- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മുനമ്പം വിഷയത്തില്‍ സമരം നടത്തുന്നവര്‍ക്ക് ആദ്യം പിന്തുണ കൊടുത്തത് തങ്ങള്‍; ആ ജനതക്ക് റവന്യൂ അവകാശം വാങ്ങി നല്‍കുന്നത് വരെ അവര്‍ക്കൊപ്പം ഉണ്ടാകു'മെന്ന് വി ഡി സതീശന്‍; '40 മണ്ഡലങ്ങളില്‍ ലത്തീന്‍ സഭയ്ക്ക് സ്വാധീനമുണ്ട്; ജയിച്ചില്ലെങ്കിലും തോല്‍പ്പിക്കാന്‍ കഴിയു'മെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലത്തീന്‍ സഭയുടെ മുന്നറിയിപ്പും
മുനമ്പം വിഷയത്തില്‍ സമരം നടത്തുന്നവര്‍ക്ക് ആദ്യം പിന്തുണ കൊടുത്തത് തങ്ങള്‍
തിരുവനന്തപുരം: മുനമ്പം ഭൂവിഷയത്തില്‍ യുഡിഎഫിനുള്ളില്‍ തന്നെ വ്യത്യസ്ഥ അഭിപ്രായം ഉയരുമ്പോള്‍ നിലപാട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുനമ്പത്ത് സമരം നടത്തുന്നവര്‍ക്ക് ആദ്യം പിന്തുണ കൊടുത്തത് തങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് അവകാശപ്പെട്ടു. റവന്യൂ അവകാശം വാങ്ങി നല്‍കുന്നത് വരെ അവര്‍ക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് സംസ്ഥാനതല ലത്തീന്‍ കത്തോലിക്കാ ദിനാചരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.
എല്ലാ തീരപ്രദേശത്തും തീരശോഷണം നടന്നുകൊണ്ടിരിക്കുന്നു.കാലാവസ്ഥ വ്യതിയാനം രൂക്ഷമായി. നന്മയുടെ ഭാഗത്താണ് ലത്തീന്‍ സഭ എന്നും നിന്നിട്ടുള്ളത്. ഈ പോരാട്ടം തുടരുക തന്നെ ചെയ്യണമെന്നും വി ഡി സതീശന്‍ പറഞ്ഞു. അതേസമയം മുനമ്പം വിഷയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് താക്കീതുമായി ലത്തീന്‍ സഭയും രംഗത്തുവന്നു. മുനമ്പം ഭൂമിവിഷയത്തില്‍ എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും, വിഷയം വര്‍ഗീയവത്കരിക്കരുതെന്നും ലത്തീന്‍ സഭ വ്യക്തമാക്കി.
ലത്തീന്‍ കത്തോലിക്ക സഭാദിനാഘോഷത്തിലാണ് വിവിധ പുരോഹിതന്മാര്‍ വിഷയം രമ്യമായി പരിഹരിയ്ക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. മതേതരത്വം കാത്തുസൂക്ഷിക്കുന്ന ജനതയാണ് ലത്തീന്‍ സഭയെന്നും മുനമ്പം ഭൂമി വിവാദത്തെ വര്‍ഗീയവത്ക്കരിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ പ്രത്യേകം ശ്രദ്ധവേണമെന്നും കെആര്‍എല്‍സിസി അധ്യക്ഷനായ ബിഷപ് ഡോ.വര്‍ഗീസ് ചക്കലയ്ക്കല്‍ പറഞ്ഞു.
കുടുംബങ്ങള്‍ വഴിയാധാരമാകുന്ന കാര്യങ്ങളാണ് മുനമ്പത്ത് കേള്‍ക്കുന്നത്. റവന്യു അവകാശങ്ങള്‍ നേടിക്കൊടുക്കാന്‍ നമ്മള്‍ ഒപ്പമുണ്ടാകണമെന്നും സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്റെ തീരുമാനങ്ങള്‍ വേഗത്തില്‍ ഉണ്ടാകട്ടെയെന്നും ഡോ.വര്‍ഗീസ് ചക്കലയ്ക്കല്‍ പറഞ്ഞു. 40 മണ്ഡലങ്ങളില്‍ ലത്തീന്‍ സഭയ്ക്ക് സ്വാധീനമുണ്ട് എന്നും നമ്മള്‍ ജയിച്ചില്ലെങ്കിലും തോല്‍പ്പിക്കാന്‍ കഴിയുമെന്നാണ് അര്‍ത്ഥമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാശുകൊടുത്ത് വാങ്ങിയ ഭൂമി അന്യാധീനമാകുന്നത് ഭരണഘടനാ വിരുദ്ധമെന്നും വിഷയം എത്രയും വേഗം പരിഹരിക്കണമെന്നുമാണ് തിരുവനന്തപുരം ലത്തീന്‍ അതിരൂപത മെത്രാപ്പോലീത്ത ഡോ. തോമസ് ജെ നെറ്റോ പറഞ്ഞത്. സാമൂഹികമായി എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമൂഹമാണ് ലത്തീന്‍ സഭ. സമുദായത്തിന്റെ ശാക്തീകരണത്തിനാണ് 50 വര്‍ഷം മുന്‍പ് കെഎല്‍സിഎ രൂപീകരിച്ചത്. എന്നാല്‍ വിലപേശല്‍ ശക്തികളെ മാത്രമാണ് അധികാരികള്‍ പരിഗണിക്കുന്നത്.
