കോഴിക്കോട്: തട്ടവും പർദ്ദയും ഇസ്ലാമികമാണെന്നും മുസ്ലിം സ്ത്രീകളെ തട്ടമൂരി അഴിഞ്ഞാടാൻ അനുവദിക്കില്ലെന്നുമുള്ള സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പ്രസ്താവനക്കെതിരെ സാമൂഹ്യ പ്രവർത്തക വി.പി സുഹ്‌റ പൊലീസിൽ പരാതി നൽകി. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. കഴിഞ്ഞ ദിവസം, ഉമർ ഫൈസിയുടെ പരാമർശത്തിൽ വി പി സുഹറ തട്ടം ഊരി പ്രതിഷേധിച്ചിരുന്നു.

നല്ലളം സ്‌കൂളിൽ കുടുംബശ്രീ സംഘടിപ്പിച്ച 'തിരികെ സ്‌കൂളിലേക്ക്' എന്ന പരിപാടിയിലായിരുന്നു വി പി സുഹ്‌റ പ്രതിഷേധിച്ചത്. പരിപാടി ഫ്ലാഗ് ഓഫ് ചെയ്യാനാണ് മുഖ്യാതിഥിയായി മുസ്ലിം സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന 'നിസ'യുടെ പ്രസിഡന്റു കൂടിയായ വി.പി. സുഹറ എത്തിയത്. പ്രസംഗത്തിനിടെയാണ് അവർ തട്ടംമാറ്റി പ്രതിഷേധം പ്രകടിപ്പിച്ചത്.

ഉമർ ഫൈസി മുക്കം ഒരു ചാനൽ ചർച്ചയിൽ സ്ത്രീകൾക്കെതിരേ നടത്തിയ വിവാദപരാമർശത്തിൽ പ്രതിഷേധിച്ചാണ് തട്ടംമാറ്റിയതെന്ന് സുഹറ പറഞ്ഞു. അതേസമയം, വേദിയിലിരിക്കുകയായിരുന്ന സ്‌കൂൾ പി.ടി.എ. പ്രസിഡന്റ് ഷാഹുൽ ഹമീദ് സുഹറയുടെ നിലപാടിൽ പ്രതിഷേധം പ്രകടിപ്പിച്ചു.

കുടുംബശ്രീയിലെ മുഴുവൻ അംഗങ്ങളും പങ്കെടുക്കുന്ന ചടങ്ങിൽ ഇത്തരത്തിൽ പ്രതിഷേധം പ്രകടിപ്പിച്ചതിനെയാണ് അദ്ദേഹം ചോദ്യംചെയ്തത്. ക്ഷമപറയണമെന്നും അദ്ദേഹവും മറ്റുചിലരും ആവശ്യപ്പെട്ടു. കുടുംബശ്രീയിലെ ചില അംഗങ്ങളും സുഹറക്കെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പരിപാടിയിൽനിന്ന് അവർക്ക് പിന്മാറേണ്ടിയുംവന്നു.

തട്ടമിടാത്ത സ്ത്രീകൾ അഴിഞ്ഞാട്ടക്കാരാണെന്നാണ് സമസ്ത നേതാവ് പറഞ്ഞതെന്നും ഇതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും വനിതാ കമ്മിഷനിലും മനുഷ്യാവകാശ കമ്മിഷനിലും പരാതിനൽകുമെന്നും വി.പി. സുഹറ പറഞ്ഞു. പി.ടി.എ. പ്രസിഡന്റ് ഷാഹുൽ ഹമീദിന്റെ പേരിൽ അവർ നല്ലളം പൊലീസിൽ പരാതിനൽകി.

മുസ്ലിം സ്ത്രീകളെ അഴിഞ്ഞാടാൻ വിടാൻ കഴിയില്ലെന്നുമായിരുന്നു ഉമർ ഫൈസിയുടെ പ്രസ്താവന.പഴഞ്ചൻ എന്ന് പറഞ്ഞാലും പ്രശ്നമില്ല. സ്ത്രീകൾക്ക് അച്ചടക്കം വേണം. തട്ടം ഇടാതെ പോകുന്നത് അഴിഞ്ഞാട്ടമായി കാണുന്നതായും ഉമർ ഫൈസി പറഞ്ഞിരുന്നു. തട്ടം അഴിപ്പിച്ചു എന്ന് പറയുന്നത് പുരോഗമനം അല്ല. മതാചാരങ്ങൾ കുട്ടിക്കാലം മുതൽ പഠിപ്പിക്കുന്നതാണ്. സമസ്ത ഇസ്ലാമിന്റെ കാര്യങ്ങൾ പറഞ്ഞ് കൊണ്ടിരിക്കും. ചിലർ വിവരക്കേട് കാരണം ചിലത് എഴുതി വിടുന്നു.

കമ്യൂണിസ്റ്റ് നിലപാടുകളോട് യോജിപ്പില്ല. മത വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്നവർ അതിന്റെ ദൂഷ്യം തെരഞ്ഞെടുപ്പിൽ അനുഭവിക്കുമെന്നും സിപിഐഎം നേതാവ് കെ അനിൽകുമാറിന്റെ തട്ടം പരാമർശത്തിന്റെ പശ്ചാത്തലത്തിൽ ഉമർ ഫൈസി പറഞ്ഞിരുന്നു. പി എം എ സലാമിനെതിരെ അദ്ദേഹം രൂക്ഷവിമർശനമാണ് നടത്തിയത്. സലാം പക്വതയില്ലാത്ത നേതാവാണ്. നേതൃത്വത്തിൽ ഇരുത്തുന്ന കാര്യം മുസ്ലിം ലീഗ് നേതൃത്വം ആലോചിക്കണം.

സമസ്തയ്ക്കെതിരായ സലാമിന്റെ പ്രതികരണം മോശമായി പോയി. മുസ്ലിം ലീഗും സമസ്തയും ഒരുമിച്ചാണ് സമുദായത്തെ നയിക്കുന്നത്. മതേതര കാര്യങ്ങളിൽ എല്ലാവരും ഒറ്റക്കെട്ടാണ്. ഭിന്നത ലീഗും സമസ്തയും തമ്മിലല്ല. സ്ഥാനാർത്ഥി നിർണയത്തിൽ ഇടപെടില്ല. നല്ല രീതിയിൽ പോയാൽ എല്ലവർക്കും നല്ലത്. ചിലർ കുസൃതി കാട്ടിയാലും ഭൂരിഭാഗം ആളുകളും സമസ്തക്ക് ഒപ്പമാണെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു.