ലക്‌നൗ: ഉത്തർ പ്രദേശിലെ ഗുണ്ടാത്തലവനും നൂറോളം ക്രിമിനൽ കേസുകളിലെ പ്രതിയും സമാജ്വാദി പാർട്ടിയുടെ എംപിയുമായിരുന്ന അതിഖ് അഹമ്മദ് ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ വെടിയേറ്റു കൊല്ലപ്പെട്ടു. . പ്രയാഗ്രാജിൽ മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടുപോകവെയായിരുന്നു സംഭവം. അതിഖിന്റെ സഹോദരൻ അഷ്‌റഫ് അഹമ്മദും വെടിയേറ്റു കൊല്ലപ്പെട്ടു. 

പൊലീസിനൊപ്പം നടന്നുകൊണ്ടിരിക്കെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് വെടിവെപ്പുണ്ടായത്. മൂന്ന് പേർ വെടി വെക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രയാഗ്രാജിലെ ധൂമംഗഞ്ച് പൊലീസ് സ്റ്റേഷനിൽ നടന്ന വെടിവെപ്പിൽ ഗുണ്ടാസംഘം ആത്തിഖ് അഹമ്മദിനേയും സഹോദരൻ അഷ്റഫിനേയും വെടിവെച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

പുറത്ത് നിന്ന് എത്തിയവർ വെടിവെച്ചെന്നാണ് പൊലീസ് പറയുന്നത്. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ അക്രമികൾ ആൾക്കൂട്ടത്തിനു ഇടയിൽ നിന്നും തലയ്ക്ക് വെടിവെക്കുകയായിരുന്നു. ആദ്യം വെടിവച്ചത് ആതിക്കിനെയായിരുന്നു. പിന്നീട് അഷ്‌റഫിനെയും വെടിവെച്ചു. രണ്ടുപേരും പെട്ടെന്ന് തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ മൂന്നുപേർ പൊലീസിന്റെ പിടിയിലായി.

കഴിഞ്ഞ ദിവസമാണ് ഉത്തർപ്രദേശിലെ ഉമേഷ് പാൽ കൊലപാതകക്കേസിൽ ജയിലിലായ മുൻ എംപികൂടിയായ അതിഖ് അഹമ്മദിന്റെ മകൻ അസദ് അഹമ്മദ് ഏറ്റുമുട്ടലിനിടെ വെടിയേറ്റുമരിച്ചത്. അതിഖ് അഹമ്മദിന്റെ ഗുണ്ടാസംഘത്തെ ഉന്മൂലനം ചെയ്യുമെന്ന് യോഗി ആദിത്യനാഥ് ഉറപ്പുനൽകിയിരുന്നു.

അതിഖ് അഹമ്മദിന്റെ മകൻ ആസാദ് അഹമ്മദും കൂട്ടാളി ഗുലാമും ഉത്തർപ്രദേശ് പൊലീസിന്റെ പ്രത്യേക ദൗത്യസേനയുമായുള്ള(എസ്.ടി.എഫ്.) ഏറ്റുമുട്ടലിലാണ് വ്യാഴാഴ്ച കൊല്ലപ്പെട്ടത്.

ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെയാണ് അതിഖ് അഹമ്മദ് കൊല്ലപ്പെട്ടിരിക്കുന്നത്. സമാജ്വാദി പാർട്ടി മുൻ എംപി.യായ ഇയാൾ നൂറോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. 2005-ൽ അന്നത്തെ ബി.എസ്‌പി. എംഎ‍ൽഎ. രാജുപാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയായ ഉമേഷ് പാലും രണ്ട് സുരക്ഷാഉദ്യോഗസ്ഥരും ഫെബ്രുവരി 24-നാണ് പ്രയാഗ്രാജിലെ ധൂമംഗഞ്ചിലെ വീടിനുപുറത്ത് വെടിയേറ്റ് മരിച്ചത്.

ഇവരെ കൊലപ്പെടുത്തിയ സംഘത്തിന്റെ തലവനാണ് മകൻ ആസാദെന്നാണ് പൊലീസ് പറയുന്നത്. അതിഖ് അഹമ്മദ്, സഹോദരൻ അഷ്‌റഫ്, ആസാദ്, ഗുലാം എന്നിവരുടെപേരിൽ പൊലീസ് കേസെടുത്തിരുന്നു.

