പെട്ടതോടെയാണ് ന്യൂസ് ക്ലിക്കിന്റെ കഷ്ടകാലം തുടങ്ങിയത്. ഇതിന് കാരണക്കാരനായത് അമേരിക്കൻ കോടീശ്വരൻ നെവിൽ റോയ് സിംഘവും.

ഐടി കൺസൾട്ടിങ് സ്ഥാപനമായ തോട്ട് വർക്ക്സിന്റെ സ്ഥാപകനാണ് നെവിൽ റോയ് സിംഘം. ന്യൂസ് ക്ലിക്കിന്റെ ചൈന ഫണ്ടിങ് ആരോപണവുമായി ബന്ധപ്പെട്ട് ഡൽഹിയിലെ 30 വ്യത്യസ്ത ലൊക്കേഷനുകളിൽ ചൊവ്വാഴ്ച ഡൽഹി പൊലീസ് റെയ്ഡ് നടത്തിയതോടെയാണ് നെവിൽ റോയ് സിംഘം വീണ്ടും തലക്കെട്ടുകളിൽ ഇടം പിടിച്ചത്.