- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയതാരമാകാൻ പരിശീലിക്കുന്ന അനുജത്തിയെ കണ്ടു മടങ്ങിയ ചേട്ടൻ; ആ അമ്മയ്ക്ക് ഇനി മകനെ ബാസ്‌ക്കറ്റ് ബോൾ കോർട്ടിൽ കാണാനാകില്ല; 13കൊല്ലത്തെ കാത്തിരിപ്പിൽ കിട്ടിയ കൺമണിയും യാത്രയായി; ചിത്ര വരച്ച് മതിവരാതെ മടങ്ങിയ ഇമാനുവൽ; ടീച്ചറായ അമ്മയ്‌ക്കൊപ്പം യാത്ര പോയ മകൾ; കോവിഡിന് ശേഷമുള്ള വിനോദയാത്ര; ചെറിയൊരു വീഴ്ച വൻ ദുരന്തമായപ്പോൾ
മുളന്തുരുത്തി: ചെറിയൊരു വീഴ്ച.. അതുണ്ടാക്കിയത് വലിയ ദുരന്തം, ബുധനാഴ്ച വൈകിട്ട് 42 കുട്ടികൾ ചിരിച്ച് ആഹ്ലാദത്തോടെ യാത്രയായ മുളന്തുരുത്തി ബസേലിയോസ് വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്‌കൂൾമുറ്റം ഇന്നലെ ഉച്ചയ്ക്കുശേഷം കരഞ്ഞുകലങ്ങി. അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസ് അമിതവേഗത്തിലാണെന്ന് ഉടമയ്ക്കു രണ്ടു തവണ 'അലർട്ട്' ലഭിച്ചിട്ടും ഇടപെട്ടില്ലെന്നതു ഗൗരവമായി കാണണമെന്നു സ്ഥലം സന്ദർശിച്ച ട്രാൻസ്‌പോർട്ട് കമ്മിഷണർ എസ്.ശ്രീജിത്ത് പറയുന്നു. വിനോദയാത്രയ്ക്കു മുൻപു തന്നെ വിവരം സ്‌കൂളുകൾ ഉദ്യോഗസ്ഥരെ അറിയിക്കണമെന്ന നിർദ്ദേശം നേരത്തെ നൽകിയതാണ്. അതും നടന്നില്ല. സ്‌കൂളിനുണ്ടായ ഈ പിഴവും ദുരന്തമായി എന്നതാണ് വസ്തുത.
കോവിഡിനു ശേഷം കാത്തുകാത്തിരുന്നാണ് സ്‌കൂളിൽനിന്ന് ഒരു വിനോദയാത്ര പുറപ്പെട്ടത്. 24 എസ്എസ്എൽസി വിദ്യാർത്ഥികളും ബാക്കി പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികളും 5 അദ്ധ്യാപകരുമാണ് ഊട്ടിയിലേക്കു യാത്ര തിരിച്ചത്. ശനിയാഴ്ച രാവിലെ തിരികെ എത്തുന്ന രീതിയിലായിരുന്നു ക്രമീകരണം. ഇതിനിടെയാണ് വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസും കെഎസ്ആർടിസിയും ഇടിച്ചുണ്ടായ അപകടത്തിൽ സ്‌കൂളിലെ ഓമനകൾ യാത്രയായത്. ബാസ്‌കറ്റ് ബോൾ ദേശീയ താരമാകണമെന്ന രോഹിത് രാജിന്റെ മോഹവും അപകടമെടുത്തു. കെ എസ് ആർ ടി സി ബസിലായിരുന്നു രോഹിത്തിന്റെ യാത്ര. മത്സരത്തിനു പോകുമ്പോൾ യാത്രയാക്കുന്നതുപോലെയായിരുന്നു അത്. മകന്റെ ചേതനയറ്റ ദേഹം നോക്കി ഏറെ കരഞ്ഞശേഷം അമ്മ വിതുമ്പലടക്കി, പിന്നെ, വലതുകയ്യിലെ തള്ളവിരൽ ഉയർത്തിക്കാട്ടി അവനോടു പറഞ്ഞു: 'ഓൾ ദ് ബെസ്റ്റ്'! ഇങ്ങനെ നടക്കുന്ന പലതും ഈ അപകടം കണ്ടു.
വടക്കഞ്ചേരിയിൽ ബസപകടത്തിൽ മരിച്ച നടത്തറ മൈനർ റോഡ് സ്വദേശി തെക്കൂട്ട് രവിയുടെ മകൻ രോഹിത് രാജിന്റെ (24) മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ ആ അമ്മയെ സമാധാനിപ്പിക്കാൻ ആർക്കുമായില്ല. ബാസ്‌കറ്റ്‌ബോൾ കോർട്ടുകളിൽ രോഹിതിനെ കൊണ്ടുനടന്നിരുന്നത് പൂച്ചട്ടി ഭാരതീയ വിദ്യാഭവനിലെ അദ്ധ്യാപിക കൂടിയായ അമ്മ ലതികയാണ്. രോഹിത് ജില്ലാ ടീമിലെത്തി. കോയമ്പത്തൂരിൽ ബാസ്‌കറ്റ് ബോൾ പരിശീലനം തുടങ്ങി. ഒപ്പം, പഠനവും ചെറിയ ജോലിയും. തമിഴ്‌നാട് ബാസ്‌കറ്റ് ബോൾ ടീമിൽ ഇടം കിട്ടാനുള്ള സാധ്യത ഏറെയായിരുന്നു. മകൾ ലക്ഷ്മി രാജിനെയും ബാസ്‌കറ്റ് ബോൾ താരമാക്കിയത് ലതികയാണ്. ദേശീയ ക്യാംപിൽ പങ്കെടുക്കാൻ ഒരുങ്ങുന്ന സഹോദരിയെ കണ്ടു മടങ്ങുമ്പോഴാണ് അപകടം.
