പാലക്കാട്: വടക്കഞ്ചേരി അപകടത്തിൽ മരിച്ചവരിൽ ദേശീയ ബാസ്‌കറ്റ് ബോൾ താരവും. തൃശൂർ നടത്തറ മൈനർ റോഡ് സ്വദേശി രോഹിത് രാജ് (24) ആണ് മരിച്ചത്. കെഎസ്ആർടിസി ബസിലെ യാത്രക്കാരനായിരുന്നു രോഹിത്.

അവധിക്ക് ശേഷം കോയമ്പത്തൂരിലെ ജോലി സ്ഥലത്തേക്ക് മടങ്ങുകയായിരുന്നു രോഹിത്. മാസങ്ങൾക്ക് മുമ്പാണ് രോഹിത് കോയമ്പത്തൂരിൽ ജോലിയിൽ പ്രവേശിച്ചത്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിന്റേയും നൈപുണ്യ കോളേജിന്റേയും ബാസ്‌ക്കറ്റ് ബോൾ ടീമംഗം ആയിരുന്നു രോഹിത്. പത്തനംതിട്ട ബാസ്‌ക്കറ്റ്ബോൾ ജില്ലാ ടീമിലും രോഹിത് കളിച്ചിട്ടുണ്ട്. ദേശീയ കോർഫ് ബോൾ താരവുമായിരുന്നു.

ആലത്തൂരിലെ ആശുപത്രിയിൽ നിന്നും രോഹിതിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. രോഹിതിന്റെ അമ്മ ലതികയും സഹോദരി ലക്ഷ്മി രാജും ബാസ്‌ക്കറ്റ്ബോൾ താരങ്ങളാണ്. ഈ വർഷം നടന്ന ഇന്ത്യയുടെ അണ്ടർ-18 ബാസ്‌ക്കറ്റ്ബോൾ ക്യാമ്പിൽ ലക്ഷ്മി രാജും ഇടം നേടിയിരുന്നു.

മരിച്ച 9 പേരുടെയും മൃതദേഹം പോസ്റ്റ്‌മോർട്ടം പൂർത്തീകരിച്ച ശേഷം ജന്മനാടുകളിലേക്ക് കൊണ്ടുപോയി. 4 പേരുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലും 5 പേരുടെ മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രിയിലുമാണ് പോസ്റ്റ്‌മോർട്ടം ചെയ്തത്. വിനോദയാത്ര സംഘത്തിന്റെ ബസിൽ 42 വിദ്യാർത്ഥികളും അഞ്ച് അദ്ധ്യാപകരും കെഎസ്ആർടിസി ബസിൽ 40 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. നിലവിൽ രണ്ട് പേർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും ഒരാൾ നെന്മാറ അവൈറ്റിസ് ആശുപത്രിയിലും ചികിത്സയിലുള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു. ചികിത്സയിലുള്ള ആരുടേയും പരിക്ക് ഗുരുതരമല്ല.

എറണാകുളത്തു നിന്നു പുറപ്പെട്ട ടൂറിസ്റ്റ് ബസിലുണ്ടായിരുന്ന വെട്ടിക്കൽ ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിലെ കായികാധ്യാപകൻ മുളന്തുരുത്തി ഇഞ്ചിമല വടത്തറയിൽ കുട്ടപ്പന്റെ മകൻ വി.കെ.വിഷ്ണു (33), തൃപ്പൂണിത്തറ ഉദയംപേരൂർ വലിയകുളം അഞ്ജനം വീട്ടിൽ അജിത്തിന്റെ മകൾ അഞ്ജന അജിത്ത് (17), മുളന്തുരുത്തി പൈങ്ങാരപ്പിള്ളി രശ്മി നിലയത്തിൽ രാജേഷ് ഡി.നായരുടെ മകൾ ദിയ രാജേഷ് (15), മുളന്തുരുത്തി അരക്കുന്നം കാഞ്ഞിരക്കപ്പിള്ളി ചിറ്റേത്ത് വീട്ടിൽ സി.എം.സന്തോഷിന്റെ മകൻ സി.എസ്.ഇമ്മാനുവൽ (17), മുളന്തുരുത്തി പൈങ്ങാരപ്പിള്ളി പൊറ്റയിൽ വീട്ടിൽ പി.സി.തോമസിന്റെ മകൻ ക്രിസ് വിന്റർ ബോൺ തോമസ് (15), എറണാകുളം തിരുവാണിയൂർ വണ്ടിപ്പേട്ട ചെമ്മനാട് വെമ്പിലമട്ടത്തിൽ വീട്ടിൽ ജോസ് ജോസഫിന്റെ മകൾ എൽന ജോസ് (15) എന്നിവരാണ് മരിച്ചത്. അദ്ധ്യാപകന്റെയും എൽന ജോസ് ഒഴികെ മറ്റു വിദ്യാർത്ഥികളുടെയും മൃതദേഹം ഇന്നു സംസ്‌കരിക്കും. എൽന ജോസിന്റെ സംസ്‌കാരം നാളെയാണ്.മുളന്തുരുത്തിയും തിരുവാണിയൂരും ഇന്ന് ഹർത്താൽ ആചരിക്കുകയാണ്. ഉച്ചയ്ക്കു ശേഷം ഇവിടെ കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുകയാണ്. മരിച്ചവർ എല്ലാവരും തന്നെ ഈ നാട്ടുകാരാണ്.

കെഎസ്ആർടിസി യാത്രക്കാരായ കൊല്ലം പൂയപ്പള്ളി വലിയോട് വൈദ്യൻകുന്ന് ശാന്തി മന്ദിരത്തിൽ ഓമനക്കുട്ടന്റെ മകൾ അനുപ് (22), കൊല്ലം പുനലൂർ മണിയാർ ധന്യഭവനിൽ ഉദയഭാനുവിന്റെ മകൻ യു.ദീപു (26), തൃശൂർ നടത്തറ കൊഴിക്കുള്ളി ഗോകുലത്തിൽ രവിയുടെ മകൻ രോഹിത് രാജ് (24) എന്നിവരും മരിച്ചവരിൽ ഉൾപ്പെടുന്നു.
്.
ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടമുണ്ടായത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ കുട്ടികളുടെ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. കൊട്ടാരക്കര കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് ബസിലാണ് ടൂറിസ്റ്റ് ബസ് ഇടിച്ചത്.

ടൂറിസ്റ്റ് ബസിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമായതെന്നാണ് ആരോപണം.