തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ ഉഴറുന്ന സർക്കാർ പ്രതിപക്ഷത്തിനെതിരെ പുതിയ ആയുധവുമായി രംഗത്തുവന്നു. സർക്കാറിന്റെ ധൂർത്തിനെതിരെ വിവിധ തലത്തിൽ സമരത്തിന് പ്രതിപക്ഷം പ്ലാൻ ചെയ്യവേ പ്രതിപക്ഷ നേതാവിന് തന്നെ പുതിയ കാർ അനുവദിച്ചു കൊണ്ടാണ് സർക്കാറിന്റെ തീരുമാനം. ഇതിന് ശേഷം സർക്കാരിനെതിരെ യുഡിഎഫ് ധവളപത്രം ഇറക്കിയ സമയത്തു പ്രതിപക്ഷ നേതാവ് പുതിയ കാർ ഉപയോഗിക്കുന്നു സൈബർ കാപ്‌സ്യൂളും പുറത്തിറക്കി. ഇതുപയോഗിച്ചാണ് സൈബർലോകത്ത് പുതിയ ചർച്ചകൾ നടക്കുന്നത്. അതേസമയം താൻ ചോദിക്കാതെയാണ് തനിക്ക് കാർ അനുവദിച്ചതെന്ന് പ്രതിപക്ഷ നേതാവും വ്യക്തമാക്കി.

ധൂർത്ത് ആരോപിച്ചു സംസ്ഥാന സർക്കാരിനെതിരെ യുഡിഎഫ് ധവളപത്രം ഇറക്കിയ സമയത്തു പ്രതിപക്ഷ നേതാവ് പുതിയ കാർ ഉപയോഗിക്കുന്നുവെന്ന രീതിയിലാണ് വിമർശനം ഉയർന്നിരുന്നത്. ഇതോടെയാണ് പുതിയ കാർ ആവശ്യപ്പെട്ടിരുന്നില്ലെന്നാണ് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് വിശദീകരിച്ചത്. പഴയ കാർ രണ്ടേ മുക്കാൽ ലക്ഷം കിലോ മീറ്റർ ഓടിയ സാഹചര്യത്തിൽ ടൂറിസം വകുപ്പ് സ്വന്തം നിലക്ക് പുതിയ കാർ നൽകുകയായിരുന്നുവെന്നും വി ഡി സതീശന്റെ ഓഫീസ് വിശദീകരിക്കുന്നു. ടൂറിസം വകുപ്പ് പുതുതായി വാങ്ങിയ പത്തു കാറിൽ ഒന്നാണ് പ്രതിപക്ഷ നേതാവിന് അനുവദിച്ചത്.

ഇന്നോവ ക്രിസ്റ്റ് കാറാണ് സർക്കാർ പ്രതിപക്ഷ നേതാവ് വി ഡി സതീശന് സഞ്ചരിക്കാൻ പുതിയതായി അനുവദിച്ചത്. മുമ്പ് ഉപയോഗിച്ച കാർ 2.75 ലക്ഷം കിലോമീറ്റർ ഓടിയതുകൊണ്ടാണ് പുതിയ കാർ അനുവദിച്ചത്. കഴിഞ്ഞ സർക്കാറിന്റെ കാലത്തെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല ഉപയോഗിച്ച കാറാണ് സതീശനും ഉപയോഗിച്ചിരുന്നത്. ഇതിനിടെയാണ് പ്രതിപക്ഷ നേതാവിന് പുതിയ കാർ സർക്കാർ അനുവദിച്ചത്. നേരത്തെ ഗവർണർക്കും പുതിയ കാർ അനുവദിച്ചിരുന്നു.

മൂന്ന് വർഷം പഴക്കമുള്ള വാഹനങ്ങൾ വിഐപി ഉപയോഗത്തിന് നൽകരുതെന്നാണ് ടൂറിസം വകുപ്പിന്റെ ചട്ടം. വാഹനം മാറ്റാൻ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടില്ലെങ്കിലും ടൂറിസം വകുപ്പ് കാലാവധി കഴിഞ്ഞ വാഹനം ചട്ടപ്രകാരം മാറ്റി നല്കാറുണ്ട്. ഇതിന്റെ ഭാഗമായാണ് പ്രതിപക്ഷ നേതാവിനും പുതിയ കാറ് അനുവദിച്ചത്. എന്നാൽ സർക്കാരിന്റെ ധൂർത്തിനെ കുറിച്ച് നിരന്തരം ആരോപണമുന്നയിക്കുന്ന സതീശൻ പുതിയ കാർ ഉപയോഗിക്കുന്നതിനെതിനെയാണ് സമൂഹ്യമാധ്യമങ്ങളിലടക്കം ചിലർ ചോദ്യം ചെയ്യുന്നത്.

മൂന്ന് വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ വി.ഐ.പി. യാത്രകൾക്ക് ഉപയോഗിക്കരുതെന്നാണ് ടൂറിസം വകുപ്പിന്റെ ചട്ടം. ഒരു ലക്ഷം കിലോമീറ്റർ ഓടിയത് അല്ലെങ്കിൽ മൂന്ന് വർഷം പഴക്കമുള്ള വാഹനങ്ങൾ വി.ഐ.പി. ഉപയോഗത്തിന് നൽകരുതെന്നാണ് ടൂറിസം വകുപ്പിന്റെ ചട്ടത്തിൽ പറയുന്നത്. എന്നാൽ, മന്ത്രിമാർക്കും മറ്റും അംബാസിഡർ കാറുകൾ ഔദ്യോഗിക വാഹനമായി നൽകിയിരുന്ന കാലത്തേതാണ് ഈ വ്യവസ്ഥ.

എന്നാൽ, ക്രിസ്റ്റ പോലുള്ള പുതുതലമുറ വാഹനങ്ങൾ കൃത്യമായി അറ്റകുറ്റപ്പണി ചെയ്യുന്നവയാണ്. അഞ്ചുലക്ഷം കിലോമീറ്റർ പിന്നിട്ട ഇന്നോവകൾ തകരാറില്ലാതെ നിരത്തിൽ ഓടുന്നുമുണ്ട്. എന്നിട്ടും ഈ ചട്ടത്തിൽ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. വാഹനങ്ങളുടെ പ്രവർത്തനക്ഷമതയും സുരക്ഷയും പരിശോധിച്ചശേഷം പിൻവലിക്കുന്ന സംവിധാനമാണ് ഉചിതമെന്ന് വിലയിരുത്തലുകളുണ്ട്.

2.7 പെട്രോൾ എൻജിനിലും 2.4 ഡീസൽ എൻജിനിലുമാണ് ഇന്നോവ ക്രിസ്റ്റ വിപണിയിൽ എത്തിയിരുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം ക്രിസ്റ്റയുടെ പുതിയ പതിപ്പ് ഡീസൽ എൻജിനിൽ മാത്രമാണ് പുറത്തിറക്കിയത്. ഡീസൽ എൻജിൻ 148 ബി.എച്ച്.പി പവറും 343 എൻ.എം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവൽ ആണ് ഇതിലെ ട്രാൻസ്മിഷൻ.