- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മനോരമ ന്യൂസ് മേക്കര്‍ പുരസ്‌ക്കാരം വി ഡി സതീശന്; അഭിപ്രായ വോട്ടെടുപ്പില്‍ ഒന്നാമതെത്തി പ്രതിപക്ഷ നേതാവ്; വാര്‍ത്തകള്‍ ഉണ്ടാക്കുകയല്ല, പിറകെ വരികയായിരുന്നു; വിശ്വസിക്കുന്ന പ്രസ്ഥാനത്തിന്റെ നിലപാടാണ് താന്‍ മുന്നോട്ടുവയ്ക്കുന്നത്; അതിന് കിട്ടിയ പുരസ്ക്കാരമെന്ന് സതീശന്; തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ നായകനാകാന്‍ സതീശന് പുരസ്‌ക്കാരം തുണയാകുമോ?
മനോരമ ന്യൂസ് മേക്കര്‍ പുരസ്‌ക്കാരം വി ഡി സതീശന്

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പു പടിവാതില്‍ക്കല്‍ നില്‍ക്കവേ യുഡിഎഫിന്റെ നായകനായി ആരു വരുമെന്ന ചര്‍ച്ചകള്‍ സജീവമായിരിക്കവേ മലയാളത്തിലെ പ്രമുഖ മാധ്യമ സ്ഥാപനമായ മനോരമ ന്യൂസിന്റെ ന്യൂസ് മേക്കര്‍ പുരസ്‌ക്കാരം പ്രതിപക്ഷ നേതാവ് വി ഡി സതീശന്. പ്രതിപക്ഷത്തിന്റെ നായകനായി പുതുയുഗ യാത്ര നയിക്കുന്ന വിഡി സതീശന് ഇരട്ടിമധുരമായാണ് ന്യൂസ് മേക്കര്‍ പുരസ്‌ക്കാരം എത്തുന്നത്.
2025 ലെ വാര്‍ത്താതാരമായി മാറി സതീശന്‍. അഭിപ്രായവോട്ടെടുപ്പില്‍ ഒന്നാമതെത്തിയാണ് വി.ഡി. പോയവര്‍ഷത്തെ വാര്‍ത്താതാരമായത്. പ്രേക്ഷകപിന്തുണ ആവേശഭരിതനാക്കുന്നുവെന്ന് പുരസ്‌ക്കാര നേട്ടത്തോട് പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. എഴുത്തുകാരന്‍ എന്‍.എസ്. മാധവനാണ് ഫലപ്രഖ്യാപനം നടത്തിയത്.
അന്തിമപട്ടികയിലെത്തിയ നാലുപേരില്‍ ഏറ്റവും കൂടുതല്‍ വോട്ടുനേടിയാണ് വി.ഡി. സതീശന്‍ പോയവര്‍ഷത്തെ വാര്‍ത്തയുടെ തലപ്പാവണിഞ്ഞത്. വാര്‍ത്തകള്‍ ഉണ്ടാക്കുകയല്ല, പിറകെ വരികയായിരുന്നുവെന്നും പുരസ്‌കാരത്തില്‍ വലിയ സന്തോഷമുണ്ടെന്നും വി.ഡി. സതീശന്‍ പറഞ്ഞു. വിശ്വസിക്കുന്ന പ്രസ്ഥാനത്തിന്റെ നിലപാടാണ് താന്‍ മുന്നോട്ടുവയ്ക്കുന്നത്. ജനങ്ങളുടെ ദുരിതമകറ്റാന്‍ കൂട്ടായ ശ്രമം നടത്തുന്നുണ്ട്. അതിനുകിട്ടിയ അംഗീകാരം കൂടിയാണ് മനോരമ ന്യൂസ് ന്യൂസ്‌മേക്കര്‍ പുരസ്‌കാരമെന്നും വി.ഡി.സതീശന്‍ പറഞ്ഞു. ജനങ്ങളുടെ യുക്തമായ തിരഞ്ഞെടുപ്പാണ് വി.ഡി. സതീശനെന്ന് എന്‍.എസ്. മാധവന്‍ അഭിപ്രായപ്പെട്ടു.