അതിനാല്‍ ലത്തീന്‍ കത്തോലിക്കാ സഭ സംഘടിക്കേണ്ടതുണ്ടെന്നും തോമസ് ജെ നെറ്റോ പറഞ്ഞു. കോര്‍പ്പറേറ്റുകളുടെ കടന്നുവരവ് തീരശോഷണത്തിന് കാരണമായി എന്നും ഈ വിഷയങ്ങളില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ആശാവഹമല്ല എന്നും വിഴിഞ്ഞം തുറമുഖത്തെയും മുതലപ്പൊഴിയിലെ അപകടങ്ങളെയും സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന നിലപാടില്‍ നിന്നും പ്രതിപക്ഷ നേതാവ് പിന്നോട്ടു പോയിരുന്നു. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സംസ്ഥാന സര്‍ക്കാറും വഖ്ഫ് ബോര്‍ഡുമാണെന്നാണ് സതീശന്‍ വ്യക്തമാക്കിയത്. ലീഗിനുള്ളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നതോടെയാണ് സതീശന്‍ നിലപാട് മാറ്റിയത്. മുനമ്പത്തേത് വഖ്ഫ് ഭൂമിയല്ലെന്ന സതീശന്റെ പ്രസ്താവന വിവാദമായിരുന്നു.
ഭൂമി ആരുടേതെന്ന് പരിശോധിക്കപ്പെടേണ്ടതാണ്. യു ഡി എഫിന് വിഷയത്തില്‍ ഒരു അഭിപ്രായമുണ്ട്. വ്യത്യസ്ത അഭിപ്രായമുണ്ടായപ്പോള്‍ ലീഗ് നേതാക്കള്‍ തന്നെ നിലപാട് വ്യക്തമാക്കിയതാണ്. അതില്‍ താന്‍ അഭിപ്രായം പറയേണ്ടതില്ല. ഭിന്നിപ്പുണ്ടാക്കാതെ രമ്യമായി പ്രശ്‌നം പരിഹരിക്കണം. സര്‍ക്കാര്‍ മനഃപൂര്‍വം ഈ വിഷയം നീട്ടിക്കൊണ്ടുപോവുകയാണ്. പത്ത് മിനുട്ട് കൊണ്ട് തീര്‍ക്കാന്‍ കഴിയുന്ന പ്രശ്‌നമാണ്. രണ്ട് സമുദായങ്ങളെ തമ്മില്‍ അടിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കുടപിടിക്കുന്നുവെന്നും സതീശന്‍ കുറ്റപ്പെടുത്തി.
മുനമ്പം വഖ്ഫ് ഭൂമിയല്ലെന്ന് നേരത്തേ പറഞ്ഞ സതീശന്‍, നിയമപരമായി പരിശോധിച്ച ശേഷമാണ് വഖ്ഫ് ഭൂമിയല്ലെന്ന് പറഞ്ഞതെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. ലീഗുമായി ആലോചിച്ച ശേഷമാണ് നിലപാട് പറഞ്ഞതെന്നായിരുന്നു അന്ന് സതീശന്‍ വ്യക്തമാക്കിയത്. ഇതേത്തുടര്‍ന്ന് സുന്നി സംഘടനകള്‍ അടക്കം മുസ്ലിം സംഘടനകള്‍ സതീശനെതിരെ ശക്തമായി രംഗത്തെത്തി. ഇതോടെയാണ് നിലപാട് മാറ്റിയത്.
അതേസമയം മുനമ്പം പ്രശ്നം പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് സി.എസ്. രാമചന്ദ്രന്‍ നായര്‍ കമ്മീഷന് മുനമ്പം ഭൂസമര സമിതി ഭാരവാഹികള്‍ ഇന്നലെ ഭൂമിയുമായി ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പുകള്‍ കൈമാറി. കാക്കനാട്ടെ കമ്മീഷന്‍ ഓഫീസില്‍ വച്ചാണ് രേഖകള്‍ കൈമാറിയത്. രേഖകള്‍ സ്വീകരിച്ച ജസ്റ്റിസ് തങ്ങള്‍ ഉടന്‍ തന്നെ മുനമ്പം സന്ദര്‍ശിക്കുമെന്നും സമയ ബന്ധിതമായി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കുമെന്നും അറിയിച്ചു.
മുനമ്പം വേളാങ്കണ്ണി പള്ളി വികാരി ഫാ. ആന്റണി സേവ്യര്‍ വലിയപറമ്പില്‍, ഭൂസമര സമിതി കണ്‍വീനര്‍ ജോസഫ് ബെന്നി, ട്രഷറര്‍ സെബാസ്റ്റ്യന്‍ ജോസഫ് തയ്യില്‍, മദര്‍ സുപ്പീരിയര്‍ മെറ്റില്‍ഡ, മുനമ്പം എസ്. എന്‍.ഡി.പി ശാഖ പ്രസിഡന്റ് കെ.എന്‍. മുരുകന്‍, ഫെബി ഒളാട്ടുപുറം എന്നിവരാണ് രേഖകള്‍ കൈമാറാനെത്തിയത്. മുനമ്പം തീരദേശത്തെ ജനങ്ങള്‍ വാങ്ങിയ ഭൂമി മുഹമ്മദ് സിദ്ദീഖ് സേട്ട് കോഴിക്കോട് ഫറൂഖ് കോളേജിന് ഇഷ്ടദാനമായി നല്കിയ ഭൂമിയാണെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ 1975ലെ വിധി പകര്‍പ്പ് ഉള്‍പ്പെടെയുള്ള രേഖകളാണ് ജുഡീഷ്യല്‍ കമ്മീഷന് കൈമാറിയത്.