ഉമേഷ് പാൽ വധക്കേസുമായി ബന്ധപ്പെട്ട് യുപി പൊലീസ് സംഘം അതിഖ് അഹമ്മദിനെ ഗുജറാത്തിലെ സബർമതി ജയിലിൽ നിന്ന് പ്രയാഗ് രാജിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സിജെഎം) കോടതിയിൽ ഹാജരാക്കാൻ കൊണ്ടു പോകുന്നതിനിടയിലായിരുന്നു മകനെ കൊലപ്പെടുത്തിയത്.

താനും കുടുംബവും കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് അതിഖ് അഹമ്മദ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ബിഎസ്‌പി എംഎൽഎ രാജു പാലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ സാക്ഷിയായ ഉമേഷ് പാലിനെ കഴിഞ്ഞ ഫെബ്രുവരിയിലാണ് കൊലപ്പെടുത്തിയത്.

കൊടുംക്രിമിനലായ അതിഖ് അഹമ്മദിന്റെ സാമ്രാജ്യം യോഗി ആദിത്യനാഥ് സർക്കാർ തകർത്തെറിഞ്ഞത് 50 ദിവസംകൊണ്ടായിരുന്നു. സമാജ്വാദി പാർട്ടിയുടെ നേതാവായിരുന്ന അതിഖ് അരനൂറ്റാണ്ടിലെ രാഷ്ട്രീയ, ക്രിമിനൽ പ്രവർത്തനങ്ങൾകൊണ്ട് നേടിയെടുത്തത് 1400 കോടി രൂപയുടെ സ്വത്തുവകകളാണ്. ഇതുൾപ്പെടെ അതിഖിന്റെയും കൂട്ടാളികളുടെയും സ്വത്തുക്കൾ സർക്കാർ കണ്ടുകെട്ടിയിരുന്നു.

1400 കോടിയുടെ സ്വത്തുക്കളെക്കൂടാതെ 50ൽ പരം ഷെൽ കമ്പനികളിൽക്കൂടി അതിഖ് അഹമ്മദും കൂട്ടരും വെളുപ്പിച്ചെടുത്ത 100 കോടി രൂപയും കണ്ടെടുത്തിട്ടുണ്ട്. ''അതിഖ് അഹമ്മദിന്റെ ഗുണ്ടാ സാമ്രാജ്യം മാത്രമല്ല സാമ്പത്തിക സാമ്രാജ്യവും 50 ദിവസങ്ങൾക്കൊണ്ട് യുപി ഭരണകൂടം തകർത്തു. മൂന്നാമത്തെ മകനാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട അസദ്. പ്രായപൂർത്തിയാകാത്ത രണ്ട് ആൺമക്കൾ ജുവനൈൽ ഹോമിലും. അതിഖിന്റെ ഭാര്യ ഷെയ്‌സത പർവീൺ ഒളിവിലാണ്'' ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.

മറ്റുപലരുടെയും ഉടമസ്ഥതയിലുള്ള ഡമ്മി കമ്പനികളാണ് ഈ ഷെൽ കമ്പനികളെന്ന് ഇഡി നടത്തിയ റെയ്ഡിൽ തെളിഞ്ഞിരുന്നു. ഇയാളുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ ഇഡിയുടെ 15 സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. നൂറിലധികം ക്രിമിനൽ കേസുകൾ അതിഖിന്റെ പേരിലുണ്ടെങ്കിലും പലപ്പോഴും ജാമ്യം നേടി സ്വതന്ത്രനായി വിലസുകയായിരുന്നു പതിവ്.

ഇയാൾക്കെതിരെ ആദ്യകേസ് ഫയൽ ചെയ്യുന്നത് 1979ലാണ്. അന്നും പിന്നീടും പല കേസുകളിലും സാക്ഷികൾ കൂറുമാറുകയോ അവരെ കാണാതാകുകയോ ചെയ്തതിനാൽ യുപിയിലെ ഒരു സർക്കാരിനും ഇയാളെ ഒരു കേസിലും ശിക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല.

ബിഎസ്‌പി എംഎൽഎ രാജുപാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയായ ഉമേഷ് പാലിനെ തട്ടിക്കൊണ്ടുപോയി വധിച്ച കേസിലാണ് അതിഖ് അഹമ്മദ് അറസ്റ്റിലായത്. കഴിഞ്ഞ മാസം ഈ കേസിൽ ജീവപര്യന്തം തടവു ശിക്ഷ വിധിച്ചിരുന്നു.