ഇതിന് സമാനമായിരുന്നു ബസേലിയോസ് വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്‌കൂളിലെ കാഴ്ചകളും. മൂവാറ്റുപുഴയിൽ നടക്കേണ്ടിയിരുന്ന സൺഡേ സ്‌കൂൾ ജില്ലാ കലോത്സവത്തിൽ പങ്കെടുക്കേണ്ട വ്യക്തിയായിരുന്നു എൽന. കണ്യാട്ടുനിരപ്പ് സൺഡേ സ്‌കൂളിൽ ബുധനാഴ്ച പരിശീലനം കഴിഞ്ഞു വിനോദയാത്രാ സംഘത്തിനൊപ്പം പോയതാണ് എൽന. മലയാളത്തിലും സുറിയാനിയിലും സംഘഗാനം, പൊതുവിജ്ഞാനം എന്നിവയിലാണു സൺഡേ സ്‌കൂൾ ജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ എൽന അർഹത നേടിയിരുന്നത്. പഠനത്തിലും മിടുക്കിയായിരുന്നു. എൽനയുടെ അടുത്ത ബന്ധുവും സഹപാഠിയുമായ എലിസബത്ത് അപകടത്തിൽ കണ്ണിന് പരുക്കേറ്റു ചികിത്സയിലാണ്. ഇരുവരും പത്താം ക്ലാസ് വിദ്യാർത്ഥികളാണ്.
ഇമാനുവൽ ചിത്രകാരനായിരുന്നു. ഹൈസ്‌കൂൾ പഠനകാലം മുതൽ പലപ്പോഴായി വരച്ച ജീവസ്സുറ്റ ചിത്രങ്ങൾ ഇനി ഇമ്മാനുവലിനുള്ള ചിര സ്മരണ. മരിച്ച കാഞ്ഞിരക്കാപ്പിള്ളി ചിറ്റേത്ത് സി.എസ്.ഇമ്മാനുവൽ മികച്ചൊരു ചിത്രകാരനാണ്. ഹ്രസ്വചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളുമെല്ലാം തനിമ ചോരാതെ എഡിറ്റ് ചെയ്യുന്ന മിടുക്കൻ. ചിത്രകാരനായ പിതാവ് സി.എം.സന്തോഷിന്റെ പാത പിന്തുടർന്നാണു ചിത്രരചന രംഗത്തെത്തിയത്.
സി.എസ്.ഇമ്മാനുവലിന്റെ മൃതദേഹം വീട്ടിൽ എത്തിച്ചപ്പോൾ പൊട്ടിക്കരയുന്ന മാതാവ് ലിജിയും കണ്ണീർ കാഴ്ചയായി. മകന്റെ മുഖത്തുനിന്നു കണ്ണെടുക്കാതെ പിതാവ് തോമസും മകനരികിൽ ഭാര്യയ്ക്കു കൂട്ടായിരുന്നു. 13 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് തുരുത്തിക്കര പോട്ടയിൽ തോമസിനും മേരിക്കും മകൻ പിറന്നത്. ആറ്റുനോറ്റുണ്ടായ മകനു ക്രിസ് വിന്റർബോൺ എന്ന പേരു നൽകി. ആ മകനെയാണ് അപകടമെടുത്തത്. ഇനി അഞ്ജനയുമില്ല. ഉദയംപേരൂർ വലിയകുളം അഞ്ജന നിവാസിൽ എ.വി.അജിത്തിന്റെയും ആശയുടെയും മകൾ അഞ്ജനയും നാടിന്റെ വേദനയായി.
കുടുംബസമേതമുള്ള മറ്റൊരു യാത്ര കഴിഞ്ഞ് ഇവർ കഴിഞ്ഞ ദിവസമാണു തിരിച്ചെത്തിയത്. തുടർന്ന് ക്ലാസ് ടീച്ചറായ അമ്മയോടൊപ്പം വീണ്ടുമൊരു വിനോദ യാത്ര പോയതിന്റെ ത്രില്ലിൽ ആയിരുന്നു അഞ്ജന എന്ന് അയൽവാസികൾ പറഞ്ഞു. ഇതേ സ്‌കൂളിൽ തന്നെ 6ാം ക്ലാസിൽ പഠിക്കുന്ന ഇളയ മകൾ കല്യാണിയെ ആശയുടെ സഹോദരന്റെ ഇടപ്പള്ളിയിലെ വീട്ടിലാക്കിയ ശേഷമാണ് ഇവർ വിനോദയാത്ര പോയത്. അപകടത്തിൽ പരുക്കേറ്റ ആശയെ ഉച്ചയോടെ വീട്ടിൽ എത്തിച്ചിരുന്നു. അഞ്ജനയുടെ മൃതദേഹം സ്‌കൂളിൽ പൊതുദർശനത്തിനു വച്ച ശേഷമാണു വീട്ടിലേക്കു കൊണ്ടുപോയത്. സംസ്‌കാരം നടത്തി.
പാലക്കാട് വടക്കഞ്ചേരിയിൽ അപകടത്തിൽ മരിച്ച അഞ്ചു വിദ്യാർത്ഥികളുടെയും അദ്ധ്യാപകന്റെയും മൃതദേഹം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ പൊതുദർശനത്തിനുവച്ച ശേഷമാണ് സംസ്‌കരിച്ചത്. വിദ്യാർത്ഥികളുടെയും അദ്ധ്യാപകന്റെയും വിയോഗത്തിൽ ദുഃഖം താങ്ങാനാകാതെ കലാലയം കണ്ണീരണിഞ്ഞുവെന്നതാണ് വസ്തു.
മറുനാടന്‍ മലയാളി ബ്യൂറോ