- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി ഐ പി കനാലിന്റ ഇരുവശവും പാറ കുഴിച്ചു തുരങ്കമാക്കി പാലം കെട്ടി 45 വർഷമായി വെള്ളം കടത്തിവിടുന്നു; നീർപ്പാലത്തിന് സമീപം ഇരമ്പു തൂണുകൾ നാട്ടി സുരക്ഷ ഒരുക്കിയിട്ടും ഫലമില്ല; പാലവും റോഡും തമ്മിലെ ഉയരക്കുറവ് വീണ്ടും അപകടമായി; എങ്ങനെ വികസനം പാടില്ലെന്നതിന് തെളിവായി ഉതിമൂട് വലിയകലുങ്ക്; പുനലൂർ-മൂവാറ്റുപുഴ റോഡ് വികസനം പാളിയപ്പോൾ
റാന്നി: പമ്പാ ജലസേചന പദ്ധതിയുടെ ഉതിമൂട് വലിയകലുങ്ക് നീർപ്പാലത്തിൽ കണ്ടെയ്‌നർ ലോറി ഇടിച്ചു കയറുമ്പോൾ ശരിയാകുന്നത് പഴയ ആശങ്ക. വാഹനത്തിന്റെ മുകൾ വശം തകർന്നു. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം.
കുരുക്കായ റോഡിൽ അപകടങ്ങൾ ഒഴിവാക്കാൻ ഇരുമ്പു തൂണുകൾ സ്ഥാപിച്ച് കെഎസ്ടിപി മുൻകരുതൽ എടുത്തിരുന്നു. പുനലൂർ-മൂവാറ്റുപുഴ പാതയിൽ പമ്പാ ജലസേചന പദ്ധതിയുടെ (പിഐപി) വലിയകലുങ്ക് നീർപ്പാലത്തിനു സമീപമാണ് ഇരുമ്പു തൂണുകൾ നാട്ടി സുരക്ഷയൊരുക്കിയത്്. പിഐപി നീർപ്പാലത്തിന് അടിയിലൂടെയാണ് ഇവിടെ പാത കടന്നു പോകുന്നത്. റോഡ് വീതി കൂട്ടി പണിതപ്പോൾ നീർപ്പാലത്തിന് സംരക്ഷണമേകുന്ന കോൺക്രീറ്റ് തൂൺ നടുക്കായി. ഇതറിയാതെ എത്തുന്ന വാഹനങ്ങൾ തൂണിൽ ഇടിച്ചു കയറി അപകടം സംഭവിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ആദ്യമേ എല്ലാവരും പറഞ്ഞിരുന്നു. ഇതിനു പരിഹാരം കാണാനാണ് തൂണിന്റെ ഇരുവശത്തും ഇരുമ്പു ഗർഡറുകൾ നാട്ടി സംരക്ഷണം നൽകിയത്.
നീർപ്പാലത്തിന്റെ തൂണിനു മധ്യത്തിലായി ഒരു വശത്ത് ഇരുമ്പു തൂൺ സ്ഥാപിച്ചു. കറുപ്പും വെളുപ്പും പെയിന്റ് പൂശിയാണ് തൂണുകൾ നാട്ടിയത്. നീർപ്പാലത്തിന്റെ തൂണിനു ചുറ്റും ഇത്തരത്തിൽ അപകട മുന്നറിയിപ്പു നൽകാൻ പെയിന്റ് പൂശി. നീർപ്പാലവും റോഡും തമ്മിൽ ഉയരം കുറവായതിനാൽ കണ്ടെയ്‌നർ അടക്കം ഉയരം കൂടിയ വാഹനങ്ങൾക്കു ഇതിലെ കടന്നു പോകാൻ കഴിയില്ലെന്ന വാദവും ഉയർന്നിരുന്നു. വൈക്കോൽ കയറ്റിയ ലോറി എത്തിയാലും നീർപ്പാലത്തിൽ കുടുങ്ങുന്ന സ്ഥിതിയുണ്ടായിരുന്നു. ഇവിടെ വേണ്ടത് മേൽപ്പാലമാണ്. ഇത് തെളിയിക്കുന്നതാണ് ഇപ്പോഴത്തെ അപകടം.
