തിരുവനന്തപുരം: മുന്‍ പത്തനംതിട്ട എസ്.പിയും നിലവില്‍ ക്രമസമാധാന പാലന ചുമതലയുള്ള എഡിജിപി ഓഫീസിലെ എഐജിയുമായ വി.ജി. വിനോദ്കുമാറിനെതിരേ വനിതാ എസ്ഐമാര്‍ നല്‍കിയ മൊഴി പുറത്ത്. ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലാണ് വനിതാ ഉദ്യോഗസ്ഥരുടെ വിശദമായ മൊഴി പുറത്തു വിട്ടിരിക്കുന്നത്. ഇതോടെ വി.ജി. വിനോദ്കുമാര്‍ വീണ്ടും പ്രതിക്കൂട്ടിലായി. എഐജിയുടെ ഓഫീസില്‍ നിന്നാണ് മൊഴി ചോര്‍ന്നത് എന്നാണ് ആക്ഷേപം.

തൊഴില്‍ സ്ഥലത്ത് വനിതകള്‍ നേരിടുന്ന ലൈംഗിക അതിക്രമ പരാതി ആയതിനാല്‍ പോഷ് നിയമപ്രകാരമാണ് എഐജിക്കെതിരേ അന്വേഷണം നടക്കുന്നത്. വനിതാ ഉദ്യോഗസ്ഥരുടെ പരാതി അട്ടിമറിച്ച് എഐജിക്ക് രക്ഷപ്പെടുന്നതിന് വേണ്ടിയാണ് ഇപ്പോള്‍ മൊഴി പുറത്തു വിട്ടിരിക്കുന്നത് എന്നാണ് പറയുന്നത്. ലൈംഗിക അതിക്രമ പരാതി സംബന്ധിച്ച് നല്‍കിയ മൊഴി അതീവ രഹസ്യമായി സൂക്ഷിക്കേണ്ടതാണ്. പരാതിക്കാരുടെ സ്വകാര്യത പാലിക്കപ്പെടണം. പരാതി അന്വേഷിക്കുന്ന ഉദ്യോഗസ്ഥയാണ് ഇത് കൈകാര്യം ചേയ്യേണ്ടത് എന്നിരിക്കേ മൊഴി ചോര്‍ന്നത് അതീവഗൗരവകരമായി കാണേണ്ടതാണ്.

പരാതിക്കാരെ തിരിച്ചറിയുന്ന രീതിയിലാണ് മൊഴി പുറത്തു വിട്ടിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ഈ മൊഴികള്‍ ക്രമസമാധാന പാലന ചുമതലയുള്ള എഡിജിപിയുടെ ഓഫീസ് വഴിയാണ് നിങ്ങിയിരുന്നത്. സ്വഭാവികമായും ഇത് ആരോപണ വിധേയനായ എഐജിയുടെ മുന്നിലും എത്തും. അങ്ങനെയാകാം മൊഴി ചോര്‍ന്നത് എന്നാണ് സംശയിക്കപ്പെടുന്നത്. ഡിഐജി അജിത ബീഗത്തെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലാണ് പ്രചാരണം നടക്കുന്നത്.

പത്തനംതിട്ടയില്‍ പോലീസ് സേനയിലും മിനിസ്റ്റീരിയല്‍ വിഭാഗത്തിലുമുള്ള വനിതകള്‍ക്ക് എസ്പിയുടെ പെരുമാറ്റത്തില്‍ അതൃപ്തി ഉണ്ടായിരുന്നു. ഭയം കാരണമാണ് പലരും ഇക്കാര്യം പരാതിപ്പെടാതിരിക്കുന്നത്. മന്ത്രി വി.എന്‍. വാസവനാണ് വി.ജി. വിനോദ്കുമാറിന് പല പരാതികളില്‍ നിന്നും സംരക്ഷണമൊരുക്കുന്നത് എന്നത് പരസ്യമായ രഹസ്യമാണ്. വിനോദ് പത്തനംതിട്ട എസ്പിയായിരിക്കുമ്പോള്‍ ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ട പല ഫയലുകളും മന്ത്രി വി.എന്‍. വാസവന്റെ ഓഫീസില്‍ എത്തിച്ചതിന് ശേഷമാണ് ആഭ്യന്തര വകുപ്പിലേക്ക് പോയിരുന്നത്. കോയിപ്രം കസ്റ്റഡി പീഡനം സംബന്ധിച്ച ഫയല്‍ ഡിഐജി വിളിപ്പിച്ചപ്പോള്‍ അതുമായി അന്നത്തെ അഡിഷണല്‍ എസ്.പി ആര്‍. ബിനു നേരെ പോയത് വാസവന്റെ ഓഫീസിലേക്കായിരുന്നു. ഇക്കാര്യം വാര്‍ത്തയായതോടെ മന്ത്രിയുടെ ഓഫീസ് പ്രതിരോധത്തിലാവുകയും ചെയ്തു.

അര്‍ധരാത്രിയില്‍ പ്ലീസ് കാള്‍ മീ എന്ന് പറഞ്ഞ് വനിതാ പോലീസിന് സന്ദേശം അയക്കുന്നത് ഏത് ഡ്യൂട്ടിയുടെ ഭാഗമാണ് എന്നാണ് വിനോദിനെതിരേ ഉയരുന്ന ചോദ്യം. ഇന്നത്തെ സാറ്റ എങ്ങനെ ഉണ്ടായിരുന്നു. അതില്‍ എന്റെ പെര്‍ഫൊമന്‍സ് എങ്ങനെ ഇത്യാദി ചോദ്യങ്ങളും മറ്റ് വനിതാ ഉദ്യോഗസ്ഥര്‍ക്ക് അയച്ചിട്ടുള്ളതായി പറയുന്നു. സേനയുടെ ഹൈറാര്‍ക്കി അനുസരിച്ച് വനിതാ എസ്ഐമാരെ നേരിട്ട് ബന്ധപ്പെടേണ്ട കാര്യം എസ്.പിമാര്‍ക്കില്ല. തന്റെ തൊട്ടുതാഴെയുളള ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പിയോടാണ് എസ്.പി കാര്യങ്ങള്‍ അന്വേഷിക്കേണ്ടത്. ഇതു മറികടന്ന നേരിട്ട് വനിതാ എസ്ഐമാരെ വിളിച്ചതിന് പിന്നില്‍ ദുരുദ്ദേശമില്ലെങ്കില്‍ പിന്നെ എന്താണ് എന്നുള്ളതാണ് സേനയില്‍ നിന്നുയരുന്ന ചോദ്യം.