കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് വടകര ലോക്സഭാ മണ്ഡലത്തിൽ വൻ വിവാദത്തിന് വഴിവെച്ച 'കാഫിർ' സ്‌ക്രീൻഷോട്ടിൽ സിപിഎം വീണ്ടം വെട്ടിൽ. വിഷയത്തിൽ പൊലീസ് സ്വീകരിച്ച നടപടികൾ രണ്ടാഴ്ചയ്ക്കകം റിപ്പോർട്ടായി നൽകണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. വടകര റൂറൽ എസ്‌പിയോടാണ് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. പൊലീസ് അന്വേഷണം ശരിയായ ദിശയിൽ അല്ലെന്ന് പി.കെ. മുഹമ്മദ് കാസിമിന്റെ ഹർജി പരിഗണിച്ചു കൊണ്ടാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇതോടെ വിഷയത്തിൽ പൊലീസ് സ്വീകരിച്ച നടപടികൾ റിപ്പോർട്ടായി ഹൈക്കോടതിയിൽ നൽകേണ്ടി വരും.

സംഭവത്തിൽ ആരോപണവിധേയനായിരുന്നത് എം.എസ്.എഫ് കോഴിക്കോട് ജില്ലാ സെക്രട്ടറി പി.കെ. മുഹമ്മദ് കാസിം ആയിരുന്നു. ഇദ്ദേഹമാണ് തന്റെ നിരപരാധിത്വം തെളിയിക്കാൻ ഹൈക്കോടതിയിൽ ഹർജി നൽകിയത്. തന്റെ പേരിൽ വ്യാജ വാട്‌സ്ആപ്പ് സന്ദേശം സൃഷ്ടിച്ചവരെ കണ്ടെത്തണമെന്നാണ് കാസിമിന്റെ ആവശ്യം. ഈ ഹർജിയിൽ വാദം കേൾക്കവെയാണ് പൊലീസിനോട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. വിവാദത്തിൽ താനാണ് ആദ്യം പരാതി നൽകിയതെന്നും എന്നാൽ, തനിക്കെതിരേ കേസെടുക്കുന്ന സാഹചര്യമുണ്ടായെന്നും മുഹമ്മദ് കാസിം ഹർജിയിൽ ചൂണ്ടിക്കാട്ടി. മാത്രമല്ല ആരാണ് ഇതുണ്ടാക്കിയതെന്നടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചില്ലെന്നും ഹർജിയിൽ പറഞ്ഞിരുന്നു.

വിവാദമായ സ്‌ക്രീൻഷോട്ട് അന്നുതന്നെ തന്റെ ഫേസ്‌ബുക്കിലൂടെ മുൻ എംഎ‍ൽഎയും സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്റെ ഭാര്യയും സിപിഎം സംസ്ഥാന സമിതി അംഗവുമായ കെ.കെ ലതിക പങ്കുവെച്ചിരുന്നു. ഇതിന്റ വിശദാംശങ്ങൾ ആരാഞ്ഞ് കഴിഞ്ഞ ദിവസം പൊലീസ് കെ.കെ ലതികയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. സ്‌ക്രീൻഷോട്ട് എവിടെനിന്ന് കിട്ടിയെന്നതുൾപ്പെടെയുള്ള വിവരങ്ങളാണ് ശേഖരിച്ചത്. കാസിം ഹൈക്കോടതിയിൽ ഹർജി നൽകുമെന്ന് മനസ്സിലാക്കിയാണ് ഈ നീക്കം പൊലീസ് നടത്തിയത്.

കഴിഞ്ഞമാസം 25-ന് വൈകീട്ടാണ് തിരുവള്ളൂരിലെ എം.എസ്.എഫ്. നേതാവ് പി.കെ. മുഹമ്മദ് കാസിമിന്റെ വാട്സാപ്പ് സന്ദേശമെന്ന പേരിൽ സ്‌ക്രീൻഷോട്ട് പ്രചരിച്ചത്. എൽ.ഡി.എഫ്. സ്ഥാനാർത്ഥിയെ കാഫിറെന്ന് വിളിക്കുന്ന പരാമർശമാണ് ഇതിലുള്ളത്. ഈ സന്ദേശം പെട്ടെന്നുതന്നെ സാമൂഹികമാധ്യമങ്ങളിൽ വ്യാപിച്ചു. ഇടതുപക്ഷം വ്യാപകമായി അത് ചർച്ചയാക്കുകയും ചെയ്തു. വടകരയിലെ സ്ഥാനാർത്ഥിയെ വർഗ്ഗീയമായി അധിക്ഷേപിച്ചുവെന്നായിരുന്നു ആരോപണം. ഇതിന് ശേഷമാണ് കാസിം രംഗത്ത് വന്നത്.

സന്ദേശത്തിന്റെ പേരിൽ എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി നൽകിയ പരാതിയിൽ വടകര പൊലീസ് 25-ന് രാത്രി കേസെടുത്തിരുന്നു. സന്ദേശം കാസിമിന്റെ പേരിൽ വ്യാജമായി ഉണ്ടാക്കിയതാണെന്ന് കാണിച്ച് യൂത്ത് ലീഗും കാസിമും പരാതി നൽകി. ഇതിൽ യൂത്ത് ലീഗ് നൽകിയ പരാതിയിലും അന്നുതന്നെ കേസെടുത്തു. കാസിമിന്റെ ഫോൺ ഉൾപ്പെടെ പൊലീസ് പരിശോധിച്ചെങ്കിലും സന്ദേശം മുഹമ്മദ് കാസിം അയച്ചതാണെന്നതിന് പൊലീസിന് ഒരുതെളിവും കിട്ടിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് കാസിം ഹൈക്കോടതിയെ സമീപിച്ചത്.