റാന്നി ഭാഗത്തു നിന്ന് പത്തനംതിട്ട സുസുക്കി ഷോറൂമിലേക്കു പോകുകയായിരുന്നു കണ്ടെയ്‌നറാണ് ഇന്നലെ അപകടത്തിൽ പെട്ടത്. നീർപ്പാലത്തിന്റെ ഉയരം നോക്കിയാണ് കണ്ടെയ്‌നർ ഓടിച്ചു വന്നത്. നീർപ്പാലത്തിൽ വാഹനങ്ങൾ ഇടിച്ചു കയറാതിരിക്കാൻ സ്ഥാപിച്ചിരുന്ന ഇരുമ്പു ഗർഡർ ഡ്രൈവർ ശ്രദ്ധിച്ചില്ല. വേഗത്തിൽ വന്ന വാഹനം ഗർഡറിലും നീർപ്പാലത്തിലുമായി ഇടിച്ചു കയറുകയായിരുന്നു. കണ്ടെയ്‌നറിന്റെ മുകൾ ഭാഗമാണ് തകർന്നത്. ഗതാഗതം തടസ്സപ്പെടാതിരിക്കാൻ വാഹനം പിന്നിലേക്കെടുത്ത് റോഡിന്റെ വശത്തിട്ടിട്ടുണ്ട്.
കോന്നി-പ്ലാച്ചേരി പാതയുടെ നിർമ്മാണം ആരംഭിച്ചപ്പോൾ തന്നെ നീർപ്പാലത്തിലെ അപകടാവസ്ഥ ചർച്ചയായിരുന്നു. വളവ് ഒഴിവാക്കി ഇവിടെ പുതിയ റോഡും പാലവും നിർമ്മിച്ചെങ്കിലും നീർപ്പാലത്തോടു ചേർന്ന ഭാഗത്ത് റോഡ് താഴ്‌ത്താൻ കഴിഞ്ഞിരുന്നില്ല. മേൽപ്പാലം നിർമ്മിക്കുക മാത്രമാണ് ഇവിടുത്തെ പരിഹാരം. കണ്ടെയ്‌നർ ഉൾപ്പെടെയുള്ള ഉയരം കൂടിയ വാഹനങ്ങൾ ഇതിലെ കടന്നു പോകില്ല.
നീർപ്പാലത്തിൽ വാഹനങ്ങൾ ഇടിക്കാതിരിക്കാൻ ഇരുമ്പു തൂണുകൾ നാട്ടി കുറുകെ ഗർഡർ സ്ഥാപിച്ചിരുന്നു. ഇതിൽ ചെയിനുകളും തൂക്കിയിരുന്നു. അടുത്തിടെ ഉയരം കൂടിയ വാഹനം കടന്നു പോയപ്പോൾ ചെയിനുകൾ പൊട്ടിപ്പോയി. ഇതോടെ നീർപ്പാലം അപകടക്കെണിയായി്. പകൽ വാഹനം ഇടിച്ചു കയറിയ സ്ഥിതിക്ക് രാത്രിയിൽ അപകടങ്ങൾ വർധിക്കാനിടയുണ്ട്.
പത്തനംതിട്ട മണ്ണാറ കുളഞ്ഞി റാന്നി റോഡിൽ ഉതിമൂട് വലിയകലുങ്ക് ഭാഗത്ത് പി ഐ പി കനാൽ പാലത്തിന്റ അടിയിലൂടെ വലിയ വാഹനങ്ങൾ കടന്നുപോകാത്ത നിർമ്മാണ പ്രവർത്തിയാണ് നടന്നിട്ടുള്ളത്. പി ഐ പി കനാലിന്റ ഇരുവശവും ഇവിടെ പാറ കുഴിച്ചു തുരങ്കമാക്കി പാലം കെട്ടിയാണ് 45 വർഷമായി വെള്ളം കടത്തിവിടുന്നത്. കനാലിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാൻ സാധ്യമല്ല, ചെയ്തിട്ട് കാര്യവുമില്ല.റോഡിന്റെ അലൈമെന്റിൽ മാത്രം മാറ്റംവരുത്തിയുള്ള നിർമ്മാണമായിരുന്നു നടത്തേണ്ടിയിരുന്നത്.
15 വർഷമായി അധികൃതരുടെ ശ്രദ്ധയിൽ ഈ വിഷയം പെടുത്തിയിട്ടും അശാസ്ത്രീയ നിർമ്മാണങ്ങളാണ് കെ എസ് ടി പി അവലംഭിച്ചത്. ഇതിന്റ ബാക്കിപത്രമാണ് ഇവിടെ ഉണ്ടായ ദുരന്തം. ശബരിമലയുമായി ബന്ധപ്പെട്ട പ്രധാന പാതകൂടിയാണ് ഈ റോഡ്. ഇനി ഫ്‌ളൈഓവർ പണിതാൽ മാത്രമേ പരിഹരിക്കാൻ സാധിക്കൂ .എങ്കിൽ മാത്രമേ ഈ റോഡിന്റെ 100% വിജയം ഉറപ്പിക്കാൻ സാധ്യമാകൂ.
മറുനാടന് മലയാളി ബ്യൂറോ