പത്തനംതിട്ട: നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന സഹകരണ ബാങ്കിൽ നിന്ന് സെക്രട്ടറി വിരമിച്ചതോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷം. സെക്രട്ടറിയെ വിശ്വസിച്ച് ലക്ഷങ്ങൾ നിക്ഷേപിച്ചിരുന്നത് അദ്ദേഹം പടിയിറങ്ങുന്നതറിഞ്ഞ് പിൻവലിച്ചതാണ് കുഴപ്പമായത്. ബാങ്കിൽ നിക്ഷേപം നടത്തിയിരുന്ന ഗ്രാമപഞ്ചായത്തും ഒപ്പം പ്രതിസന്ധിയിലായി. ജീവനക്കാർക്ക് ശമ്പളം മുടങ്ങിയതോടെ സമരത്തിനൊരുങ്ങുകയാണ് വിവിധ സർവീസ് സംഘടനകൾ.

വടശേരിക്കര സർവീസ് സഹകരണ ബാങ്കിലാണ് പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. സിപിഎമ്മാണ് ബാങ്ക് ഭരിക്കുന്നത്. സിപിഎം നേതൃത്വത്തിലുള്ള മറ്റ് സഹകരണ ബാങ്കുകൾ പോലെ ഇവിടെ അഴിമതിയും ക്രമക്കേടും നടന്നിട്ടില്ല. നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന ബാങ്കാണ്. ലക്ഷങ്ങൾ നിക്ഷേപവും ഉണ്ടായിരുന്നു. ബാങ്ക് സെക്രട്ടറി ജെയ്സൺ കഴിഞ്ഞ മേയിൽ വിരമിച്ചു. ഇക്കാര്യം മനസിലാക്കിയ നിക്ഷേപകർ ആറു മാസം മുൻപ് മുതൽ തങ്ങളുടെ നിക്ഷേപം പിൻവലിച്ച് തുടങ്ങിയിരുന്നു. സമീപത്തുള്ള കുമ്പളാംപൊയ്ക, മൈലപ്ര, വയ്യാറ്റുപുഴ, സീതത്തോട് തുടങ്ങിയ സഹകരണ ബാങ്കുകളുടെയും കേരളത്തിൽ അങ്ങോളം ഇങ്ങോളം സഹകരണ മേഖലയിൽ പ്രതിസന്ധി ഉടലെടുത്തതും മനസിൽ വച്ചാണ് നിക്ഷേപകർ പണം ഒന്നിച്ച് പിൻവലിക്കാൻ തുടങ്ങിയത്. ഇതോടെയാണ് പ്രവർത്തിക്കാൻ പോലും ബാങ്കിന് പണം തികയാതെ വന്നത്.

ബാങ്കിലെ പ്രതിസന്ധി പുറംലോകം അറിഞ്ഞത് വടശേരിക്കര പഞ്ചായത്തിലെ ജീവനക്കാരുടെ ശമ്പളം മുടങ്ങിയതോടെയാണ്. ദേശസാൽകൃത ബാങ്കുകൾ മുഖേനെയാകണം പഞ്ചായത്തിന്റെ പ്രധാന പണമിടപാടുകളെന്ന വ്യവസ്ഥ നില നിൽക്കുമ്പോഴാണ് സഹകരണ ബാങ്കിനെ ആശ്രയിച്ചത്. ഇത് ഗുരുതരമായ ചട്ടലംഘനമാണെന്ന ആരോപണം ഉയർന്നു. പഞ്ചായത്തിന്റെ തനതു ഫണ്ടിലെ രണ്ട് കോടിയിലധികം രൂപ സഹകരണ ബാങ്കിൽ നിക്ഷേപമായുണ്ട്. ശബരിമല ഇടത്താവള പ്രവർത്തനങ്ങൾക്കായി സർക്കാർ അനുവദിച്ചിട്ടുള്ള തുകയും സഹകരണ ബാങ്കിലാണ്.

പഞ്ചായത്ത് സെക്രട്ടറിമാരുടെ എതിർപ്പ് മറികടന്നാണ് എൽ.ഡി.എഫ് പഞ്ചായത്ത് ഭരണസമിതി സഹകരണ ബാങ്കിൽ നിക്ഷേപം നടത്തിയിട്ടുള്ളത്. ബാങ്ക് ഭരിക്കുന്നതും എൽ.ഡി.എഫാണ്. സഹകരണ ബാങ്കിലെ നിക്ഷേപം പിൻവലിക്കണമെന്ന് പഞ്ചായത്ത് ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയും തീരുമാനമെടുത്തിരുന്നതാണെന്ന് പറയുന്നു. എന്നാൽ സിപിഎം സമ്മർദത്തിൽ ഇതു നടപ്പിലായില്ല. സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് പ്രതിസന്ധിയില്ലെന്നാണ് ഭരണസമിതിയുടെ വിശദീകരണം. പഞ്ചായത്ത് നിക്ഷേപത്തിൽ നിന്ന് ജീവനക്കാരുടെ ശമ്പളം നൽകിയതായും പണമിടപാടിൽ കാലതാമസമുണ്ടാകുക മാത്രമാണുണ്ടായതെന്നും പറയുന്നു. എന്നാൽ, വെറും ഏഴു പേർക്ക് മാത്രമാണ് ശമ്പളം ലഭിച്ചത്. ഇനി 24 പേർക്ക് ശമ്പളം കിട്ടാനുണ്ട്. ഇതിനെതിരേ പ്രക്ഷോഭം ആരംഭിക്കുകയാണെന്ന് വിവിധ സർവീസ് സംഘടനകൾ അറിയിച്ചിട്ടുണ്ട്.

