ഡെറാഡ്യൂൺ: ഉത്തരാഖണ്ഡിൽ ലിവ് ഇൻ റിലേഷൻ ബന്ധങ്ങൾക്ക് തടവു ശിക്ഷ അടക്കം ഏർപ്പെടുത്തുന്ന നിയമമാണ് നിയമസഭയിൽ അവതരിപ്പിച്ചത്. ഏക സിവിൽ കോഡ് കരട്ബില്ലിലെ നിർദ്ദേശം വിവാദങ്ങൾക്ക് വഴിവെക്കുന്നുണ്ട്. ഉത്തരാഖണ്ഡിൽ ഒന്നിച്ചു ജീവിക്കണമെങ്കിൽ രക്ഷിതാക്കളുടെ സമ്മതത്തോടെയുള്ള വിവാഹ ബന്ധത്തിലൂടെ മാത്രമേ കഴിയുകയുള്ളൂ. രജിസ്റ്റർ ചെയ്യാതെ ഒന്നിച്ചു ജീവിക്കുന്നവർക്ക് ആറുവർഷം തടവുശിക്ഷയും പിഴയും ലഭിക്കും.

ഉത്തരാഖണ്ഡ് സ്വദേശികൾ മറ്റ് സംസ്ഥാനങ്ങളിൽ ലിവ് ഇൻ റിലേഷൻ ബന്ധം നയിച്ചാലും നിയമം ബാധകമായിരിക്കും. ലിവ് ഇൻ റിലേഷൻ പൊതുസമൂഹത്തിന്റെ ധാർമികതക്ക് നിരക്കുന്നതല്ലെന്നും ഇത്തരം ബന്ധങ്ങളിലെ ഒരു പങ്കാളി വിവാഹിതനും അല്ലെങ്കിൽ മറ്റൊരു ബന്ധത്തിലാണെങ്കിൽ, ഒരു പങ്കാളി പ്രായപൂർത്തിയാകാത്ത ആളാണെങ്കിൽ ബന്ധം രജിസ്റ്റർ ചെയ്യില്ലെന്നും നിർദ്ദേശത്തിലാണ്.

രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് ബന്ധത്തിന്റെ നിയമപരമായ സാധുത ഉറപ്പാക്കുന്നതിന് സമഗ്രാന്വേഷണവും നടത്തും. രജിസ്റ്റർ ചെയ്ത ലിവ് ഇൻ റിലേഷൻ ബന്ധങ്ങൾ അവസാനിപ്പിക്കുന്നതിന് ഇരുവരുടെയും രേഖാമൂലമുള്ള പ്രസ്താവനകളും ആവശ്യമാണ്. സംസ്ഥാനത്തെ ലിവ് ഇൻ റിലേഷൻ ബന്ധങ്ങളുടെ വിശദാംശങ്ങൾ സ്വീകരിക്കാൻ വെബ്‌സൈറ്റ് തന്നെ തയാറാക്കിക്കൊണ്ടിരിക്കുകയാണ്. അതുപോലെ ലിവ് ഇൻ റിലേഷനിലെ വിവരങ്ങൾ നൽകുന്നതിൽ പരാജയപ്പെടുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്താൽ നൽകുന്നയാളെ മൂന്ന് മാസത്തേക്ക് തടവിനും 25,000 രൂപ പിഴക്കും ശിക്ഷിക്കും.

തത്സമയ ബന്ധം രജിസ്റ്റർ ചെയ്യുന്നതിൽ പരാജയപ്പെടുന്നവർക്ക് പരമാവധി ആറ് മാസം തടവോ 25,000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. രജിസ്‌ട്രേഷനിൽ ഒരു മാസത്തെ കാലതാമസമുണ്ടായാൽ പോലും തടവു ശിക്ഷ ബാധകം. അതുപോലെ രജിസ്റ്റർ ചെയ്ത ലിവ് ഇൻ റിലേഷനുകളിൽ ജനിക്കുന്ന കുട്ടികൾക്ക് മാതാപിതാക്കളുടെ സ്വത്തിന് തുല്യ അവകാശം ലഭിക്കും. ഇത്തരം ബന്ധങ്ങളിൽ പങ്കാളി ഉപേക്ഷിച്ച സ്ത്രീകൾക്ക് ജീവനാംശത്തിനും കോടതിയെ സമീപിക്കാം.

