തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇപ്പോള്‍ അറസ്റ്റിലായവര്‍ അല്ല ഉന്നതരെന്നും നീതിപ്പൂര്‍വമായ അന്വേഷണം നടന്നാല്‍ മുന്‍ ദേവസ്വം മന്ത്രിക്കും അതിനു മുകളിലേക്കും നീങ്ങുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തെരഞ്ഞെടുപ്പ് കാലത്ത് ഉന്നതരിലിലേക്ക് അന്വേഷണം നീങ്ങാതിരിക്കാന്‍ എസ്‌ഐടിക്ക് മേല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മര്‍ദം ചെലുത്തിയെന്നും സതീശന്‍ ആരോപണം ഉന്നയിച്ചു. ഹൈക്കോടതിയുടെ വിമര്‍ശനം പ്രത്യേക അന്വേഷണ സംഘത്തിന് നേരെ ഉയര്‍ന്നതോടെയാണ് വി ഡി സതീശന്‍ ആരോപണവുമായി എത്തിയത്.

സ്വര്‍ണ്ണം വാങ്ങിയവരും സൂക്ഷിച്ചവരും വിറ്റവരും തമ്മില്‍ ലിങ്ക് ഉണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു.2024ല്‍ ശബരിമലയില്‍ നടന്നത് കവര്‍ച്ചാശ്രമമാണ്. കോടതി ഇടപെട്ടത് കൊണ്ടു മാത്രമാണ് കവര്‍ച്ച നടക്കാതിരുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണ സംഘത്തിനുമേല്‍ സമ്മര്‍ദം ചെലുത്തുന്നുവെന്ന കോണ്‍ഗ്രസ് ആരോപണം ശരിവെക്കുന്നതാണ് പ്രതികളുടെ ജാമ്യം തള്ളിയുള്ള കോടതി ഉത്തരവ്. ഇപ്പോഴും എസ്‌ഐടിയില്‍ അവിശ്വാസമില്ല.

സംഘത്തിലുള്ളത് നല്ല ഉദ്യോഗസ്ഥരാണ്. എസ്‌ഐടിക്ക് മേല്‍ അനാവശ്യ സമ്മര്‍ദം മുഖ്യമന്ത്രിയുടെ ഓഫീസ് ചെലുത്തുകയാണ്. ഇഡി അന്വേഷിക്കുന്നതില്‍ ഒരു കുഴപ്പവുമില്ല. രാഷ്ട്രീയ പ്രേരിതമായി അന്വേഷണം നടത്തരുത്. അന്വേഷണം ഇപ്പോഴും വന്‍ തോക്കുകളിലേക്ക് എത്തിയിട്ടില്ല. മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ഉടന്‍ ചോദ്യം ചെയ്യണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

ഇതുവരെ ഇഡി നടത്തിയ അന്വേഷണങ്ങളിലൊന്നും വിശ്വാസമില്ല. ഇഡി അന്വേഷിക്കേണ്ട എന്ന് പറയാനാകില്ല.നിയമസഭാ തെരഞ്ഞെടുപ്പില്‍ 47ശതമാനം വോട്ട് നേടുകയാണ് യുഡിഎഫിന്റെ ലക്ഷ്യം. സിപിഎമ്മിനെ തോല്‍പ്പിക്കാനല്ല അവര്‍ തോറ്റെന്ന് ബോധ്യപ്പെടുത്താനാണ് ശ്രമമെന്നും സന്ദേശം സിനിമ ഇപ്പോഴാണ് ഇറങ്ങിയതെങ്കില്‍ പരാഡി ഗാനം നിരോധിച്ചതുപോലെ നിരോധിക്കുമായിരുന്നുവെന്നും വിഡി സതീശന്‍ പരിഹസിച്ചു.

ഹൈക്കോടതി വിധി സര്‍ക്കാരിനെ പ്രതികൂട്ടിലാക്കുന്നതാണെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു. അന്വേഷണം ഉന്നതരിലേക്ക് എത്തിയിട്ടില്ല. അന്വേഷണസംഘത്തെ സര്‍ക്കാര്‍ നിയന്ത്രിക്കുകയാണ്. കോടതി തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാസങ്ങള്‍ കഴിഞ്ഞിട്ടും അന്വേഷണം പൂര്‍ത്തിയാക്കാന്‍ എസ്‌ഐടിക്ക് കഴിഞ്ഞിട്ടില്ല. ഹൈക്കോടതി നിരീക്ഷണം അങ്ങേയറ്റം ഗൗരവകരമാണ്. കോടതി മാത്രമാണ് ആശ്വാസം. അന്വേഷണ സംഘത്തിന്റെ കൈകള്‍ കെട്ടിയിരിക്കുകയാണ്.

അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയില്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നു. അന്വേഷണം സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പോകുന്നത് ശരിയല്ല. കോടതി ഉദ്ദേശിച്ച ഉന്നതരിലേക്ക് അന്വേഷണം എത്തുന്നില്ല. സിപിഎം നേതാക്കളായ പ്രതികളെ പാര്‍ട്ടി കവചം ഒരുക്കി സംരക്ഷിക്കുകയാണെന്നും സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയ്ക്ക് മുകളില്‍ ആളുകളുണ്ടെന്നും അവരിലേക്ക് അന്വേഷണം നീളണമെന്നും കെപിസിസി സണ്ണി ജോസഫ് പറഞ്ഞു.

അതേസമയം ശബരിമല സ്വര്‍ണക്കൊള്ളയില്‍ രൂക്ഷ വിമര്‍ശനമാണ് ഹൈകോടതി നടത്തിയത്. സ്വര്‍ണക്കൊള്ള അപൂര്‍വമായ കുറ്റകൃത്യമാണെന്ന് കോടതി വ്യക്തമാക്കി. കേസിനാസ്പദമായ സംഭവങ്ങള്‍ ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരുടെ മതപരമായ വികാരങ്ങളെ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നതാണ്. ആരോപണം കേട്ടുകേള്‍വിയില്ലാത്തതും ഗൗരവമേറിയതെന്നും ദേവസ്വം ബെഞ്ച് നിരീക്ഷിച്ചു.

സ്വര്‍ണക്കൊള്ള കേസിലെ പ്രതികളുടെ ജാമ്യഹരജി തള്ളിയാണ് ഹൈകോടതിയുടെ നിരീക്ഷണം. നിയമം എല്ലാവര്‍ക്കും ബാധകമാണ്. അത് ഒരേപോലെ പ്രത്യേക അന്വേഷണ സംഘം വിനിയോഗിക്കണം. അന്വേഷണത്തില്‍ വിവേചനം പാടില്ല. ഉത്തരവാദപ്പെട്ട ആളുകളിലേക്ക് അന്വേഷണം കൊണ്ടുപോകുന്നതില്‍ എസ്.ഐ.ടി അലംഭാവം കാണിക്കുന്നു. അഴിമതി സമൂഹത്തെ ബാധിക്കുന്ന കാന്‍സറാണെന്നും ഇത്തരം കേസുകള്‍ കോടതികള്‍ സമാന്തരമായ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണെന്നും കോടതി ചൂണ്ടിക്കാട്ടി.

കുറ്റകൃത്യത്തിന്റെ സ്വഭാവവും ഗൗരവവും കണക്കിലെടുക്കുമ്പോള്‍ ഒരു പുണ്യ ക്ഷേത്രത്തിലെ വിഗ്രഹത്തിനും തിരുവാഭരണത്തിലും പതിച്ചിരിക്കുന്ന സ്വര്‍ണം അധികാരികള്‍ ചേര്‍ന്ന് ദുരുപയോഗം ചെയ്‌തെന്ന ആരോപണം കേട്ടുകേള്‍വിയില്ലാത്തതാണ്. വിശ്വാസികളെ ബാധിക്കുന്ന കാര്യമാണ്. ദേവസ്വം സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ തന്നെ അതിനെ നശിപ്പിക്കുന്നവരായി മാറുന്നു.

ഗൂഢാലോചനയും ഉദ്യോഗസ്ഥ പങ്കാളിത്തവും വളരെ വ്യക്തമാണ്. രേഖകളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് പരിശോധനയില്‍ വ്യക്തമാകും. സ്വര്‍ണം പൂശിയ ദ്വാരപാലക വിഗ്രഹങ്ങളും പാളികളും വെറും ചെമ്പാണെന്ന് രേഖപ്പെടുത്തിയത് സ്വര്‍ണം തട്ടിയെടുക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്.

മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. ദേവസ്വം മാനുവല്‍ പ്രകാരം സ്വര്‍ണ ഉരുപ്പടികള്‍ കൈകാര്യം ചെയ്യുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ പ്രതികള്‍ ലംഘിച്ചു. ഇത് ഗൂഢാലോചനയുടെ തുടര്‍ച്ചയാണെന്ന് സംശയിക്കണം. ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ പങ്കാളിത്തമില്ലാതെ ഇത്രയും വലിയ സ്വര്‍ണവേട്ട നടക്കില്ലെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി.