- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭിന്നശേഷി സംവരണ നിയമനത്തില്‍ മലക്കം മറിഞ്ഞ് സര്‍ക്കാര്‍; എന്‍.എസ്.എസ് വിധി മറ്റ് മാനേജ്‌മെന്റുകള്‍ക്കും ബാധകമാക്കണമെന്ന് സുപ്രീംകോടതിയില്‍ നിലപാട് സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി; ഫലം കണ്ടത് കത്തോലിക്കാ സഭയുടെ സമ്മര്‍ദ്ദം; തെരഞ്ഞെടുപ്പു അടുക്കവേ സഭയിലേക്കും പാലമിട്ട് പിണറായി തന്ത്രം!
ഭിന്നശേഷി സംവരണ നിയമനത്തില്‍ മലക്കം മറിഞ്ഞ് സര്‍ക്കാര്‍
തിരുവനന്തപുരം: തെരഞ്ഞെടുപ്പു അടുത്തതോടെ സഭാ നേതൃത്വത്തെ പിണക്കാതെ സര്‍ക്കാര്‍. എയ്ഡഡ് സ്‌കൂള്‍ ഭിന്നശേഷി സംവരണ നിയമനത്തില്‍ മുന്‍ നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് സര്‍ക്കാര്‍ കത്തോലിക്കാ സഭ ഉയര്‍ത്തിയ നിലപാടിന് അനുകൂലമായി നിന്നു. കേസ് വണ്ടും പരിഗണിക്കുമ്പോള്‍ എന്‍.എസ്.എസിന് അനുവദിച്ച ഇളവുകള്‍ മറ്റ് മാനേജ്‌മെന്റുകള്‍ക്കും ലഭ്യമാക്കണമെന്ന് സുപ്രീംകോടതിയില്‍ നിലപാട് സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.
തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിന്റേതാണ് തീരുമാനം. ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളും വിദ്യാഭ്യാസ മന്ത്രിയും തമ്മില്‍ പരസ്യവാക്‌പോരടക്കമുണ്ടായ വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെട്ടതോടെയാണ് അനുനയത്തിനുള്ള സാധ്യത തെളിഞ്ഞത്. ഭിന്നശേഷി അധ്യാപകരുടെ നാലുശതമാനം സംവരണ നിയമനങ്ങള്‍ക്ക് ശേഷം മാത്രം ഇതര നിയമനങ്ങള്‍ക്ക് അംഗീകാരം എന്ന സുപ്രീംകോടതി ഉത്തരവ് മറികടക്കാനായിരുന്നു എന്‍.എസ്.എസ് കോടതിയെ സമീപിച്ചത്.
കോടതിയില്‍ നിന്ന് എന്‍.എസ്.എസിന് അനുകൂല ഉത്തരവ് ലഭിച്ചതിന് പിന്നാലെ സര്‍ക്കാര്‍ നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കിയിരുന്നു. അതേസമയം, ഉത്തരവ് തങ്ങള്‍ക്കും ബാധകമാണെന്ന് ചൂണ്ടിക്കാട്ടി ക്രൈസ്തവ മാനേജ്‌മെന്റടക്കമുള്ളവര്‍ രംഗത്തെത്തിയെങ്കിലും സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടി. തുടര്‍ന്ന്, ഉത്തരവ് എന്‍.എസ്.എസിന് മാത്രം ബാധകമെന്ന് എ.ജി നിയമോപദേശം നല്‍കുകയായിരുന്നു.
വിധി എന്‍.എസ്.എസിന് മാത്രം ബാധകമെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനിന്നതോടെ ക്രൈസ്തവ മാനേജ്‌മെന്റുകളടക്കമുള്ളവര്‍ പരസ്യപ്രതിഷേധവുമായി രംഗത്തെത്തി. സഭാ നേതൃത്വവും വിദ്യാഭ്യാസ മന്ത്രിയും തമ്മില്‍ നേരിട്ട് വാക്‌പോരിലേര്‍പ്പെടുന്നത് വരെ കാര്യങ്ങള്‍ വഷളായിരുന്നു.
ഇതിന് പിന്നാലെയാണ് വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെട്ടത്. അടുത്തിടെ, കര്‍ദിനാള്‍ ക്‌ളിമീസുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചയും നിര്‍ണായകമായി. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സഭകളെ പിണക്കേണ്ടതെന്ന നിലപാടാണ് സി.പി.എമ്മും സ്വീകരിച്ചതെന്നാണ് വിലയിരുത്തല്‍. വിഷയത്തില്‍ സമവായ നീക്കവുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിചങ്ങനാശേരി ആര്‍ച്ച് ബിഷപ്പുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് തറയിലുമായാണ് അദ്ദേഹം ചര്‍ച്ച നടത്തിയത്.
ഭിന്നശേഷി നിയമനത്തില്‍ ക്രൈസ്തവ മാനേജ്‌മെന്റിന്റെ ആശങ്ക പരിഹരിക്കുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം മന്ത്രി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ജോസ് കെ മാണിക്കൊപ്പമാണ് വിദ്യാഭ്യാസ മന്ത്രി എത്തിയത്. കൂടിക്കാഴ്ച അര മണിക്കൂര്‍ നീണ്ടു. സഭയുടെ ആശങ്ക പരിഹരിക്കുന്നതിനുള്ള ഇടപെടല്‍ സര്‍ക്കാരിന്റ ഭാഗത്ത് നിന്നുമുണ്ടാകുമെന്ന് കൂടിക്കാഴ്ചയില്‍ മന്ത്രി ഉറപ്പ് നല്‍കി. വിഷയം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ആരംഭിച്ചിട്ടുണ്ടെന്നും അറിയിച്ചിരുന്നു.
ഈ കൂടിക്കാഴ്ച്ചക്ക് ശേഷമാണ് വിദ്യാഭ്യാസ വകുപ്പ് നിലപാട് മാറ്റിയത്. സഭക്ക് വഴങ്ങി അനുനയത്തിന്റെ പാതയിലേക്ക് വരികയായിരുന്നു. 15,000ത്തോളം അധ്യാപകര്‍ക്കാണ് സര്‍ക്കാര്‍ നിലപാട് മാറുന്നതോടെ നിയമനം ലഭിക്കുക. ഇത് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന ആശങ്കയുമുയരുന്നുണ്ട്.