- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎഇ യാത്ര മുടങ്ങിയത് മന്ത്രി സജി ചെറിയാന്റെ പിടിപ്പുകേട് മൂലം; ബഹ്‌റൈൻ യാത്രയ്ക്ക് സജി ചെറിയാൻ അപേക്ഷ സമർപ്പിച്ചത് രണ്ടു ദിവസം മുമ്പ് മാത്രം; അബുദബി ഇൻവെസ്റ്റ്‌മെന്റ് ഫോറത്തിൽ കേരള മുഖ്യമന്ത്രിക്ക് റോളില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് അനുമതി നിഷേധിച്ചതെന്നും കേന്ദ്ര മന്ത്രി വി. മുരളീധരൻ
തിരുവനന്തപുരം: അവസാന വിമാനവും പോയ ശേഷം യുഎഇ യാത്രയ്ക്ക് മന്ത്രി സജി ചെറിയാന് കേന്ദ്ര സർക്കാർ അനുമതി നൽകിയത് വാർത്തയായിരുന്നു. ടിക്കറ്റ് എടുത്ത് വിമാനത്താവളത്തിൽ കാത്തിരുന്നിട്ടും, വിമാനം പറക്കും മുമ്പേ കേന്ദ്രാനുമതി കിട്ടിയില്ല. ഇതോടെ, മന്ത്രി യുഎഇ സന്ദർശനം റദ്ദാക്കി. യുഎഇയിലെ രണ്ടു നഗരങ്ങളിൽ മലയാളം മിഷന്റെ പരിപാടിയിൽ പങ്കെടുക്കുന്നതിനു പോകാനായിരുന്നു തീരുമാനം.
ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ കേന്ദ്രം അനുമതി നൽകി. വ്യാഴാഴ്ചത്തെ പരിപാടിയിൽ പങ്കെടുക്കുന്നതിനായുള്ള അവസാന വിമാനത്തിന്റെയും സമയത്തിനു ശേഷമാണ് അനുമതി ലഭിച്ചതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഈ സാഹചര്യത്തിലാണ് യാത്ര റദ്ദാക്കിയത്. അബുദാബി നിക്ഷേപക സംഗമത്തിൽ പങ്കെടുക്കുന്നതിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കേന്ദ്രം നേരത്തേ അനുമതി നിഷേധിച്ചിരുന്നു.
ഈ വിഷയത്തിൽ, പ്രതികരണവുമായി കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരൻ രംഗത്തെത്തി. ബഹ്‌റൈൻ യാത്രയ്ക്ക് സജി ചെറിയാൻ അപേക്ഷ സമർപ്പിച്ചത് രണ്ടു ദിവസം മുമ്പ് മാത്രമെന്ന് വി. മുരളീധരൻ പറഞ്ഞു. പത്താം തിയതിയിലെ യാത്രക്കുള്ള അപേക്ഷ ഒൻപതാം തിയതി മാത്രമാണ് വിദേശകാര്യവകുപ്പിൽ ലഭിച്ചത്. പതിനൊന്നാം തിയതി അനുവാദം നൽകിയെന്ന് വിദേശകാര്യസഹമന്ത്രി വ്യക്തമാക്കി.
യാത്രാനുമതിക്ക് മുമ്പ് ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയുടെയും വിദേശകാര്യവകുപ്പിലെ ബന്ധപ്പെട്ട ഡസ്‌കിന്റെയും പരിശോധന ആവശ്യമാണ്. ഈ നടപടികൾക്ക് കുറഞ്ഞത് ഒരു ദിവസമെങ്കിലും വേണമെന്ന് എല്ലാവർക്കും അറിയാവുന്നതാണ്.സാധാരണഗതിയിൽ യാത്രയ്ക്ക് 15 ദിവസം മുമ്പെങ്കിലും അപേക്ഷ നൽകേണ്ടതാണ്. അവസാന നിമിഷം മാത്രം അപേക്ഷ സമർപ്പിച്ചത് എന്തുകൊണ്ടെന്ന് സജി ചെറിയാൻ വിശദീകരിക്കണമെന്നും വി.മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
മന്ത്രിയുടെ സ്റ്റാഫിനു പോലും ഇക്കാര്യങ്ങൾ അറിയില്ലെങ്കിൽ കേന്ദ്രസർക്കാരിനെ പഴിച്ചിട്ട് കാര്യമില്ല. അബുദബി ഇൻവെസ്റ്റ്‌മെന്റ് ഫോറത്തിൽ കേരള മുഖ്യമന്ത്രിക്ക് റോളില്ലെന്ന് വിദേശകാര്യവകുപ്പിന് ബോധ്യപ്പെട്ടതിനാലാണ് അനുമതി നിഷേധിച്ചത്. പല മുഖ്യമന്ത്രിമാരും അപേക്ഷിച്ചെങ്കിലും അനുമതി നൽകിയില്ല. സംസ്ഥാനത്തിനും രാജ്യത്തിനും അപമാനമുണ്ടാകുന്ന തരത്തിലുള്ള പങ്കാളിത്തം ഉണ്ടാകരുത് എന്നതിനാലാണ് തീരുമാനമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