ആലുവ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് സവർക്കറുടെ ചിത്രവും സ്ഥാപിച്ചത് വിവാദത്തിൽ. നെടുമ്പാശ്ശേരി അത്താണിയിൽ സ്ഥാപിച്ച പ്രചാരണ ബോർഡിലാണ് സവർക്കറുടെ ചിത്രം സ്ഥാനം പിടിച്ചത്. സംഭവം വിവാദമായതോടെ പ്രവർത്തകർ ഈ ചിത്രത്തിന് മുകളിൽ മഹാത്മാഗാന്ധി ചിത്രം വെച്ച് മറയ്ക്കുകയായിരുന്നു. സ്വാതന്ത്ര്യസമര നേതാക്കളുടെ ചിത്രങ്ങൾക്കൊപ്പമാണ് കോൺഗ്രസിന്റെ പ്രചാരണ ബോർഡിൽ 'വീർ സവർക്കറു'ടെ ചിത്രവും പ്രത്യക്ഷപ്പെട്ടത്.

കോൺഗ്രസ് നേതാവും ആലുവ എംഎ‍ൽഎയുമായ അൻവർ സാദത്തിന്റെ സ്വന്തം പഞ്ചായത്തായ ചെങ്ങമനാട്ടിലെ അത്താണി എന്ന പ്രദേശത്താണ് സംഭവം നടന്നത്. കോൺഗ്രസിന്റെ നിലവിലെ ബ്ലോക്ക് മെമ്പറും, മുൻ പഞ്ചായത്ത് പ്രസിഡന്റുമായ ദിലീപ് കപ്രശ്ശേരിയുടെ നേതൃത്വത്തിൽ സ്ഥാപിച്ച കൂറ്റൻ ബാനറിലാണ് സവർക്കറിന്റെ ചിത്രവും ഇടംപിടിച്ചത്.

എന്നാൽ സംഭവം വിവാദമായതോടെ വിശദീകരണവുമായി കോൺഗ്രസ് രംഗത്തെത്തി. ഫ്‌ളക്‌സ് സ്ഥാപിച്ചത് ഒരു പ്രാദേശിക പ്രവർത്തകനായിരുന്നുവെന്നാണ് വിശദീകരണം. ഇയാൾ ഫ്‌ളക്‌സ് പ്രിന്റിങ്ങിനായി ഒരു കടക്കാരനെ ഏൽപ്പിക്കുകയും സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രം പതിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. അപ്പോൾ സംഭവിച്ച പിഴവാണ് അതെന്നാണ് പ്രാദേശിക കോൺഗ്രസ് നേതൃത്വം വിശദീകരിക്കുന്നത്. പ്രശ്‌നം ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ അത് നീക്കാൻ നിർദ്ദേശം നൽകിയതായി നേതാക്കൾ അറിയിച്ചു.

സംഘ പരിവാർ നേതാവിന്റെ ചിത്രം വിവാദമായതോടെ ഗാന്ധിയുടെ ചിത്രം വച്ച് സവർക്കറിനെ മറച്ചു. സംഭവം മാധ്യമങ്ങളിൽ വലിയ വാർത്തയായതോടെ കോൺഗ്രസ് നേതൃത്വം വെട്ടിലായിരിക്കുകയാണ്. അതേസമയം പോസ്റ്റർ വിവാദത്തിൽ സൈബറിടത്തിലും വാക്‌പോര് നടക്കുകയാണ്. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ വാഴ്‌ത്തുകയും പുകഴ്‌ത്തുകയും ചെയ്തിരുന്ന സ്വാതന്ത്ര്യ സമര സേനാനിയാണ് വി.ഡി.സവർക്കർ. അങ്ങനെയുള്ള സവർക്കറോട് എന്നു മുതലാണ് കോൺഗ്രസ് നേതാക്കൾക്ക് പുച്ഛം ആരംഭിച്ചതെന്ന് മറുചോദ്യവും ഇതോടെ ഉയുന്നുണ്ട്. നേരത്തെ ഇന്ദിര ഗാന്ധിയുടെ കാലത്താണ് സവർക്കറുടെ പേരിൽ സ്റ്റാമ്പ് പുറത്തിറക്കിയതും.

ഇന്നലെ വൈകിട്ട് ജില്ലാ അതിർത്തിയായ അരൂരിൽ അവസാനിച്ച യാത്ര രാവിലെ കുമ്പളം ടോൾ ജംങ്ഷനിൽ നിന്ന് തുടങ്ങി. 18 കിലോമീറ്ററോളം സഞ്ചരിച്ച് ഇടപ്പള്ളി സെന്റ് ജോർജ് പള്ളി പരിസരത്ത് ഇന്നത്തെ യാത്ര അവസാനിപ്പിക്കും. രാവിലെ കുമ്പളം ടോൾ പ്ലാസയിൽ നിന്ന് തുടങ്ങുന്ന യാത്ര ബൈപ്പാസിലൂടെ സഞ്ചരിച്ച് ഇടപ്പള്ളി പള്ളി മുറ്റത്ത് എത്തി. ഉച്ചയ്ക്ക് ഒരു മണിക്ക് ട്രാൻസ്‌ജെൻഡറുകൾ അടക്കമുള്ള വിവിധ വിഭാഗങ്ങളുമായി കൂടിക്കാഴ്ച. വൈകിട്ട് നാലിന് ഇടപ്പള്ളി ടോളിൽ നിന്ന് ആലുവയിലേക്ക് പദയാത്ര.

രാത്രി ഏഴിന് ആലുവ സെമിനാരിപ്പടി ജംങ്ഷനിൽ ആദ്യ ദിവസത്തെ പര്യടനം സമാപിക്കും. തുടർന്ന് ആലുവ യുസി കോളജിലാണ് രാഹുലിന്റെയും കൂട്ടരുടെയും താമസം. ജില്ലയിലെ പരമാവധി പ്രവർത്തകരെ ഈ സമയം ജാഥയിൽ അണിനിരത്താനാണ് ഡിസിസി നേതൃത്വം തീരുമാനിച്ചത്. 7 മണിയോടെ ആലുവയിലെ സമാപന സ്ഥലത്ത് രാഹുൽ ഗാന്ധി സംസാരിക്കും. ഉച്ചയ്ക്ക് കളമശ്ശേരിയിലെ ഞാലകം സെന്ററിലാണ് രാഹുൽ ഗാന്ധി വിവിധ മേഖലയിലെ ആൾക്കാരുമായി കൂടിക്കാഴ്ച നടത്തുന്നത്. ട്രാൻസ്ജൻഡറുകൾ, ഐ ടി പ്രൊഫഷണലുകൾ, സാംസ്‌കാരിക പ്രവർത്തകർ എന്നിവരുമായാണ് കൂടിക്കാഴ്ച.