തിരുവനന്തപുരം: സംസ്ഥാനത്ത് ജി.എസ്.ടിയുടെ പേരില്‍ നടക്കുന്ന തട്ടിപ്പിനെ കുറിച്ച് വെളിപ്പെടുത്തലുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വന്‍ തട്ടിപ്പാണ് കേരളത്തില്‍ നടന്നതെന്ന് സതീശന്‍ പറഞ്ഞു. 1100 കോടിയുടെ തട്ടിപ്പാണ് നടന്നത്. ഇതുമൂലം ഖജനാവിന് 200 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും വി.ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇത്തരത്തില്‍ ഇനിയും നിരവധി തട്ടിപ്പുകള്‍ നടന്നിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

സാധാരണക്കാരായ ജനങ്ങളുടെ പേരില്‍ ജി.എസ്.ടി രജിസ്‌ട്രേഷന്‍ നടന്നു. ഇവരെ മറയാക്കി ഇടപാടുകള്‍ നടന്നു. പലരും ഇക്കാര്യം അറിഞ്ഞത് വളരെ വൈകിയാണ്. ഇക്കാര്യത്തില്‍ സി.ബി.ഐ അന്വേഷണം നടത്തണം. പൂണെ ജി.എസ്.ടി ഇന്റലിജന്‍സാണ് ഇക്കാര്യം കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു. അവര്‍ ഇക്കാര്യം സംസ്ഥാന സര്‍ക്കാറിനെ അറിയിക്കുകയും ചെയ്തു. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിച്ചില്ല. ജി.എസ്.ടി രജിസ്‌ട്രേഷന്‍ റദ്ദാക്കുക മാത്രമാണ് അവര്‍ ചെയ്തത്. ജി.എസ്.ടി ഉദ്യോഗസ്ഥര്‍ക്കും ഈ തട്ടിപ്പില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

1999ല്‍ 40 വര്‍ഷത്തെ വാറണ്ടിയോടെയാണ് ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങളില്‍ സ്വര്‍ണം പൂശിയത്. എന്നാല്‍, 20 വര്‍ഷം കഴിഞ്ഞപ്പോള്‍ 2019ല്‍ ദ്വാരപാലക ശില്‍പങ്ങള്‍ ശബരിമലയില്‍ നിന്നും വീണ്ടും സ്വര്‍ണം പൂശാനായി കൊണ്ടുപായി. കൊണ്ടുപോ?കുമ്പോള്‍ 42 കിലോയുണ്ടായിരുന്ന സ്വര്‍ണപാളി തിരിച്ചെത്തിയപ്പോള്‍ 38 കിലോ ഗ്രാം മാത്രമാണ് ഉണ്ടായിരുന്നത്. നാല് കിലോ ഗ്രാം സ്വര്‍ണത്തിലുണ്ടായ കുറവ് എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പരിശോധിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി ഒരു ലക്ഷം കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കാനുണ്ടെന്ന ചോദ്യം കഴിഞ്ഞ ദിവസം വി.ഡി സതീശന്‍ നിയമസഭയില്‍ ഉന്നയിച്ചിരുന്നു. കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച ചര്‍ച്ചക്കിടെയായിരുന്നു വി.ഡി സതീശന്‍ ഇക്കാര്യം ഉന്നയിച്ചത്. ഇതിനൊപ്പം ജി.എസ്.ടി പിരിവിലെ അപാകതകളും സതീശന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തുന്നത്.