ന്യൂഡൽഹി: ബാബ രാംദേവിന്റെ പതഞ്ജലിയുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരെ നിരന്തര പോരാട്ടത്തിലാണ് പയ്യന്നൂർ സ്വദേശിയായ ഡോക്ടർ കെ വി ബാബു. നേത്രരോഗ വിദഗ്ധനായ ഡോ കെ വി ബാബു നടത്തിയ നിയമ പോരാട്ടത്തിലൂടെ പതഞ്ജലി പരസ്യങ്ങൾ പിൻവലിക്കാൻ സെപ്റ്റംബറിൽ ഉത്തരവിറങ്ങിയിരുന്നു. ഉത്താരാഖണ്ഡ് ആയുർവേദ ആൻഡ് യുനാനി സർവ്വീസ് ലൈസൻസ് അഥോറിറ്റിയാണ് പരസ്യം നൽകുന്നത് തടഞ്ഞത്. അഞ്ച് പതഞ്ജലി ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾ പിൻവലിക്കാനാണ് അന്ന് ഉത്തരാഖണ്ഡ് ആയുർവേദ ആൻഡ് യുനാനി സർവ്വീസ് ലൈസൻസ് അഥോറിറ്റി ഉത്തരവിട്ടത്. ഇപ്പോൾ
പതഞ്ജലി പുറത്തിറക്കുന്ന അഞ്ച് മരുന്നുകളുടെ ഉത്പാദനം കൂടി ഉത്തരാഖണ്ഡ് നിരോധിച്ചു. രക്തസമ്മർദ്ദം, പ്രമേഹം, ഗോയിറ്റർ, ഗ്ലോക്കോമ, ഉയർന്ന കൊളസ്‌ട്രോൾ എന്നിവയ്ക്കുള്ള ചികിത്സക്കായി കമ്പനി പുറത്തിറക്കിയിരുന്ന അഞ്ച് ഉത്പ്പന്നങ്ങളുടെ നിർമ്മാണം നിർത്തി വെയ്ക്കാൻ പതഞ്ജലി ആയുർവേദിനോട് ഉത്തരാഖണ്ഡിലെ ആരോഗ്യ നിയന്ത്രണ അഥോറിറ്റി ബുധനാഴ്ച ആവശ്യപ്പെട്ടു.

ഈ ഉത്പന്നങ്ങളുടെ പേരിൽ കമ്പനി തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പരസ്യങ്ങൾ നൽകുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് ഈ നടപടിയെന്ന് അധികൃതർ അറിയിച്ചു. കെവി ബാബു ഈ വർഷം ജൂലൈയിലാണ് ഇതുസംബന്ധിച്ച് പരാതി നൽകിയത്. പതഞ്ജലിയുടെ ആയുർവേദ ആരോഗ്യ ഉൽപ്പന്നങ്ങളുടെ ശ്രേണിയിൽ പ്രചരിപ്പിക്കുന്ന മധുഗ്രിറ്റ്, ഐഗ്രിറ്റ്, തൈറോഗ്രിറ്റ്, ബിപിഗ്രിറ്റ്, ലിപിഡോം എന്നിവയുടെ ഉത്പാദനം നിർത്തിവെയ്ക്കാൻ ഇതിന്റെ നിർമ്മാതാക്കളായ ദിവ്യ ഫാർമസിയോട് ഉത്തരാഖണ്ഡിലെ ആയുർവേദ, യുനാനി ലൈസൻസിങ് അഥോറിറ്റി നിർദ്ദേശിച്ചു.

പുതിയ അംഗീകാരം നേടുന്നതിനായി അഞ്ച് ഫോർമുലേഷനുകളിൽ ഓരോന്നിനും പുതുക്കിയ ഫോർമുലേഷൻ ഷീറ്റുകളും ലേബൽ ക്ലെയിമുകളും സമർപ്പിക്കാൻ പതഞ്ജലിയോട് അഥോറിറ്റി ആവശ്യപ്പെട്ടിരിക്കുകയാണ്. പുതുക്കിയ സൂചനകൾ അഥോറിറ്റി അംഗീകരിച്ചതിന് ശേഷം മാത്രമേ കമ്പനിക്ക് ഉത്പാദനം പുനരാരംഭിക്കാൻ കഴിയൂ എന്ന് ദിവ്യ ഫാർമസിക്ക് അയച്ച കത്തിൽ അഥോറിറ്റി അറിയിച്ചു. അഥോറിറ്റിയുടെ അംഗീകാരം ലഭിച്ച പരസ്യങ്ങൾ മാത്രമേ കമ്പനി ഭാവിയിൽ പ്രചരിപ്പിക്കാവൂ എന്നും അല്ലെങ്കിൽ മരുന്നുകളുടെ നിർമ്മാണ ലൈസൻസ് റദ്ദാക്കുമെന്നും അറിയിച്ചിട്ടുണ്ട്.

