- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാധാരണക്കാർക്ക് കിട്ടുന്ന ചികിത്സ മതി എനിക്കും എന്ന് വി എം സുധീരൻ; ചെറിയ അസുഖം വന്നാൽ പോലും വിദേശത്തേക്ക് ഓടുന്ന നേതാക്കൾ ഉള്ള കാലത്ത് വേറിട്ട മാതൃക; സർജറിക്കായി ആശ്രയിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളേജിനെ; ആശുപത്രി വിട്ട സുധീരന് ആശംസകളുമായി സോഷ്യൽ മീഡിയ
തിരുവനന്തപുരം: ചെറിയ അസുഖം വന്നാൽ പോലും വിദേശത്തേക്ക് ഓടുന്ന രാഷ്ട്രീയക്കാരെയാണ് കണ്ടുവരുന്നത്. സാധാരണക്കാർക്ക് കിട്ടുന്ന ചികിത്സ മതി തനിക്കും എന്ന് കരുതുന്ന നേതാക്കൾ കുറവാണ്. അക്കൂട്ടത്തിൽ വേറിട്ട ശൈലി പുലർത്തുന്നയാളാണ് കോൺഗ്രസിന്റെ മുതിർന്ന നേതാവ് വി എം സുധീരൻ. ആദർശങ്ങളിൽ അണുവിട വിട്ടുവീഴ്ച ചെയ്യുന്ന പതിവുമില്ല അദ്ദേഹത്തിന്. വിഐപികൾ സർക്കാർ ആശുപത്രികളെ സമീപിച്ചാൽ, ആശുപത്രികളുടെ സൗകര്യങ്ങൾ കൂട്ടുന്നതിനും മറ്റും സഹായിക്കുമെന്ന് കരുതുന്നവരുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയും തുടർ ചികിത്സയുമായി 27 ദിവസം കഴിഞ്ഞ ശേഷം ചൊവ്വാഴ്ച അദ്ദേഹം ആശുപത്രി വിട്ടു.
യൂറോളജി വകുപ്പ് മേധാവി മുതൽ കാന്റീൻ നടത്തിപ്പുകാർക്ക് വരെ നന്ദി അറിയിച്ചുകൊണ്ട് അദ്ദേഹം ഫേസ്‌ബുക്കിൽ ഇട്ട കുറിപ്പും ശ്രദ്ധേയമാണ്. സർജറിക്കു മുന്നോടിയായി മെഡിക്കൽ ബോർഡ് രൂപീകരിക്കുന്നതിന് നിർദ്ദേശം നൽകിയ ആരോഗ്യമന്ത്രി വീണാജോർജ്ജിനോടും ഉപദേശ നിർദ്ദേശങ്ങൾ യഥാസമയം നൽകിയ എ.കെ.ആന്റണിയോടുള്ള കടപ്പാട് അദ്ദേഹം കുറിപ്പിൽ അറിയിക്കുന്നുണ്ട്.
നിരവധി പേരാണ് അദ്ദേഹത്തിന് ആശംസ നേരുന്നത്. അക്കൂട്ടത്തിൽ, നേതാക്കളും മന്ത്രിമാരും ചെറിയ അസുഖങ്ങൾക്ക് പോലും വൻകിട സ്വകാര്യ ആശുപത്രികളേയും വിദേശ രാജ്യത്തെ ആശുപത്രികളെയും സമീപിക്കുന്ന ഈ കാലത്ത് സർക്കാർ ആശുപത്രിയിൽ വിശ്വാസമർപ്പിച്ച അങ്ങ് മാതൃകയാണ് എന്നും ചിലർ പ്രശംസിക്കുന്നു.
വി എം സുധീരന്റെ കുറിപ്പ്
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സർജറിയും തുടർ ചികിത്സയുമായി 27 ദിവസം പിന്നിട്ടു. ഇന്നാണ് ഡിസ്ചാർജ്ജ് ആയത്.യൂറോളജി ഡിപ്പാർട്ടുമെന്റിന്റെ H.O.D. ആയിട്ടുള്ള ഡോ.സതീഷ് കുമാർ കുറുപ്പിന്റെ നേതൃത്വത്തിലാണ് സർജ്ജറി നടന്നത്. അദ്ദേഹത്തോടും സഹപ്രവർത്തകരായ ഡോ.മനോജ്, ഡോ.സുനിൽ എന്നിവരോടും അവരോടൊപ്പമുള്ള സീനിയർ റെസിഡന്റ് ഡോക്ടർമാരായ ഡോ.സുധീർ, ഡോ.അന്നപ്പ, ഡോ.ഹിമാംശു, ഡോ.നാഗരാജ് എന്നിവരോടും എനിക്കുള്ള കടപ്പാട് കൃതജ്ഞതാപുരസ്സരം രേഖപ്പെടുത്തുന്നു. അനസ്തീഷ്യാ വിഭാഗത്തിന്റെ മേധാവി ഡോ.ജയചന്ദ്രനെ നന്ദിപൂർവ്വം ഓർക്കുന്നു.
