- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപകടമുണ്ടാകുമ്പോൾ ബസ് 97 കിലോമീറ്റർ വേഗതയിൽ; 100 കിലോമീറ്റർ വേഗത്തിൽ പോകാൻ മാറ്റംവരുത്തിയെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ; ടൂറിസ്റ്റ് ബസിൽ അടിമുടി നിയമലംഘനം; ഫിറ്റ്നസും ഡ്രൈവറുടെ ലൈസൻസും റദ്ദാക്കും
പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയിൽ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്ത്. അപകടമുണ്ടാക്കിയ സ്വകാര്യ ബസ് അമിത വേഗത്തിലായിരുന്നുവെന്നും വേഗം കൂട്ടാനായി വാഹനത്തിലെ സ്പീഡ് ഗവേർണർ സംവിധാനത്തിൽ മാറ്റം വരുത്തിയെന്ന് കണ്ടെത്തിയതായും ട്രാൻസ്പോർട്ട് കമ്മീഷണർ പറഞ്ഞു.
ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കും. ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാകുമെന്നും എസ്. ശ്രീജിത്ത് അറിയിച്ചു. കിലോ മീറ്ററിൽ മാറ്റം വരുത്തിയാണ് ക്രമക്കേട് നടത്തിയത്. നിയമം ലംഘിച്ചുള്ള ഫിറ്റിംഗുകളും ബസിൽ ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപകടത്തിന് തൊട്ടുമുമ്പ് ബസ് അമിത വേഗതയിലാണെന്ന് ചൂണ്ടിക്കാട്ടി ബസുടമയുടെ മൊബൈൽ ഫോണിലേക്ക് രണ്ട് തവണ സന്ദേശം എത്തിയിരുന്നു. അപകടമുണ്ടാകുമ്പോൾ ബസ് 97 കിലോമീറ്റർ വേഗതയിലായിരുന്നു. ഈ വാഹനത്തിലെ സ്പീഡ് ഗവേർണർ സംവിധാനത്തിൽ പരമാവധി 80 കിലോമീറ്റർ വേഗമാണ് കമ്പനി നിശ്ചയിച്ചിരുന്നത്. എന്നാൽ 100 കിലോമീറ്റർ വരെ വേഗത്തിൽ പോകാവുന്ന വിധത്തിൽ അതിൽ മാറ്റംവരുത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയതായും ശ്രീജിത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
ബൂഫർ, ലൈറ്റിങ് ഉൾപ്പെടെയുള്ള പല മാറ്റവും വാഹനത്തിൽ വരുത്തിയിട്ടുണ്ട്. ഇതെല്ലാം നിയമലംഘനമാണ്. കുട്ടികളുടെ വിനോദയാത്രയ്ക്കായി രൂപമാറ്റം വരുത്തിയ വാഹനങ്ങളാണ് പല വിദ്യാലയങ്ങളും ആവശ്യപ്പെടുന്നതും താത്പര്യപ്പെടുന്നതും. അപകടങ്ങൾ കുറയ്ക്കാൻ വിദ്യാലയങ്ങളും ബസ് ഉടമകളും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും വിനോദയാത്രയ്ക്ക് വാഹനങ്ങൾ ഏർപ്പെടുത്തുമ്പോൾ ട്രാൻസ്പോർട്ട് വിഭാഗവുമായി ബന്ധപ്പെടണമെന്നും ട്രാൻസ്പോർട് കമ്മീഷണർ നിർദ്ദേശിച്ചു.
മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനാ വേളയിൽ പെട്ടെന്ന് അഴിച്ചുമാറ്റാവുന്ന തരത്തിലാണ് പല ബസുകളിലും ഇപ്പോൾ എക്സ്ട്രാ ഫിറ്റിങ്സുകൾ ഘടിപ്പിക്കുന്നത്. പരിശോധനാ സമയത്ത് അഴിച്ചുമാറ്റിയശേഷം പിന്നീട് വീണ്ടും ഇവ ഘടിപ്പിച്ചാണ് പല ബസുകളും ഓടുന്നത്. ഇതിനുപുറമേ ബസുകളിൽ വേഗപരിധി മറികടക്കാൻ കൃത്രിമത്വം കാണിക്കുന്നത് കണ്ടെത്താൻ പരിശോധന വ്യാപകമാക്കുമെന്നും കുറ്റക്കാർക്കെതിരേ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും ട്രാൻസ്പോർട് കമ്മീഷണർ പറഞ്ഞു.
പാലക്കാട് അഞ്ചുമൂർത്തിമംഗലം കൊല്ലത്തറയിൽ രാത്രി 11.30 ന് ആയിരുന്നു അപകടം. ബസ് അപകടത്തിൽ അഞ്ച് വിദ്യാർത്ഥികൾ അടക്കം ഒൻപത് പേരാണ് മരിച്ചത്. മരിച്ചവരിൽ സ്‌കൂളിലെ കായിക അദ്ധ്യാപകനും മൂന്ന് കെഎസ്ആർടിസി യാത്രക്കാരും ഉൾപ്പെടുന്നു. എറണാകുളം വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് ഇന്നലെ വൈകിട്ട് കുട്ടികളുമായി വിനോദയാത്രയ്ക്ക് പുറപ്പെട്ട ബസ് രാത്രി കെഎസ്ആർടിസി ബസിന്റെ പിന്നിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാർ ബസ് വെട്ടിപ്പൊളിച്ചാണ് കുട്ടികളെ അടക്കം പുറത്തെടുത്തത്. നാൽപ്പതോളം പേർക്ക് പരിക്കേറ്റു. ടൂറിസ്റ്റ് ബസിന്റെ അമിതവേഗമാണ് അപകടം ഉണ്ടാക്കിയത് എന്നാണ് പ്രാഥമിക നിഗമനം.
ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ ജോമോനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൊല്ലം ചവറയിലെ ശങ്കരമങ്കലത്ത് നിന്നാണ് ഡ്രൈവർ ജോമോനും ബസ്സുടമ അരുണും പിടിയിലായത്. തിരുവനന്തപുരത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജോമോനെ ചവറ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
വടക്കഞ്ചേരി പൊലീസിന് കൈമാറിയ ജോമോനെ കൂടുതൽ ചോദ്യം ചെയ്യും. അഭിഭാഷകനെ കാണാൻ പോകുന്നതിനിടെയാണ് ജോമോൻ പിടിയിലായത്. ജോമോനെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. അശ്രദ്ധമായും അമിതവേഗത്തിലും വാഹനം ഓടിച്ചെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