ശമ്പളം മുടങ്ങിയതിനെ തുടർന്ന് പഞ്ചായത്തിലെ ജീവനക്കാർ വെള്ളിയാഴ്ച മിന്നൽ പണിമുടക്ക് നടത്തിയപ്പോഴാണ് പ്രതിസന്ധി പുറംലോകം ശ്രദ്ധിച്ചത്. വടശേരിക്കര സഹകരണ ബാങ്കിലെ നിക്ഷേപത്തിൽ നിന്നാണ് ശമ്പളം നൽകിവന്നിരുന്നത്. ശമ്പളത്തിനുള്ള ചെക്ക് പഞ്ചായത്ത് നൽകിയെങ്കിലും എട്ടുദിവസമായിട്ടും ജീവനക്കാരുടെ അക്കൗണ്ടിലേക്ക് പണം എത്തിയില്ല. ഇതേത്തുടർന്നാണ് പണിമുടക്ക് നടന്നത്. കഴിഞ്ഞ ആറുമാസത്തോളമായി ശമ്പളം കൃത്യമായി ലഭിക്കുന്നില്ലെന്ന് ജീവനക്കാർ പറയുന്നു. ബാങ്കിലെ സാമ്പത്തിക പ്രതിസന്ധിയാണ് പഞ്ചായത്ത് ജീവനക്കാരുടെ ശമ്പളത്തെയും ബാധിച്ചത്. പഞ്ചായത്ത് ജീവനക്കാർ പണിമുടക്കിയതിനു പിന്നാലെ വൈകുന്നേരം ശമ്പളം അക്കൗണ്ടിലേക്ക് നൽകി.

പഞ്ചായത്ത് അംഗങ്ങളുടെ ഓണറേറിയവും പലപ്പോഴും മുടങ്ങുന്ന സ്ഥിതിയാണ്. പഞ്ചായത്ത് ഫണ്ട് സഹകരണ ബാങ്കിൽ നിക്ഷേപിക്കുകയും ഇതു പിൻവലിക്കണമെന്ന നിർദ്ദേശം ലംഘിക്കുകയും ചെയ്ത ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടിയായ വൈസ് പ്രസിഡന്റിന് നിയമപരമായി അധികാരത്തിൽ തുടരാനാകില്ലെന്ന് പ്രതിപക്ഷാംഗങ്ങൾ പറഞ്ഞു. വൈസ് പ്രസിഡന്റ് അധ്യക്ഷനായ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി കഴിഞ്ഞ ജൂൺ ആദ്യം യോഗം ചേർന്ന് സഹകരണബാങ്കിലെ നിക്ഷേപം പിൻവലിച്ച് ദേശസാൽകൃത ബാങ്കിലേക്ക് മാറ്റണമെന്ന് തീരുമാനിച്ചിരുന്നു. എന്നാൽ പിന്നീടു നടന്ന പഞ്ചായത്ത് ഭരണസമിതിയിൽ എൽ.ഡി.എഫ് അംഗങ്ങളുടെ സമ്മർദത്തെ തുടർന്ന് വൈസ് പ്രസിഡന്റും നിലപാട് മാറ്റി.

പഞ്ചായത്ത് ഭരണസമിതിയിലെ ആറ് കോൺഗ്രസ് അംഗങ്ങളും ബിജെപി പ്രതിനിധിയും ഇതിനെ എതിർത്തിരുന്നു. ഇവരുടെ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്ത് സെക്രട്ടറിയും തന്റെ വിയോജിപ്പ് എഴുതിയിട്ടുണ്ട്. ഇത്തരത്തിൽ നിയമവിരുദ്ധ പ്രവർത്തനവും ചട്ടലംഘനവുമാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നടത്തിയിട്ടുള്ളതെന്ന് കോൺഗ്രസ് അംഗം സ്വപ്ന സൂസനും ബിജെപി പ്രതിനിധി ജോർജുകുട്ടി വാഴപ്പിള്ളേത്തും ചൂണ്ടിക്കാട്ടി. സ്റ്റാൻഡിങ് കമ്മിറ്റി തീരുമാനം മറികടന്ന ചെയർമാനെതിരേയും പഞ്ചായത്ത് ഭരണസമിതിയുടെ ചട്ടലംഘനത്തിനെതിരേയും നിയമപരമായ നടപടി സ്വീകരിക്കുമെന്ന് ജോർജുകുട്ടി വാഴപ്പിള്ളേത്ത് പറഞ്ഞു.