കൊച്ചി: വടക്കഞ്ചേരി ബസ് അപകടത്തിൽ പെട്ട സ്‌കൂൾ വിദ്യാർത്ഥികളിൽ ഏറെയും മുളന്തുരുത്തി, തിരൂവാണിയൂർ പ്രദേശക്കാരാണ്. നാടാകെ ഈ ദുരന്തത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ്. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയേസ് സ്‌കൂളിൽ പൊതുദർശനത്തിന് വച്ചപ്പോഴും പലരും വിങ്ങി പൊട്ടി. സ്‌കൂളിലെ കായിക അദ്ധ്യാപകനും പത്താം ക്ലാസിലെ മൂന്നു വിദ്യാർത്ഥികളും പ്ലസ്ടുവിലെ രണ്ടു വിദ്യാർത്ഥികളുമാണ് അപകടത്തിൽ മരണമടഞ്ഞത്. ഇവരടക്കം 42 പേരാണ് വിനോദയാത്രാ സംഘത്തിൽ ഉണ്ടായിരുന്നത്. ഉല്ലാസ യാത്ര ആയതുകൊണ്ട് തന്നെ എല്ലാവരും കളിചിരികളുമായി സന്തോഷത്തിലായിരുന്നു. ഒറ്റരാത്രി കൊണ്ട് ആ സ്‌ന്തോഷം പാടേ ഇല്ലാതാക്കി ഒരുമരവിപ്പ് മാത്രമായി. മുളന്തുരുത്തി പൈങ്ങാരപ്പിള്ളി രശ്മി നിലയത്തിൽ രാജേഷ് ഡി.നായരുടെ മകൾ ദിയ രാജേഷും (15) ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരിൽ പെടുന്നു.

യാത്രയുടെ ചിത്രങ്ങൾ, ദിയ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും വാട്ട്‌സ് ആപ്പിൽ അയച്ചു കൊടുത്തിരുന്നു. മുളന്തുരുത്തി തുരുത്തിക്കര രാജേഷ് സിജി ദമ്പതികളുടെ ഏകമകളാണ് പത്താം ക്ലാസ് വിദ്യാർത്ഥിയായ ദിയ രാജേഷ്. രാത്രി പത്ത് മണിക്ക് വീട്ടുകാർക്ക് വാട്ട്‌സ് ആപ്പിൽ ഫോട്ടോ അയച്ച് സംസാരിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ദിയയുടെ മരണവാർത്ത കുടുംബത്തെ തേടിയെത്തുന്നത്.

ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് ദിയ രാജേഷ് തുരുത്തിക്കരയിലെ വീട്ടിൽ നിന്ന് യാത്ര പറഞ്ഞ് പോയത്. ശനിയാഴ്ചയാണ് വിനോദയാത്ര കഴിഞ്ഞ് സംഘം മടങ്ങേണ്ടിയിരുന്നത്. എന്നാൽ ദിയയുടെ ജീവനില്ലാത്ത ശരീരമാണ് തുരുത്തിക്കരയിലെ വീട്ടിലേക്ക് എത്തിയത്. അയൽവാസികൾക്കും പ്രിയപ്പെട്ട കുട്ടിയായിരുന്നു ദിയ.

ദിയയുടെ അച്ഛൻ രാജേഷ് കൊച്ചിൻ ഷിപ്‌യാർഡിൽ കരാർ ജീവനക്കാരനാണ്. അമ്മ സിജി. ഇവരുടെ ഏകമകളാണ് ഇല്ലാതായിരിക്കുന്നത്. ഈ മാതാപിതാക്കളെ എങ്ങനെ
ആശ്വസിപ്പിക്കണമെന്ന് അറിയാതെ ഉഴലുകയാണ് ഉറ്റവരും നാട്ടുകാരും.