പരസ്യങ്ങൾക്ക് നിരോധനമുള്ള വിഭാഗങ്ങളിൽപ്പെടുന്ന മരുന്നുകളുടെ പരസ്യങ്ങളാണ് പ്രമുഖ മാധ്യമങ്ങളിലൂടെ നൽകിയതെന്നാണ് ഡോ ബാബു പരാതിയിൽ ചൂണ്ടിക്കാട്ടിയത്. ഡ്രഗ്് ആൻഡ് മാജിക് റെമഡീസ് ആക്ട്, ഡ്രഗ്സ് ആൻഡ് കോസ്മറ്റിക്സ് ആക്ട് എന്നിവ പ്രകാരം പതാഞ്ജലിയുടേത് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളാണെന്ന് അഥോറിറ്റി നിരീക്ഷിച്ചിരുന്നു. രക്തസമ്മർദ്ദം, ഗ്ലൂക്കോമ, ഗോയിറ്റർ, പ്രമേഹം, കരൾ രോഗങ്ങൾ, ഹൃദ്രോഗം എന്നിവയുൾപ്പെടെയുള്ള ചില രോഗങ്ങളുടെ പ്രതിരോധം, ചികിത്സ, അല്ലെങ്കിൽ രോഗശമനം എന്നിവ പ്രചരിപ്പിക്കുന്ന പരസ്യങ്ങൾ ഈ നിയമങ്ങൾ നിരോധിക്കുന്നുണ്ട്.

രണ്ട് നിയമങ്ങളുടെയും ലംഘനമാണ് കമ്പനി നടത്തുന്നതെന്ന് ലൈസൻസിങ് അഥോറിറ്റി ബുധനാഴ്ച ദിവ്യ ഫാർമസിക്ക് അയച്ച കത്തിൽ പറയുന്നു.  ഹൃദയസംബന്ധമായ രോഗങ്ങളിൽനിന്ന് സംരക്ഷണം വാഗ്ദാനം ചെയ്ത പതഞ്ജലിയുടെ 'ലിപിഡോം' മരുന്നിന്റെ പരസ്യം ഗുരുതര തെറ്റിദ്ധരിപ്പിക്കലാണെന്ന് കെ വി ബാബു നേരത്തെ പരാതിപ്പെട്ടിരുന്നു. ലിപിഡോം ഒരാഴ്ച സേവിക്കുന്നതിലൂടെ കൊളസ്ട്രോൾ കുറയുമെന്നും അതുവഴി ഹൃദയ രോഗങ്ങൾ, രക്തസമ്മർദം, പക്ഷാഘാതം എന്നിവയിൽ നിന്ന് സംരക്ഷണം ലഭിക്കുമെന്നുമാണ് പരസ്യത്തിൽ പതഞ്ജലി അവകാശപ്പെട്ടത്.

ഫെബ്രുവരിയിൽ ദേശീയ മാധ്യമങ്ങളിലടക്കം വന്ന പരസ്യത്തിലെ അവകാശവാദം നിയമത്തിന്റെ മൂന്നാം വകുപ്പിന്റെ ലംഘനമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമിറക്കിയാൽ 10 ലക്ഷം വരെ പിഴ

ഉപഭോക്താക്കളെ കബളിപ്പിക്കുന്ന വിധത്തിൽ തെറ്റിദ്ധാരണാജനകമായ പരസ്യങ്ങൾ നൽകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അഥോറിറ്റി(സിസിപിഎ) ജൂണിൽ നിർദ്ദേശിച്ചിരുന്നു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമിറക്കിയാൽ നിർമ്മാതാക്കൾ, പരസ്യദാതാക്കൾ, പരസ്യം പ്രചരിപ്പിക്കുന്നവർ എന്നിവർക്ക് 10 ലക്ഷം രൂപ പിഴ ചുമത്താൻ സിസിപിഎ മാർഗനിർദ്ദേശമിറക്കി. നിയമലംഘനം ആവർത്തിച്ചാൽ 50 ലക്ഷം രൂപ പിഴ ചുമത്താം. ഒരു വർഷംവരെ വിലക്ക് ഏർപ്പെടുത്താനും നിർദ്ദേശമുണ്ട്. കുട്ടികൾക്ക് യാഥാർഥ്യബോധമില്ലാത്ത പ്രതീക്ഷ നൽകുന്ന ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും പരസ്യം നൽകരുത്.

ആഹാരം, പോഷകാഹാരം എന്നിവയുടെ കാര്യത്തിൽ ശാസ്ത്രീയമായ രീതിയിൽ അംഗീകൃത സ്ഥാപനങ്ങളിൽനിന്നുള്ള അനുമതിയില്ലാതെ പരസ്യങ്ങൾ നൽകരുത്. നിയമപരമായ ആരോഗ്യമുന്നറിയിപ്പോടെ പ്രസിദ്ധീകരിക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുള്ള, കുട്ടികളെ ഉദ്ദേശിച്ചുള്ള ഉൽപ്പന്നങ്ങളുടെ പരസ്യങ്ങളിൽ സിനിമ, കായിക, സംഗീത മേഖലകളിൽ പ്രവർത്തിക്കുന്നവർ പ്രത്യക്ഷപ്പെടരുത്. പരസ്യത്തിൽ അവകാശപ്പെടുന്ന കാര്യങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ കഴിയില്ലെന്ന മുന്നറിയിപ്പ് നൽകുന്നതുവഴി കമ്പനിക്ക് ഒഴിഞ്ഞുമാറാനാകില്ല. പരസ്യത്തിന്റെ ഉള്ളടക്കവും ഈ മുന്നറിയിപ്പും ഒരേ ഭാഷയിൽ ആയിരിക്കണം. ഒരേ ഫോണ്ടിലും നൽകണം. 2019ലെ ഉപഭോക്തൃ സംരക്ഷണനിയമത്തിലെ 18-ാം വകുപ്പ് പ്രകാരമാണ് മാർഗനിർദ്ദേശം ഇറക്കിയത്.