തിരുവനന്തപുരം: മാളികപ്പുറം സിനിമയെ പറ്റി നെഗറ്റീവ് അഭിപ്രായം രേഖപ്പെടുത്തിയ യുട്യൂബറെ ചീത്ത വിളിച്ച സംഭവത്തിൽ വിശദീകരണവുമായി നടൻ ഉണ്ണി മുകുന്ദൻ നേരത്തെ രംഗത്തുവന്നിരുന്നു. ഉണ്ണിയുടെ വീട്ടുകാരെയും മാളികപ്പുറം സിനിമയിലെ ബാലതാരത്തെയും കുറിച്ച് അടക്കം സംഭാഷണത്തിനിടെ മറുപകുതിയിൽ നിന്നും മോശം രീതിയിൽ പരാമർശിക്കപ്പെട്ടിരുന്നു. സംഭവത്തിന് ശേഷം ഉണ്ണി ഫേസ്‌ബുക്ക് കുറിപ്പും നൽകി.

ഇതിനിടെ ഈ വേളയിൽ ഉണ്ണിയെ പിന്തുണച്ചു കൊണ്ട് സംവിധായകൻ വി സി. അഭിലാഷ് രംഗത്തെത്തി. ആളൊരുക്കാം, സബാഷ് ചന്ദ്രബോസ് സിനിമകളുടെ സംവിധായകനാണ് അഭിലാഷ്. അഭിലാഷിന്റെ കുറിപ്പിലേക്ക്:

'ഞാൻ ഉണ്ണി മുകുന്ദനെ പിന്തുണയ്ക്കുന്നു. ആ വ്‌ലോഗ്ഗർ തന്റെ വീഡിയോയിൽ 'വ്യക്തിപര' ആക്രമണം നടത്തുന്നുണ്ട്. അതിന് ഒരാൾക്കും അവകാശമില്ല. തുടർന്നുള്ള ഫോൺ വിളിയിലും വ്‌ലോഗ്ഗർ നല്ല പിള്ള ചമയുന്നുണ്ട്. ടിക്കറ്റ് എടുത്ത് സിനിമ കാണുന്നവർക്ക് വിമർശിക്കാൻ അവകാശമുണ്ട്. അത് പക്ഷേ കൊമേഴ്‌സ്യൽ താൽപര്യത്തോടെ ചെയ്യുമ്പോൾ അഭിപ്രായ പ്രകടനം മാത്രമല്ല സംഭവിക്കുന്നത്. സിനിമാ വിമർശനം വ്യക്തിയധിക്ഷേപത്തിലേക്ക് തരം താഴരുത്.

വ്‌ലോഗ്ഗർമാർ മനസ്സിലാക്കേണ്ടത്, ഒരു സിനിമയ്ക്ക് നിങ്ങൾ പണം മുടക്കി ടിക്കറ്റ് എടുത്തു എന്നു പറയുമ്പോൾ തന്നെ നിങ്ങളുടെ യൂ ടൂബ് വീഡിയൊ എന്ന് പറയുന്ന സംഗതിയും അത് കാണുന്നവർക്ക് സൗജന്യമായി കിട്ടുന്നതല്ല എന്ന് നിങ്ങളും തിരിച്ചറിയുന്നത് നല്ലതാണ്. നിങ്ങൾക്കെതിരെ വരുന്ന വിമർശനം/ നിരൂപണം നേരിടാനും നിങ്ങൾക്കും മനസ്സുണ്ടാവണം. മെക്‌സിക്കൻ അപാരത പുറത്തിറങ്ങിയപ്പോൾ തീയറ്ററിനുള്ളിൽ മുദ്രാവാക്യം വിളിക്കാമെങ്കിൽ മാളിക പ്പുറമിറങ്ങുമ്പോൾ തീയറ്ററിനുള്ളിൽ ശരണം വിളിയും പ്രതീക്ഷിക്കണം.

ഞാനെന്ന ചലച്ചിത്ര സംവിധായകൻ അല്ല, എന്നിലെ സാമൂഹിക ബോധ്യമുള്ള സാധാരണക്കാരനാണ് ഇത് കുറിക്കുന്നത്. ഉണ്ണി മുകുന്ദന്റെ രാഷ്ട്രീയമല്ല എന്റേത്. ഇത് പറയുന്നതിലൂടെ ഞാൻ ചിലപ്പോ വായുമാർഗ്ഗം സഞ്ചരിക്കേണ്ടി വന്നേക്കാം. എന്നാലും എനിക്കിത് പറഞ്ഞേ പറ്റൂ. പറയാനുള്ളത് പറഞ്ഞു തന്നെ പോകണമല്ലോ.'

