തിരുവനന്തപുരം: മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വിദേശയാത്ര വിവാദമാക്കേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കി വിഭ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ലോകത്ത് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. നാളെ മുതൽ റിസൾട്ട് ഉണ്ടായെന്നു വരില്ല. നേട്ടങ്ങൾ കടയിൽ നിന്നും സാധനങ്ങൾ വാങ്ങി കൊണ്ടുവരുന്നത് പോലെയല്ല. ഭാവിയിൽ കാണാമെന്നും മന്ത്രി ശിവൻകുട്ടി വ്യക്തമാക്കി. കുടുംബ സമേതമുള്ള മന്ത്രിമാരുടെ യാത്രകൾ വിവാദമായ പശ്ചാത്തലത്തിലാണ് മന്ത്രി വിശദീകരണവുമായി രംഗത്തുവന്നത്.

വിദേശ യാത്ര സംബന്ധിച്ച് മുഖ്യമന്ത്രി തിരിച്ചെത്തിയാൽ വിശദീകരിക്കും. മന്ത്രിമാർ വന്നിറങ്ങിയില്ലല്ലോ. അതിന് മുമ്പേ ധൂർത്താണെന്ന് പറഞ്ഞാൽ പറ്റുമോയെന്നും ശിവൻകുട്ടി ചോദിച്ചു. കുടുംബാംഗങ്ങളുമായി പോകുന്നതിൽ ഒരു തെറ്റുമില്ല. മന്ത്രിമാർ ആയതിനാൽ ഭാര്യമാർക്ക് വിട്ടിൽ നിന്നും പുറത്തിറങ്ങാൻ പാടില്ലയെന്നില്ല.

അവർ സ്വന്തം ചെലവിലാണ് പോയത്. സ്വന്തം ഭാര്യമാരെയാണ് കൊണ്ടുപോയത്. മറ്റാരുടേയും ഭാര്യയെ കൂട്ടിയല്ല പോയതെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു. അന്ധ്വിശ്വാസ നിർമ്മാർജ്ജനത്തിന് നിയമനിർമ്മാണം കൊണ്ടു മാത്രം കാര്യമില്ല. വ്യാപകമായ പ്രചാരണ പ്രവർത്തനം സമൂഹം ഒറ്റക്കെട്ടായി നടത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, തന്റെ ദുബായ് സന്ദർശനം സ്വകാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിരുന്നു. ദുബായിൽ തന്റെ സന്ദർശനം സ്വകാര്യമാണ്. പേഴ്സണൽ അസിസ്റ്റന്റ് സുനീഷും ഒപ്പമുണ്ട്. ഇയാൾ ഔദ്യോഗിക സന്ദർശനമാണ് നടത്തുന്നത്. ഇ-ഫയൽ നോക്കുന്നതിനും മന്ത്രിസഭാ യോഗം ചേരുന്നതിനുള്ള സൗകര്യങ്ങൾ ചെയ്യുന്നതിനുമാണ് പേഴ്സണൽ സ്റ്റാഫിനെ ഒപ്പം കൂട്ടിയതെന്നും മുഖ്യമന്ത്രി വിശദീകരണ കത്തിൽ വ്യക്തമാക്കി.

യു കെ, നോർവെ സന്ദർശനം പൂർത്തിയാക്കി മടങ്ങിവരവെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ദുബായ് സന്ദർശനം നടത്തിയത്. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി മുൻകൂട്ടി വാങ്ങാതെയായിരുന്നു മുഖ്യമന്ത്രിയുടെ ദുബായ് സന്ദർശനം. അനുമതി തേടി പിന്നീട് മന്ത്രാലയത്തെ സമീപിച്ചെങ്കിലും പേഴ്സണൽ അസിസ്റ്റന്റിനെ ഒപ്പം ചേർത്തതിൽ വിദേശകാര്യ മന്ത്രാലയം മുഖ്യമന്ത്രിയോട് വിശദീകരണം തേടിയിരുന്നു. സ്വകാര്യ സന്ദർശനത്തിൽ സർക്കാർ ജീവനക്കാരെ ഒപ്പം കൂട്ടുന്നത് ചട്ട വിരുദ്ധമാണ് എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു വിശദീകരണം തേടിയത്.