ന്യൂസ് മേക്കര്‍ പരിപാടിയുടെ ഫലപ്രഖ്യാപനത്തില്‍ രാഷ്ട്രീയ നിരീക്ഷകനും മുന്‍ എം.പിയുമായ ഡോ.സെബാസ്റ്റ്യന്‍ പോള്‍, മനോരമ ന്യൂസ് ഡയറക്ടര്‍ ന്യൂസ് ജോണി ലൂക്കോസ് എന്നിവരും പങ്കെടുത്തു. അന്തിമ പട്ടികയില്‍ സതീശനൊപ്പം മൂന്ന് പേരായിരുന്നു ഇടം പിടിച്ചത്. വിവിധ വിഷയങ്ങളില്‍ സ്വീകരിച്ച ഉറച്ച നിലപാടിലൂടെ ഇടതുമുന്നണിക്കകത്ത് തിരുത്തല്‍ശക്തിയായി മാറിയ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കേരള ക്രിക്കറ്റ് ലീഗില്‍ ഉള്‍പ്പെടെ സിക്‌സറുകളിലൂടെ വെടിക്കെട്ട് തീര്‍ത്ത് ആരാധകരുടെ ഇഷ്ടം നേടിയ തലശേരിക്കാരന്‍ സല്‍മാന്‍ നിസാര്‍, പ്രതിസന്ധികള്‍ക്കിടെ നടന്ന തിരഞ്ഞെടുപ്പിലൂടെ താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷസ്ഥാനത്തെത്തിയ ആദ്യ വനിത ശ്വേത മേനോന്‍ എന്നിവരായിരുന്നു ഒപ്പം പട്ടികയില്‍ ഉണ്ടായിരുന്നത്. ഇവരില്‍ നിന്നുമാണ് സതീശന്‍ വാര്‍ത്താ താരമായി മാറിയിരിക്കുന്നത്.
2006 ല്‍ മനോരമന്യൂസ് ചാനല്‍ 'ന്യൂസ്‌മേക്കര്‍ ഓഫ് ദി ഇയര്‍' പുരസ്‌കാരം ഏര്‍പ്പെടുത്തിയപ്പോള്‍ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടതു വി.എസ്. അച്യുതാനന്ദനായിരുന്നു. അന്ന് ശ്രദ്ധേയമായ വാര്‍ത്തകള്‍ സൃഷ്ടിച്ച മലയാളികളില്‍ പൊതുജനങ്ങളുടെ വോട്ട് കൂടുതല്‍ ലഭിച്ചത് വിഎസിനായിരുന്നു. ഇക്കുറി നിയമസഭാ തെരഞ്ഞെുപ്പു പടിവാതില്‍ക്കല്‍ നില്‍ക്കവേയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന് പുരസ്‌ക്കാരം ലഭിക്കുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഉജ്ജ്വല വിജയം നേടിയപ്പോള്‍ സതീശന്റെ നിലപാടുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സംസ്ഥാനത്ത് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വിജയമുണ്ടാക്കിയപ്പോഴും ശ്രദ്ധിക്കപ്പട്ടെത് സതീശന്റെ തന്ത്രങ്ങളായിരുന്നു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ വിജയത്തോടെ സംസ്ഥാന കോണ്‍ഗ്രസില്‍ കരുത്തുകൂട്ടിയ പ്രതിപക്ഷ നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തിലെ നിലപാടുകളിലൂടെയും കോണ്‍ഗ്രസിന് തുണയായി നിന്നു.
തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട് - ഹോം ഗ്രൗണ്ട് അഥവാ സിറ്റിങ് സീറ്റുകളിലായിരുന്നു ഇതുവരെ വി.ഡി.സതീശന്റെ വിജയങ്ങള്‍. നിലമ്പൂര്‍ എവേ മല്‍സരമായിരുന്നു. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റ്. ഇവിടെയും വിജയം നേടിയ സതീശന്‍ തദ്ദേശത്തിലെ വിജയത്തോടെ കൂടുതല്‍ കരുത്തനായി. അടുത്തതായി യുഡിഎഫിനെ അധികാരത്തില്‍ എത്തിക്കാനുള്ള യാത്ര നയിക്കുകയാണ് സതീശന്‍. ഇടതു മുന്നണി നേതാക്കളോട് സൗമ്യമായി നിലപാട് സ്വീകരിക്കുന്നത് വെടിഞ്ഞ് അതേ നാണയത്തില്‍ കടന്നാക്രമിക്കുന്ന പ്രകൃതക്കാരനാണ ്‌സതീശന്‍. അതുകൊണ്ട് തന്നെ സതീശനെ കടന്നാക്രമിക്കാന്‍ മന്ത്രിമാര്‍ കൂട്ടത്തോടെ രംഗത്തെത്തുന്ന കാഴ്ച്ചയും അടുത്തകാലത്ത് കേരളം കണ്ടു.