സർജറിക്കു മുമ്പും ശേഷവും ചികിത്സാ കാര്യങ്ങളിൽ ഇടപെട്ട കാർഡിയോളജി വിഭാഗം ചീഫ് ഡോ.ശിവപ്രസാദ്, മെഡിസിൻ വിഭാഗം H.O.D. ഡോ.അരുണ റെസ്പിരേറ്ററി വിഭാഗത്തിലെ യൂണിറ്റ് ചീഫ്മാരായ ഡോ.ജയപ്രകാശ്, ഡോ.റൊണാൾഡ്, ഗ്യാസ്ട്രോ വിഭാഗം തലവൻ ഡോ.കൃഷ്ണദാസ്, ന്യൂറോളജി വിഭാഗത്തിന്റെ ചീഫ് ഡോ.തോമസ് ഐപ്പ്, എൻഡോക്രൈനോളജി വിഭാഗത്തിന്റെ ചീഫ് ഡോ.ജബ്ബാർ എന്നിവരോടും യൂറോളജി യൂണിറ്റ് ചീഫ്മാരായ ഡോ.സാജു, ഡോ.മാധവൻ എന്നിവരോടും അവരോടെല്ലാം ഒപ്പം പ്രവർത്തിക്കുന്ന റെസിഡന്റ് ഡോക്ടർമാരോടും എനിക്കുള്ള നന്ദി അറിയിക്കുന്നതിന് അതിയായ സന്തോഷമുണ്ട്.
അതീവ ജാഗ്രതയോടെ കൃത്യനിർവ്വഹണം നടത്തിയ നേഴ്സുമാരായ സഹോദരിമാരുടെ സേവനം പ്രത്യേകം എടുത്തുപറയേണ്ടതായിട്ടുണ്ട്. അതേരീതിയിൽത്തന്നെയാണ് മറ്റാരോഗ്യപ്രവർത്തകരുടെയും. ചികിത്സാകാലത്ത് സൂപ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള കെ.എച്ച്.ആർ.ഡബ്ലു.എസ്. മുറിയിലാണ് കഴിഞ്ഞത്. അവിടെ വേണ്ട എല്ലാ സൗകര്യങ്ങളും ഏർപ്പാടുചെയ്ത കെ.എച്ച്.ആർ.ഡബ്ലു.എസ്. എം.ഡി. സുധീർ ബാബു ഐ.എ.എസ്സിനോടും മറ്റ് സ്റ്റാഫിനോടുമുള്ള കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
എ.സി.ആർ.ലാബിന്റെ ഡയറക്ടറോടും സഹപ്രവർത്തകരോടുമുള്ള നന്ദി അറിയിക്കുന്നു. മെഡിക്കൽ കോളേജിലെ ചികിത്സക്കുവേണ്ട എല്ലാ ക്രമീകരണങ്ങളും ഏർപ്പാട് ചെയ്ത സൂപ്രണ്ട് ഡോ.നിസാറുദ്ദീനോടും സർജറിക്കു മുന്നോടിയായി മെഡിക്കൽ ബോർഡ് രൂപീകരിക്കുന്നതിന് നിർദ്ദേശം നൽകിയ ബഹു.ആരോഗ്യമന്ത്രി വീണാജോർജ്ജിനോടും എനിക്കുള്ള കൃതജ്ഞത ഇതോടൊപ്പം രേഖപ്പെടുത്തുന്നു.
മെഡിക്കൽ കോളേജിൽ കഴിഞ്ഞ ദിവസങ്ങളിൽ എന്റെ താൽപര്യമനുസരിച്ച് ഭക്ഷ്യവിഭവങ്ങൾ എത്തിച്ചുതന്ന ക്യാന്റീൻ നടത്തിപ്പുകാരായ സഹോദരങ്ങളെ തികഞ്ഞ സംതൃപ്തിയോടെ ഓർക്കുന്നു. ക്യാന്റീൻ നടത്തിപ്പുകാരനായ സജീവ് അദ്ദേഹത്തിന്റെ പ്രധാന സഹായി അനു ഉൾപ്പെടെയുള്ള എല്ലാവരോടുമുള്ള സ്നേഹവും മതിപ്പും ഇതോടെ അറിയിക്കുന്നു. സഹോദര നിർവിശേഷമായ സ്നേഹത്തോടെ ആവശ്യമായ എല്ലാ സഹായങ്ങളും യഥാസമയം നൽകിയ കുമാരപുരം രാജേഷിനെ ഒരിക്കലും മറക്കാനാകില്ല.
ഒരു ജേഷ്ഠസഹോദരന്റെ സ്ഥാനത്തുനിന്നുകൊണ്ട് തനിക്കുണ്ടായ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ആവശ്യമായ ഉപദേശ നിർദ്ദേശങ്ങൾ യഥാസമയം നൽകിയ നമ്മുടെ നേതാവ് എ.കെ.ആന്റണിയോടുള്ള കടപ്പാട് ഇവിടെ കുറിക്കട്ടെ. എന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അതാതു സമയത്ത് അന്വേഷിച്ചിരുന്ന നേതാക്കളോടും സഹപ്രവർത്തകരോടും അഭ്യുദയകാംക്ഷികളോടുമുള്ള നിസ്സീമമായ കൃതജ്ഞത സന്തോഷത്തോടെ രേഖപ്പെടുത്തട്ടെ.
മറുനാടന് മലയാളി ബ്യൂറോ