- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇ.പി കുടുംബത്തിന്റെ വൈദേകത്തിൽ വ്യാപകക്രമക്കേട്? വരും ദിവസങ്ങളിൽ വീണ്ടും വിജിലൻസ് റെയ്ഡ് ഉണ്ടാകും; കഴിഞ്ഞ പരിശോധനയിൽ ചില ക്രമക്കേടുകൾ കണ്ടെത്തിയെന്നും സൂചന; കുടുംബം വകയായ ഓഹരി വിറ്റിട്ടിട്ടും തലവേദന മാറാതെ ഇ.പി ജയരാജൻ
കണ്ണൂർ: എൽ.ഡി. എഫ് കൺവീനർ ഇ.പി ജയരാജന്റെ കുടുംബത്തിന് മുഖ്യ ഓഹരി ഉണ്ടായിരുന്ന ആന്തൂർ നഗരസഭയിലെ വെള്ളിക്കീലിലെ വൈദേകം റിസോർട്ടിൽ വീണ്ടും പരിശോധന നടത്താൻ വിജിലൻസ് ഒരുങ്ങുന്നു. വൈദേകത്തിൽ വിജിലൻസ് പരിശോധന അവസാനിച്ചിട്ടില്ലെന്നും വരുംദിവസങ്ങളിൽ റെയ്ഡ് തുടരുമെന്നും കണ്ണൂർ വിജിലൻസ് ഡി. വൈ. എസ്. പി ബാബു പെരിങ്ങോത്ത് അറിയിച്ചു.
കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ ക്രമക്കേടുകൾ കണ്ടെത്തിയോ എന്ന കാര്യം ഇപ്പോൾ പുറത്തിടാനാവില്ല. പരിശോധനയിൽ ചില ക്രമക്കേടുകൾ കണ്ടെത്തിയതായുള്ള സൂചനകൾ പുറത്തുവരുന്നതിനിടെയാണ്, അതുശരിവയ്ക്കുന്നതാണ് തുടർപരിശോധന നടത്തുവാനുള്ള നീക്കമെന്നാണ് പുറത്തുവരുന്ന വിവരം.
കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി വിജിലൻസ് ഡി.വൈ. എസ്‌പിയുടെ നേതൃത്വത്തിൽ വൈദേകം റിസോർട്ടിൽ റെയ്ഡ് നടത്തിയത്. എൽ.ഡി. എഫ് കൺവീനറും സി.പി. എം കേന്ദ്രകമ്മിറ്റിയംഗവുമായ ഇ. പി ജയരാജന്റെ ഭാര്യ പി.കെ ഇന്ദിരയ്ക്കും മകൻ ജയ്സനും ഷെയറുണ്ടായിരുന്ന വൈദേകത്തിൽ കേന്ദ്ര ഏജൻസിയായ ആദായ നികുതി വകുപ്പ് റെയ്ഡിനു പിന്നാലെയാണ് സംസ്ഥാനസർക്കാരിന്റെ കീഴിലുള്ള വിജിലൻസും റെയ്ഡു നടത്തിയത്.
റിസോർട്ട്് നിർമ്മാണവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാനജനറൽ സെക്രട്ടറി ജോബിൻ ജേക്കബ് വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയെ തുടർന്നായിരുന്നു പരിശോധന. നേരത്തെ ആദായ നികുതിവകുപ്പ് ഉദ്യോഗസ്ഥരും വൈദേകത്തിൽ റെയ്ഡു നടത്തിയിരുന്നു. ഇവർ സാമ്പത്തിക വിവരങ്ങൾ ഹാജരാക്കാൻ നിർദ്ദേശിച്ചതിനെ തുടർന്ന് ആയുർവേദ റിസോർട്ട് അധികൃതർ കണക്കുകൾ കണ്ണൂരിലെ ഇൻകം ടാക്സ് ഓഫീസിൽ ഹാജരാക്കിയിട്ടുണ്ട്.
പാർട്ടിയിൽ വിവാദമായതിനെ തുടർന്നാണ് ഇ.പി ജയരാജന്റെ കുടുംബം വൈദേകത്തിലെ ഓഹരികൾ വിൽപന നടത്തി. സി.പി. എം സംസ്ഥാനകമ്മിറ്റി യോഗത്തിൽ പി.ജയരാജൻ അനധികൃത സ്വത്തുസമ്പാദനത്തെ കുറിച്ചു ഇ.പിയുടെ കുടുംബത്തിനെതിരെ ആരോപണമുന്നയിച്ചതിനെ തുടർന്നാണ് സംസ്ഥാന രാഷ്ട്രീയത്തിൽ വൈദേകം ആയുർവേദ റിസോർട്ട് വിഷയം കോളിളക്കം സൃഷ്ടിച്ചത്. എന്നാൽ സംഭവത്തെ കുറിച്ചു അന്വേഷിക്കുമെന്ന് സി.പി. എം നേതൃത്വം പറഞ്ഞിരുന്നുവെങ്കിലും ഒടുവിൽ ഉപേക്ഷിക്കുകയായിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്