മരിച്ച 9 പേരുടെയും മൃതദേഹം പോസ്റ്റ്‌മോർട്ടം പൂർത്തീകരിച്ച ശേഷം ജന്മനാടുകളിലേക്ക് കൊണ്ടുപോയി. 4 പേരുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലും 5 പേരുടെ മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രിയിലുമാണ് പോസ്റ്റ്‌മോർട്ടം ചെയ്തത്. വിനോദയാത്ര സംഘത്തിന്റെ ബസിൽ 42 വിദ്യാർത്ഥികളും അഞ്ച് അദ്ധ്യാപകരും കെഎസ്ആർടിസി ബസിൽ 40 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. നിലവിൽ രണ്ട് പേർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും ഒരാൾ നെന്മാറ അവൈറ്റിസ് ആശുപത്രിയിലും ചികിത്സയിലുള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു. ചികിത്സയിലുള്ള ആരുടേയും പരിക്ക് ഗുരുതരമല്ല.

എറണാകുളത്തു നിന്നു പുറപ്പെട്ട ടൂറിസ്റ്റ് ബസിലുണ്ടായിരുന്ന വെട്ടിക്കൽ ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിലെ കായികാധ്യാപകൻ മുളന്തുരുത്തി ഇഞ്ചിമല വടത്തറയിൽ കുട്ടപ്പന്റെ മകൻ വി.കെ.വിഷ്ണു (33), തൃപ്പൂണിത്തറ ഉദയംപേരൂർ വലിയകുളം അഞ്ജനം വീട്ടിൽ അജിത്തിന്റെ മകൾ അഞ്ജന അജിത്ത് (17), മുളന്തുരുത്തി പൈങ്ങാരപ്പിള്ളി രശ്മി നിലയത്തിൽ രാജേഷ് ഡി.നായരുടെ മകൾ ദിയ രാജേഷ് (15), മുളന്തുരുത്തി അരക്കുന്നം കാഞ്ഞിരക്കപ്പിള്ളി ചിറ്റേത്ത് വീട്ടിൽ സി.എം.സന്തോഷിന്റെ മകൻ സി.എസ്.ഇമ്മാനുവൽ (17), മുളന്തുരുത്തി പൈങ്ങാരപ്പിള്ളി പൊറ്റയിൽ വീട്ടിൽ പി.സി.തോമസിന്റെ മകൻ ക്രിസ് വിന്റർ ബോൺ തോമസ് (15), എറണാകുളം തിരുവാണിയൂർ വണ്ടിപ്പേട്ട ചെമ്മനാട് വെമ്പിലമട്ടത്തിൽ വീട്ടിൽ ജോസ് ജോസഫിന്റെ മകൾ എൽന ജോസ് (15) എന്നിവരാണ് മരിച്ചത്. അദ്ധ്യാപകന്റെയും എൽന ജോസ് ഒഴികെ മറ്റു വിദ്യാർത്ഥികളുടെയും മൃതദേഹം ഇന്നു സംസ്‌കരിക്കും. എൽന ജോസിന്റെ സംസ്‌കാരം നാളെയാണ്.മുളന്തുരുത്തിയും തിരുവാണിയൂരും ഇന്ന് ഹർത്താൽ ആചരിക്കുകയാണ്. ഉച്ചയ്ക്കു ശേഷം ഇവിടെ കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുകയാണ്. മരിച്ചവർ എല്ലാവരും തന്നെ ഈ നാട്ടുകാരാണ്.

കെഎസ്ആർടിസി യാത്രക്കാരായ കൊല്ലം പൂയപ്പള്ളി വലിയോട് വൈദ്യൻകുന്ന് ശാന്തി മന്ദിരത്തിൽ ഓമനക്കുട്ടന്റെ മകൾ അനുപ് (22), കൊല്ലം പുനലൂർ മണിയാർ ധന്യഭവനിൽ ഉദയഭാനുവിന്റെ മകൻ യു.ദീപു (26), തൃശൂർ നടത്തറ കൊഴിക്കുള്ളി ഗോകുലത്തിൽ രവിയുടെ മകൻ രോഹിത് രാജ് (24) എന്നിവരും മരിച്ചവരിൽ ഉൾപ്പെടുന്നു.
്.
ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടമുണ്ടായത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ കുട്ടികളുടെ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. കൊട്ടാരക്കര കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് ബസിലാണ് ടൂറിസ്റ്റ് ബസ് ഇടിച്ചത്.

ടൂറിസ്റ്റ് ബസിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമായതെന്നാണ് ആരോപണം.