അതേസമയം വ്യക്തിപരമായ പരാമർശങ്ങൾക്കെതിരെയാണ് താൻ ദേഷ്യപ്പെട്ടതെന്നും അയ്യപ്പനെ വിറ്റു എന്നൊക്കെ പറഞ്ഞതുകൊണ്ടാണ് തന്റെ പ്രതികരണമുണ്ടായതെന്ന് ഉണ്ണി മുകുന്ദൻ തന്റെ ഫേസ്‌ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു. തന്റെ പ്രതികരണം മോശമായ രീതിയിലാണെന്ന് സ്വയം മനസ്സിലാക്കിയപ്പോൾ യുട്യൂബറെ വിളിച്ച് ഫോണിൽ വിളിച്ച് മാപ്പ് പറഞ്ഞുയെന്നും നടൻ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

'തെറ്റ് സംഭവിച്ചു എന്നൊന്നും ഞാൻ പറയുന്നില്ല, പക്ഷെ ഇന്നലെ ആ വ്യക്തിയെ, ഞാൻ 15 മിനിറ്റിനു ശേഷം വിളിച്ചു മാപ്പു ചോദിച്ചിരുന്നു. തിരിച്ചു അദ്ദേഹം എന്നോടും മാപ്പ് പറഞ്ഞിരുന്നു. വിഡിയോ യൂട്യൂബിൽ വന്നത് വ്യൂസിന് വേണ്ടിയാകാം, എന്നോടുള്ള തീർത്താൽ തീരാത്ത ദേഷ്യം കൊണ്ടുമാവാം. മാൻലി ആയിട്ട് സംസാരിക്കണം എന്ന് പറഞ്ഞതു കൊണ്ട് മാത്രമാണ് നേരിട്ട് വിളിച്ച് കാര്യം പറഞ്ഞത്.' എന്നായിരുന്നു ഉണ്ണിയുടെ കുറിപ്പിന്റെ തുടക്കം.