ബില്ല് പാസായാൽ രാജ്യത്ത് ഏകസിവിൽകോഡ് നടപ്പാക്കുന്ന ആദ്യസംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും. അഞ്ചംഗസമിതി കൈമാറിയ ഏക സിവിൽകോഡ് കരടിന് ഞായറാഴ്ചയാണ് ഉത്തരാഖണ്ഡ് മന്ത്രിസഭ അംഗീകാരം നൽകിയത്. റിട്ട. സുപ്രീംകോടതി ജഡ്ജി രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള സമിതി നാലു വോള്യങ്ങളിലായി 749 പേജുള്ള കരട് റിപ്പോർട്ടിൽ നിരവധി നിർദ്ദേശങ്ങളാണ് മുന്നോട്ടുവെച്ചിട്ടുള്ളത്.

ബഹുഭാര്യത്വത്തിനും ശൈശവവിവാഹത്തിനും പൂർണ നിരോധനം, എല്ലാ മതങ്ങളിലുമുള്ള പെൺകുട്ടികളുടെ വിവാഹപ്രായം ഏകീകരിക്കൽ, വിവാഹമോചനത്തിനുള്ള ഏകീകൃത നടപടിക്രമം എന്നിവയടക്കം നിർദ്ദേശങ്ങളിലുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഏകീകൃത സിവിൽകോഡും ചർച്ചയാക്കാനാണ് കേന്ദ്രസർക്കാറിന്റെയും ബിജെപിയുടെയും ശ്രമം. ഇതിന്റെ തുടക്കമെന്നോണമാണ് ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽകോഡ് ബിൽ നിയമസഭയിൽ അവതരിപ്പിച്ചത്. മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയാണ് കരട് ബിൽ അവതരിപ്പിച്ചത്. ബില്ലിനോട് എതിർപ്പില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി.

ഏകീകൃത ബിൽ അവതരണത്തിനും അതിന്മേലുള്ള ചർച്ചകൾക്കുമായി അഞ്ചു ദിവസത്തെ നിയമസഭാ സമ്മേളനമാണ് വിളിച്ചു ചേർത്തത്. ഏകീകൃത സിവിൽ കോഡ് ബില്ലിനോട് ഞങ്ങൾക്ക് എതിർപ്പില്ല. എന്നാൽ എംഎൽഎമാരുടെ ഭൂരിപക്ഷത്തിന്റെ ബലത്തിൽ ബിജെപി, പ്രതിപക്ഷ ശബ്ദത്തെ അടിച്ചമർത്തുന്ന രീതി അംഗീകരിക്കാനാകില്ലെന്ന് കോൺഗ്രസ് എംഎൽഎയും പ്രതിപക്ഷ നേതാവുമായ യശ്പാൽ ആര്യ പറഞ്ഞു.

രാവിലെ ഭരണഘടനയുടെ വലിയ കോപ്പി കയ്യിൽ പിടിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി നിയമസഭയിലെത്തിയത്. കോൺഗ്രസ് നിയമസഭ നടപടികളുമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. മുഖ്യമന്ത്രി കരട് ബിൽ അവതരിപ്പിച്ചപ്പോൾ ബിജെപി അംഗങ്ങൾ ജയ് ശ്രീറാം, വന്ദേമാതരം വിളികൾ മുഴക്കി.

ദേവഭൂമി ഉത്തരാഖണ്ഡിലെ പൗരന്മാർക്ക് തുല്യ അവകാശങ്ങൾ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി പറഞ്ഞു. ബിൽ അവതരിപ്പിക്കുന്നതിന് മുമ്പ്, അതിന്റെ വ്യവസ്ഥകൾ പഠിക്കാൻ സമയം നൽകിയില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ പ്രതിഷേധിച്ചു. നിയമനിർമ്മാണ പാരമ്പര്യങ്ങൾ ലംഘിച്ച് ചർച്ചയില്ലാതെ ബിൽ പാസ്സാക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് യശ്പാൽ ആര്യ കുറ്റപ്പെടുത്തി. പ്രതിഷേധത്തെത്തുടർന്ന് ബിൽ പഠിക്കാൻ മതിയായ സമയം ഉറപ്പാക്കുമെന്ന് സ്പീക്കർ ഉറപ്പു നൽകി.