തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ അധ്യാപകര്‍ക്ക് കെ ടെറ്റ് യോഗ്യത നിര്‍ബന്ധമാക്കിക്കൊണ്ടുള്ള മുന്‍ ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് റദ്ദാക്കി. അധ്യാപക സംഘടനകളില്‍ നിന്നുള്ള ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്. ഇതോടെ ആയിരക്കണക്കിന് അധ്യാപകര്‍ക്ക് ഈ തീരുമാനം വലിയ ആശ്വാസമായി മാറി. മന്ത്രി വി ശിവന്‍കുട്ടിയാണ് ഈ തീരുമാനം അറിയിച്ചത്.

സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് കെ ടെറ്റ് നിര്‍ബന്ധമാക്കണമെന്ന നിര്‍ദ്ദേശം നേരത്തെ വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍, ഇതിനെതിരെ ഭരണ പ്രതിപക്ഷ അധ്യാപക സംഘടനകള്‍ രംഗത്തെത്തി. സര്‍വീസിലുള്ള അധ്യാപകര്‍ക്ക് ഇത്തരം പരീക്ഷകള്‍ വീണ്ടും നിര്‍ബന്ധമാക്കുന്നത് പ്രായോഗികമല്ലെന്നും അത് അവരുടെ ജോലിയെ ബാധിക്കുമെന്നുമായിരുന്നു സംഘടനകളുടെ വാദം. ഈ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് ഇപ്പോള്‍ പുതിയ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്.

അധ്യാപനത്തിന്റെ നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി കെ ടെറ്റ് പാസാകാത്തവര്‍ക്ക് സ്ഥാനക്കയറ്റമോ വാര്‍ഷിക ഇന്‍ക്രിമെന്റോ നല്‍കില്ലെന്ന തരത്തിലായിരുന്നു നിയന്ത്രണങ്ങള്‍. ഇത് അധ്യാപകര്‍ക്കിടയില്‍ വലിയ ആശങ്കയുണ്ടാക്കിയിരുന്നു. എന്നാല്‍ പുതിയ തീരുമാനത്തോടെ ഈ നിയന്ത്രണങ്ങള്‍ നീങ്ങും. കെ-ടെറ്റ് ഇല്ലാത്തതിന്റെ പേരില്‍ തടഞ്ഞുവെച്ച ആനുകൂല്യങ്ങള്‍ അധ്യാപകര്‍ക്ക് തിരികെ ലഭിക്കാനും ഈ ഉത്തരവ് വഴിയൊരുക്കും. എങ്കിലും, പുതിയതായി അധ്യാപക ജോലിയിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് നിലവിലുള്ള നിബന്ധനകള്‍ തുടര്‍ന്നേക്കും. സര്‍വീസിലിരിക്കുന്നവര്‍ക്ക് ഇളവ് നല്‍കുക എന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയിരിക്കുന്നത്.

സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റത്തിനുമുള്ള കെ- ടെറ്റ് യോഗ്യത പരീക്ഷയില്‍ അധ്യാപകര്‍ക്കിടയില്‍ ഉണ്ടായ ആശങ്കകള്‍ പരിഹരിക്കുമെന്ന് വി ശിവന്‍കുട്ടി പ്രതികരിച്ചു. 2010 ഏപ്രില്‍ ഒന്നിന് മുന്‍പ് സര്‍വീസില്‍ പ്രവേശിച്ച അധ്യാപകരെ പ്രതികൂലമായി ബാധിക്കുന്നതാണ് സുപ്രീം കോടതി വിധി . അന്നത്തെ നിയമന ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് ജോലിയില്‍ പ്രവേശിച്ച അധ്യാപകരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും വിധിക്കെതിരെ സുപ്രീം കോടതിയില്‍ റിവ്യൂ പെറ്റീഷന്‍ ഫയല്‍ ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

വിദ്യാഭ്യാസ അവകാശ നിയമം ലക്ഷ്യമിടുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസമാണ്. എന്നാല്‍, ദീര്‍ഘകാലമായി സേവനമനുഷ്ഠിക്കുന്ന, മികച്ച അനുഭവസമ്പത്തുള്ള അധ്യാപകരെ പിരിച്ചുവിടുന്നത് ഗുണനിലവാരത്തെ തകര്‍ക്കുകയേ ഉള്ളൂ. കെ ടെറ്റ് നിലവില്‍ വരുന്നതിന് മുന്‍പ് തന്നെ കേരളം വിദ്യാഭ്യാസ നിലവാരത്തിലും സാക്ഷരതയിലും മുന്‍പന്തിയിലായിരുന്നു കേരളം. അന്നത്തെ യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് അധ്യാപകര്‍ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കിയിരുന്നത്- മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കെ-ടെറ്റ് പരീക്ഷ കേരളത്തില്‍ ആരംഭിച്ചത് 2012ലാണ്. അതിനും മുമ്പ് ജോലിയില്‍ പ്രവേശിച്ചവരോട്, ജോലിയില്‍ കയറുമ്പോള്‍ ഇല്ലാതിരുന്ന ഒരു യോഗ്യത ഇപ്പോള്‍ നിര്‍ബന്ധമാണ് എന്ന് പറയുന്നത് സ്വാഭാവിക നീതിക്ക് നിരക്കുന്നതല്ല. കെ- ടെറ്റ് വരുന്നതിന് മുന്‍പ് സര്‍വീസില്‍ കയറിയവരെയും അതിനുശേഷം വന്നവരെയും ഒരേ തട്ടില്‍ കാണുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14ന്റെ ലംഘനമാണെന്നാണ് കരുതുന്നത്. മുന്‍കാല പ്രാബല്യത്തോടെയുള്ള ഇത്തരം വിധികള്‍ നടപ്പിലാക്കുന്നത് അനേകം പേരുടെ തൊഴില്‍ നഷ്ടപ്പെടുന്നതിനും വലിയ സാമ്പത്തിക- സാമൂഹിക പ്രത്യാഘാതങ്ങള്‍ക്കും കാരണമാകും.

നിലവില്‍ യോഗ്യത നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി 2026 ഫെബ്രുവരിയില്‍ കെ- ടെറ്റ് പരീക്ഷ നടത്തുന്നതിന് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട് . എന്നാല്‍, 2010-ന് മുന്‍പ് നിയമിതരായ ഒരാള്‍ക്ക് പോലും തൊഴില്‍ നഷ്ടപ്പെടാതിരിക്കാന്‍ ആവശ്യമായ എല്ലാ നിയമപരമായ ഇടപെടലുകളും സര്‍ക്കാര്‍ നടത്തുമെന്നും അധ്യാപകര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി. ഈ വിഷയത്തില്‍ അധ്യാപക സംഘടനകളുമായും നിയമവിദഗ്ധരുമായും ചര്‍ച്ച നടത്തിയ ശേഷം റിവ്യൂ പെറ്റീഷന്‍ നല്‍കുന്ന നടപടികള്‍ വേഗത്തിലാക്കാന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

പൊതുവിദ്യാലയങ്ങളില്‍ അഞ്ചുവര്‍ഷത്തിലേറെ സര്‍വീസുള്ള അധ്യാപകരെല്ലാം യോഗ്യതാപരീക്ഷയായ കെ ടെറ്റ് വിജയിക്കണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റത്തിനും കെ- ടെറ്റ് യോഗ്യത ബാധകമാക്കിയത്.