ഉണ്ണി മുകുന്ദന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

തെറ്റ് സംഭവിച്ചു എന്നൊന്നും ഞാൻ പറയുന്നില്ല, പക്ഷെ ഇന്നലെ ആ വ്യക്തിയെ,ഞാൻ 15 മിനിറ്റിനു ശേഷം വിളിച്ചു മാപ്പു ചോദിച്ചിരുന്നു.തിരിച്ചു അദ്ദേഹം എന്നോടും മാപ്പ് പറഞ്ഞിരുന്നു. വിഡിയോ യൂട്യൂബിൽ വന്നത് വ്യൂസിന് വേണ്ടിയാകാം, എന്നോടുള്ള തീർത്താൽ തീരാത്ത ദേഷ്യം കൊണ്ടുമാവാം. മാൻലി
ആയിട്ട് സംസാരിക്കണം എന്ന് പറഞ്ഞതു കൊണ്ട് മാത്രമാണ് നേരിട്ട് വിളിച്ച് കാര്യം പറഞ്ഞത്.
സിനിമ റിവ്യു ചെയ്യണം, അഭിപ്രായങ്ങൾ പറയണം.അതു പൈസയും സമയവും ചെലവാക്കുന്ന ഓരോ പ്രേക്ഷകന്റെയും അവകാശമാണ്..
എന്റെ ദേഷ്യം, സങ്കടം അത് ആ വ്യക്തിയുടെ പേർസനൽ പരാമർശങ്ങളോടാണ്.
നിങ്ങൾ ഒരു വിശ്വാസി അല്ല എന്നു വച്ചു ഞാൻ അയ്യപ്പനെ വിറ്റു എന്നു പറയാൻ ഒരു യുക്തിയുമില്ലാ .
എന്നെ വളർത്തിയവർ എന്നെ ഇങ്ങനെയാക്കി എന്നു പറയുമ്പോ,അത് അച്ഛനേയും അമ്മയേയും മോശം പറയുന്നതായി മാത്രമേ എനിക്ക് കാണാൻ സാധിക്കു.
എന്റെ പ്രതികരണം മോശമായി എന്നു എനിക്ക് തോന്നിയതുകൊണ്ട് മാത്രമാണ് ഞാൻ ആ വ്യക്തിയെ വിളിച്ച് 15 മിനിറ്റ് മുകളിൽ വിളിച്ച് മാപ്പ് ചോദിച്ചതും , എന്നാൽ സിനിമ അഭിപ്രായങ്ങൾ ആവാം പക്ഷെ വീട്ടുകാരേയോ എന്റെ ചിന്തകളേയോ ആലോചിച്ച് ആവരുതേ ഒരോന്ന് പ്രസന്റ് ചെയേണ്ടത് എന്നെ ഞാൻ പറഞ്ഞിട്ടുള്ളു , ഉദ്ദേശിച്ചിട്ടുള്ളു. ആദ്യ ഫോൺ കോൾ റെക്കോർഡ് അല്ല എന്ന് പറഞ്ഞിട്ട് റെക്കോർഡ് ചെയ്ത സ്ഥിതിക്ക് രണ്ടാമത്തെതും റെക്കോർഡ് ആവണം ... അത് ഒരു പക്ഷേ ആ വ്യക്തി അറിഞ്ഞു ചെയ്തതോ അറിയാതെ ചെയ്തതോ ആവാം എന്തും ആയിക്കോട്ടേ
പറഞ്ഞ രീതി ശരി അല്ല എന്നു ആവാം.
പക്ഷെ പറഞ്ഞ കാര്യങ്ങൾ ശരിയാണ് എന്ന പൂർണ്ണ വിശ്വാസത്തോടെ മുൻപോട്ട് പോവുകയാണ്.
ഒരു കാര്യം പറയാം ഞാൻ ഒരു വിശ്വാസിയാണ്, അയ്യപ്പഭക്തനാണ് , ആരുടേയും വിശ്വാസത്തേ ചോദ്യം ചെയ്തിട്ടില്ലാ,ആരോടും മാറാൻ പറഞ്ഞിട്ടില്ലാ ..
സിനിമ റിവ്യു ചെയ്യാം ചെയ്യാതെ ഇരിക്കാം , പക്ഷെ
'' ഫ്രീഡം ഓഫ് സ്പീച്ച് ' എന്നു പറഞ്ഞു വീട്ടുകാരേ
മോശമായി കാണിക്കരുത് , സിനിമയിൽ അഭിനയിച്ച ആ മോളേ വെച്ചു ഭക്തി കച്ചവടം നടത്തി എന്നൊക്കെ കേൾക്കാൻ ബുദ്ധിമുട്ടള്ളതുകൊണ്ടാണ് നേരിട്ട് വിളിച്ചത്.
ഒരു അച്ഛനേയോ അമ്മയേയോ തെറി വിളിച്ചാലോ കളിയാക്കിയാലോ , പിന്നെ ഒരു മകനും ഇങ്ങനെ ജീവിക്കാൻ പറ്റില്ലാ. തെറി പറഞ്ഞിട്ടുണ്ടെങ്കിൽ , അത് ഒരു മകന്റെ വിഷമം ആയിട്ടോ അല്ലേൽ ഉണ്ണി മുകുന്ദന്റെ അഹങ്കാരമായോ കാണാം . ഒരു സിനിമ ചെയ്തു , അതിനെ വിമർശിക്കാം, എന്നതു കൊണ്ട് എന്റെ മാതാപിതാക്കളേയോ ദേവുനേയോ അനാദരവോടെ സംസാരിക്കുന്നത് എനിക്ക് സ്വീകരിക്കാൻ പറ്റില്ല ..
ഉണ്ണി എന്ന ഞാൻ ഇമോഷണല്ലി റിയാക്റ്റ് ചെയ്തു എന്നു പലരും പറഞ്ഞു , സത്യം എന്തെന്നാൽ ഞാൻ ഇങ്ങനെയാണ് . ഒന്നും വെറുതെ കിട്ടിയതല്ലാ നല്ലവണ്ണം കഷ്ട്ടപ്പെട്ട് പ്രാർത്ഥിച്ചു കിട്ടിയതാണ്.അതിന് ഇവിടത്തെ പ്രേക്ഷകരോടും ദൈവത്തോടും തന്നെയാണ് ഇപ്പോഴും നന്ദി .
വാക്കുകൾകൊണ്ട് വേദനിപ്പിച്ചവരോട് ക്ഷമചോദിക്കുന്നു. Kindly take my apology as a testament for my responsibility as a socially responsible person and not as my weakness as a Man. ഇതു വരെ കൂടെ നിന്നതിനും ഇപ്പോഴും നിക്കുന്നതിനും സ്നേഹം മാത്രം . See u at the movies - Love u all
മാളികപ്പുറം തമിഴ് തെലുങ്ക് വേർഷനുകൾ റിലീസ് ആവുകയാണ് . പ്രാർത്ഥിക്കണം Unni Mukundan