കണ്ണൂർ: ഇ.പി ജയരാജന്റെ കുടുംബം അനധികൃതസ്വത്തു സമ്പാദിച്ചുവെന്ന പരാതിയിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം ശക്തമാക്കുന്നു. സിപിഎം കേന്ദ്രകമ്മിറ്റിയംഗവും എൽ. ഡി. എഫ് കൺവീനറുമായ ഇ.പി ജയരാജന്റെ ഭാര്യ ഇന്ദിരയ്ക്കും മകൻ ജയ്സനും നിക്ഷേപമുള്ള വൈദേകം ആയുർവേദ റിസോർട്ടിനായി നിക്ഷേപിച്ചവരുടെ പണത്തിന്റെ ഉറവിടം കണ്ടെത്താൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ണൂരിലെത്തും.

കണ്ണൂർ സ്വദേശികളായ നിക്ഷേപകരുടെ പണത്തിന്റെ സ്രോതസ് കണ്ടെത്തുന്നതിനാണ് ഇ. ഡി കണ്ണൂരിലെത്തുന്നത്. റിസോർട്ടിനായി നിക്ഷേപിച്ച പണത്തിന്റെ ഉറവിടം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റിന് പരാതി നൽകിയ കൊച്ചി സ്വദേശിയായ മാധ്യമപ്രവർത്തകൻ എം. ആർ അജയൻ പണം നിക്ഷപിച്ച ഇരുപതുപേരുടെ ലിസ്റ്റും ഇ.ഡിക്ക് കൈമാറിയിരുന്നു. റിസോർട്ടിന്റെ മറവിൽ അനധികൃത പണമിടപാട് നടന്നതായാണ് ഇ.ഡിക്ക് ലഭിച്ച പരാതി.

റിസോർട്ടിൽ ഇ.പി ജയരാജന്റെ ഭാര്യ പി.കെ ഇന്ദിര എൺപതുലക്ഷവും മകൻ പി.കെ ജയ്സൺ പത്തുലക്ഷവും നിക്ഷേപിച്ചതായാണ് ഇ.ഡിക്ക് നൽകിയ റിപ്പോർട്ടിലുള്ളത്. കണ്ണൂർ താണ സ്വദേശിയായ മുഹമ്മദ് അഷ്റഫെന്നയാൾ മൂന്നു കോടി രൂപ നിക്ഷേപിച്ചതായും പറയുന്നു. ഇയാൾ അക്കൗണ്ടിലൂടെ അല്ലാതെ കള്ളപ്പണം നൽകിയെന്നാണ് അജയന്റെ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്. ഇ.ഡിക്ക് കൈമാറിയ ലിസ്റ്റിലെ ഇരുപതു പേരും തങ്ങൾ നിക്ഷേപിച്ച പണത്തിന്റെ ഉറവിടം വ്യക്തമാക്കേണ്ടി വരും.

വൈദേകം റിസോർട്ടിൽ കഴിഞ്ഞ ദിവസം ഇൻകം ടാക്സിലെ ടി.ഡി. എസ് വിഭാഗം പരിശോധന നടത്തിയിരുന്നു. കോഴിക്കോട് റെയ്ഞ്ചിലുള്ള കണ്ണൂർ യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. എന്നാൽ ഇവിടെ നിന്നും എന്തെങ്കിലും രേഖകളോ തെളിവുകളോ ലഭിച്ചുവോയെന്ന വിവരം പുറത്തുവന്നിട്ടില്ല. വ്യാഴാഴ്‌ച്ച രാവിലെ പതിനൊന്നുമണിയോടെ ആരംഭിച്ച പരിശോധന രാത്രി ഏഴുമണിയോടെയാണ് അവസാനിച്ചത്.

ടി.ഡി. എസ് സംബന്ധമായ സ്വാഭാവികമായ പരിശോധനയാണ് നടത്തിയതെന്നാണ് ഇതുസംബന്ധിച്ച ഉദ്യോഗസ്ഥരുടെ പ്രതികരണം. തനിക്ക് വൈദേകം റിസോർട്ടുമായി യാതൊരു ബന്ധവുമില്ലെന്നും മാധ്യമങ്ങൾ തന്റെ പേർ തെറ്റായി ചിത്രീകരിക്കുകയാണെന്നു ഇ.പി ജയരാജനും പ്രതികരിച്ചിട്ടുണ്ട്. താൻ മന്ത്രിയായ കാലത്തും അല്ലാത്തപ്പോഴും വ്യവസായ സംരഭങ്ങളെ പ്രോത്സാഹിപ്പിച്ചയാളാണ്. ഇപ്പോഴും പലരും തന്റെടുക്കൽ ഉപദേശങ്ങളും സഹായങ്ങളും തേടിവരാറുണ്ടെന്നും താൻ അവരെയൊക്കെ സഹായിക്കാറുണ്ടെന്നും ഇ.പി ജയരാജൻ പറഞ്ഞു. തനിക്കെതിരെ ഗൂഢാലോചന നടത്തുന്നവരെ അറിയാം. അവരെ കുറിച്ചു തക്കതായ സമയത്ത് വെളിപ്പെടുത്തുമെന്നും ഇ.പി ജയരാജൻ വ്യക്തമാക്കി.

എന്നാൽ ഇ.പിയുടെ കുടുംബത്തിനെതിരെയുള്ള ടി.ഡി. എസ് വിഭാഗത്തിന്റെ റെയ്ഡിൽ കണ്ണൂരിലെ പാർട്ടി നേതൃത്വം ഇപ്പോഴും മൗനം പാലിക്കുകയാണ്. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പേരിന് റെയ്ഡിനെ തള്ളിപ്പറഞ്ഞിട്ടുണ്ടെങ്കിലും കണ്ണൂരിലെ നേതാക്കൾ അസാധാരണമായ മൗനമാണ് പാലിക്കുന്നത്. പാർട്ടിയിലെ വിഭാഗീയതാണ് തനിക്കെതിരെയുള്ള നീക്കങ്ങൾക്ക് പിന്നിലെന്ന ഇ.പിയുടെ പരോക്ഷമായ കുറ്റപ്പെടുത്തൽ കണ്ണൂർ സി.പി. എമ്മിൽ അതൃപ്തി പരത്തിയിട്ടുണ്ട്. ഇ.പിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമായി നേതൃത്വം ചേരി തിരിഞ്ഞിരിക്കുകയാണ്. കണ്ണൂരിലെ പാർട്ടിയിൽ എം.വി ഗോവിന്ദന്റെ അതീവവിശ്വസ്തനായി പി.ജയരാജൻ വീണ്ടും വളർന്നു വരുന്നതും ഒരു വിഭാഗം നേതാക്കളിൽ ആശങ്ക പരത്തിയിട്ടുണ്ട്. പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അതീവവിശ്വസ്തരിലൊരാളായി ഇതുവരെ അകന്നു കഴിഞ്ഞിരുന്ന പി.ജെ മാറിയതിനെ പലരും സംശയത്തോടെയാണ് വീക്ഷിക്കുന്നത്.