തിരുവനന്തപുരം: രക്തസാക്ഷികളുടെ ചോരയില്‍ നിന്നും പണം കൊള്ളയടിക്കുന്ന 'പുത്തന്‍ കമ്മ്യൂണിസ്റ്റ്' ശൈലി തിരുവനന്തപുരത്തും ആഞ്ഞടിക്കുന്നു. വഞ്ചിയൂരില്‍ കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വിഷ്ണുവിന്റെ പേരില്‍ സമാഹരിച്ച രക്തസാക്ഷി ഫണ്ട് തട്ടിയെടുത്ത നേതാവിനെ പാര്‍ട്ടി ഉന്നത പദവിയില്‍ പ്രതിഷ്ഠിച്ചതാണ് ഇപ്പോള്‍ വന്‍ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. പാര്‍ട്ടി കുടുംബമായ വിഷ്ണുവിന്റെ സഹോദരന്‍ വി.വി. വിനോദ് തന്നെ പരസ്യമായി രംഗത്തെത്തിയതോടെ സിപിഎം ജില്ലാ നേതൃത്വവും മന്ത്രി വി. ശിവന്‍കുട്ടിയും പ്രതിരോധത്തിലായിരിക്കുകയാണ്.

അഞ്ചുലക്ഷം മുക്കി; ഇന്ന് സിഐടിയു ജില്ലാ സെക്രട്ടറി! വിഷ്ണു രക്തസാക്ഷി ഫണ്ടിലെ അഞ്ചുലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്ന് പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി തന്നെ കണ്ടെത്തിയ ടി. രവീന്ദ്രന്‍ നായര്‍ക്കാണ് ഇപ്പോള്‍ സിഐടിയു ജില്ലാ സെക്രട്ടറിയായി സ്ഥാനക്കയറ്റം നല്‍കിയിരിക്കുന്നത്. പാര്‍ട്ടിയെയും അണികളെയും ഒരുപോലെ ഞെട്ടിച്ച സാമ്പത്തിക ക്രമക്കേട് നടത്തിയ ഒരാളെ ഇത്രയും പ്രധാനപ്പെട്ട പദവിയില്‍ ഇരുത്തിയത് അണികള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മന്ത്രി വി. ശിവന്‍കുട്ടിയുടെ അടുത്ത അനുയായി എന്ന ലേബലിലാണ് രവീന്ദ്രന്‍ നായര്‍ ഈ പദവി നേടിയതെന്നാണ് ആക്ഷേപം.

തട്ടിപ്പ് നടന്നത് ബാങ്ക് വഴി; രേഖകളില്ലാത്ത പിരിവ് കൈതമുക്ക് ചുമട്ടു തൊഴിലാളി സര്‍വീസ് സഹകരണ ബാങ്ക് കേന്ദ്രീകരിച്ചാണ് തട്ടിപ്പ് അരങ്ങേറിയത്. വിഷ്ണുവിന്റെ കുടുംബത്തിന് 11 ലക്ഷം നല്‍കിയെങ്കിലും ബാക്കി തുക നിയമസഹായ ഫണ്ട് എന്ന പേരില്‍ ബാങ്കില്‍ നിക്ഷേപിച്ചു. രവീന്ദ്രന്‍ നായര്‍ പ്രസിഡന്റായിരുന്ന ഈ ബാങ്കില്‍ നിന്നും അഞ്ചുലക്ഷം രൂപ അദ്ദേഹം സ്വന്തം അക്കൗണ്ടിലേക്ക് വക മാറ്റിയെന്നാണ് പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം ആരോപിക്കുന്നത്. പലിശയുള്‍പ്പെടെ ഒന്‍പതു ലക്ഷത്തോളം രൂപയാകുമായിരുന്ന ഈ പണം നേതാവ് സ്വന്തം ആഡംബരത്തിന് ഉപയോഗിച്ചോ എന്ന ചോദ്യത്തിന് ഇന്നും മറുപടിയില്ല.

പാര്‍ട്ടി അന്വേഷണം വെറും പ്രഹസനമോ? നേരത്തെ ഈ ആരോപണം ഉയര്‍ന്നപ്പോള്‍ രവീന്ദ്രന്‍ നായരെ പാര്‍ട്ടി പദവികളില്‍ നിന്നും നീക്കിയിരുന്നു. അന്ന് ഏരിയ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടില്‍ ഇദ്ദേഹത്തിന്റെ അസ്വാഭാവികമായ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് സംശയം പ്രകടിപ്പിച്ചിരുന്നു. സ്വാധീനം ഉപയോഗിച്ച് ഭാര്യയ്ക്കും മകനും ജോലി സംഘടിപ്പിച്ചു എന്ന പരാതിയും പാര്‍ട്ടിക്കുള്ളില്‍ പുകയുന്നുണ്ട്. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ടുകളെല്ലാം ചവറ്റുകുട്ടയിലെറിഞ്ഞാണ് ഇപ്പോള്‍ ഇദ്ദേഹത്തെ ജില്ലാ നേതൃത്വത്തിലേക്ക് ആനയിച്ചിരിക്കുന്നത്.

2008-ല്‍ പാസ്പോര്‍ട്ട് ഓഫീസിനു മുന്നില്‍ അതിക്രൂരമായി കൊല്ലപ്പെട്ട വിഷ്ണുവിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ സിപിഎം എന്തു മറുപടി പറയുമെന്നാണ് അണികള്‍ ചോദിക്കുന്നത്. രക്തസാക്ഷിയുടെ കുടുംബത്തെപ്പോലും വഞ്ചിക്കുന്ന ഇത്തരം നേതാക്കളെ സംരക്ഷിക്കുന്നത് പാര്‍ട്ടിയുടെ അധഃപതനമാണെന്ന വികാരം തിരുവനന്തപുരത്തെ ഇടത് അണികളില്‍ ശക്തമാണ്.