വടക്കഞ്ചേരി: വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിൽ ഇടിച്ചുണ്ടായ അപകടത്തിൽ ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ രക്തത്തിൽ ലഹരി സാന്നിധ്യം ഇല്ലെന്ന് റിപ്പോർട്ട്. കാക്കനാട് കെമിക്കൽ ലാബിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. അപകടം നടന്ന് മണിക്കൂറുകൾ വൈകിയാണ് ജോമോന്റെ രക്തസാമ്പിൾ പരിശോധനയ്ക്ക് അയച്ചത്.

അതസമയം കേസിലെ ഒന്നാം പ്രതിയായ ജോമോൻ അപകട സമയത്ത് ലഹരി ഉപയോഗിച്ചിരുന്നുവെന്നാണ് പൊലീസ് സംശയിച്ചിരുന്നത്. മദ്യം മാത്രമല്ല, മറ്റ് എന്തെങ്കിലും ലഹരി ഇയാൾ ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്താനായിരുന്നു കാക്കനാട്ടെ ലാബിൽ പരിശോധന നടത്തിയത്. പാലക്കാട് വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലം കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപം ഒക്ടോബർ ആറിന് അർദ്ധരാത്രി 12.30 ഓടെയായിരുന്നു അപകടം നടന്നത്. കെ എസ് ആർ ടി സി ബസിന് പിന്നിൽ ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നു.

എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയോസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ കുട്ടികൾ സഞ്ചരിച്ച ലൂമിനസ് ബസാണ് അപകടത്തിൽപ്പെട്ടത്. 9 പേരുടെ ജീവനാണ് അപകടത്തിൽ പൊലിഞ്ഞത്. വിദ്യാർത്ഥികളും അദ്ധ്യാപകരുമടക്കം ആഘോഷത്തിമിർപ്പിലായിരിക്കെയാണ് 11.30ഓടെ വടക്കഞ്ചേരി അഞ്ചു മൂർത്തി മംഗലത്ത് വച്ച് കെഎസ്ആർടിസി ബസിന് പുറകിൽ അതിവേഗത്തിൽ ടൂറിസ്റ്റ് ബസ് ഇടിച്ചു കയറിയത്.

ഇടിയുടെ ആഘാതത്തിൽ റോഡിനു സമീപത്തെ ചതുപ്പിലേക്ക് മറിഞ്ഞ ബസിൽനിന്ന് ഏറെ പ്രയാസപ്പെട്ടാണ് രക്ഷാപ്രവർത്തകർ കുട്ടികളെ അടക്കം പുറത്തേക്ക് എത്തിച്ചത്. 42 വിദ്യാർത്ഥികളും 5 അദ്ധ്യാപകരും 2 ബസ്സ് ജീവനക്കാരുമാണ് ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത്. അതേസമയം വടക്കാഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിൽ സ്‌കൂളുകളിൽ നിന്നുള്ള വിനോദയാത്രക്ക് പുതിയ മാനദണ്ഡങ്ങൽ സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്.

പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ നിർദേശപ്രകാരം വർഷത്തിൽ മൂന്ന് ദിവസം മാത്രമേ സ്‌കൂളിൽ നിന്ന് വിനോദ യാത്ര നടത്താനാകൂ. സർക്കാർ അംഗീകൃത ടൂർ ഓപ്പറേറ്റർമാർ വഴി മാത്രമേ ഇത് നടത്താവൂ. യാത്ര പുറപ്പെടും മുമ്പ് പൊലീസിലും ഗതാഗത വകുപ്പിലും അറിയിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. രാത്രി പത്ത് മണിക്ക് ശേഷവും രാവിലെ അഞ്ച് മണിക്ക് മുൻപും യാത്ര നടത്താൻ പാടില്ല. ഗതാഗത വകുപ്പ് നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്ന വാഹനങ്ങൾ മാത്രമേ വിനോദ യാത്രയ്ക്ക് ഉപയോഗിക്കാവൂ. നിയമവിരുദ്ധമായ ലൈറ്റും ശബ്ദ സംവിധാനങ്ങളുമുള്ള വാഹനങ്ങളിൽ യാത്ര പാടില്ല. വാഹനത്തിന്റെ രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടത് സ്‌കൂൾ അധികൃതരുടെ ഉത്തരവാദിത്വമാണെന്നും നിർദേശത്തിലുണ്ട്.

യാത്ര പൂർത്തിയായതിന് ശേഷം ഡ്രൈവറുടെ പെരുമാറ്റത്തിൽ എന്തെങ്കിലും പരാതിയുണ്ടെങ്കിൽ ബന്ധപ്പെട്ട റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസറെ അറിയിക്കേണ്ടതാണ്. യാത്രയ്ക്കിടെ സുരക്ഷിതവും നിലവാരമുള്ളതുമായ താമസസൗകര്യവും ആരോഗ്യപരമായ ഭക്ഷണവും ക്രമീകരിക്കേണ്ടത് അനിവാര്യമാണെന്നും നിർദേശത്തിൽ പറയുന്നുണ്ട്. 15 വിദ്യാർത്ഥികൾക്ക് 1 അദ്ധ്യാപകൻ എന്ന അനുപാതം പാലിക്കേണ്ടതുണ്ടെന്നും മാർഗരേഖയിൽ പറയുന്നു. യാത്രാവസാനം വിദ്യാർത്ഥികൾ രക്ഷിതാക്കളുടെ സമീപം സുരക്ഷിതരായി എത്തിച്ചേരുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും നിർദേശത്തിലുണ്ട്.