- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കൂടല്‍മാണിക്യം ജാതി വിവേചനം സാംസ്‌കാരിക കേരളത്തിന് അപമാനകരം; യുവാവിനെ അതേ തസ്തികയില്‍ നിയമിക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍; ജാതിവിവേചനം നടന്നിട്ടില്ലെന്ന് യോഗക്ഷേമ സഭ; കഴകത്തന് ആളെ റിക്രൂട്ട് ചെയ്തത് 'ആചാരലംഘനം' എന്ന് വാദം
കൂടല്‍മാണിക്യം ജാതി വിവേചനം സാംസ്‌കാരിക കേരളത്തിന് അപമാനകരം
തൃശ്ശൂര്‍: തൃശൂര്‍ കൂടല്‍മാണിക്യം ദേവസ്വത്തില്‍ പിന്നാക്കക്കാരനെ കഴകം ചുമതലയില്‍ നിന്ന് മാറ്റിയ നടപടി സാംസ്‌കാരിക കേരളത്തിന് അപമാനകരമെന്ന് ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍. ഉത്സവം നടക്കാനാണ് താല്‍ക്കാലികമായി ഓഫീസില്‍ ചുമതലപ്പെടുത്തിയത്. ഇന്നും കേരളത്തില്‍ അയിത്ത മനോഭാവം നിലില്‍ക്കുന്നു. യുവാവിനെ അതേ തസ്തികയില്‍ നിയമിക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും വി.എന്‍ വാസവന്‍ പറഞ്ഞു.
തന്ത്രിമാരുടെ നടപടിയെ നിശിതമായി വിമര്‍ശിച്ച് പിന്നാക്ക വിഭാഗ ക്ഷേമമന്ത്രി ഒ.ആര്‍. കേളുവും രംഗത്തെത്തിയിരുന്നു. കൂടല്‍മാണിക്യം ദേവസ്വത്തില്‍ പിന്നാക്കക്കാരനെ കഴകം ചുമതലയില്‍ നിന്ന് മാറ്റിയത് അംഗീകരിക്കാനാകില്ലെന്നും ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വഴി നിയമാനുസൃത രീതികളിലൂടെ തിരഞ്ഞെടുത്ത നിയമനമാണിതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം ഇരിങ്ങാലക്കുട ക്ഷേത്രത്തില്‍ ജാതി വിവേചനം നടന്നിട്ടില്ലെന്ന് യോഗക്ഷേമസഭ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയും പ്രതികരിച്ചു. തന്ത്രി സമൂഹത്തെയും ക്ഷേത്രത്തെയും അപകീര്‍ത്തി പെടുത്താനുള്ള നീക്കം അപലപനീയമാണ്. ക്ഷേത്രത്തില്‍ പാരമ്പര്യ അവകാശികളെ മാറ്റിനിര്‍ത്തി കഴകം പ്രവര്‍ത്തിക്ക് ആളെ റിക്രൂട്ട് ചെയ്തത് ആചാരലംഘനമാണ്. ക്ഷേത്രത്തിലെ ആചാര സംബന്ധമായ പ്രവര്‍ത്തികള്‍ തന്ത്രിയുടെ അനുമതിയോടെ മാത്രമേ നടത്താവൂ എന്ന ഉത്തരവ് മറികടന്നു. ഇതിനെതിരെയാണ് പ്രതിഷേധിച്ചത്. ഇതിനെ ജാതി വിവേചനമായി ചിത്രീകരിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്.
കൂടല്‍മാണിക്യ ക്ഷേത്രത്തെയും അവിടുത്തെ ആചാരങ്ങളെയും മനസ്സിലാക്കാതെയുള്ള പ്രവര്‍ത്തികളാണിതെന്നും യോഗക്ഷേമ സഭ ജില്ലാ കമ്മിറ്റി വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. കാരായ്മ വ്യവസ്ഥ ലംഘിച്ചാണ് നിയമനം നടത്തിയത്. സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കുന്ന രീതിയില്‍ കള്ളപ്രചാരണങ്ങളും കലാപ ആഹ്വാനങ്ങളും ചിലര്‍ നടത്തുന്നു. ഭരണസമിതിയില്‍ നടക്കുന്നത് അധികാര വടംവലിയാണെന്നും തന്ത്രി പ്രതിനിധിയും പ്തികരിച്ചു. ആചാര അനുഷ്ഠാന സംരക്ഷണം മുന്‍നിര്‍ത്തി ആശയ പ്രചാരണവും നിയമനടപടികളും സ്വീകരിക്കുമെന്നും ദേവസ്വം ഭരണസമിതി തന്ത്രി പ്രതിനിധി.
അതേസമയം സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു. അതേസമയം, കഴക നിയമനം തങ്ങളുടെ ചുമതലയാണെന്നും സുപ്രീം കോടതി വിധി കയ്യിലുണ്ടെന്നും നേരത്തെ തന്ത്രി പത്മനാഭന്‍ നമ്പൂതിരി പ്രതികരിച്ചിരുന്നു. അതേസമയം, ഈഴവനെ കഴകക്കാരനായി ജോലി ചെയ്യാന്‍ അനുവദിക്കാത്തത് അംഗീകരിക്കാനാവില്ലെന്ന് എസ്എന്‍ഡിപി സംസ്ഥാന കൗണ്‍സിലര്‍ വി.കെ. പ്രസന്നന്‍ വ്യക്തമാക്കി. ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ ഉത്തരവ് നടപ്പിലാക്കുമെന്നായിരുന്നു ദേവസ്വം ചെയര്‍മാന്‍ കെ.എ. ഗോപിയുടെ പ്രതികരണം.