വൈക്കം: അയിത്തോച്ചാടനത്തിനായി രാജ്യം കണ്ട ഏറ്റവും വലിയ സംഘടിത സമരം 100 വർഷം പിന്നിടുമ്പോൾ സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളെ വരവേൽക്കാൻ ഒരുങ്ങുകയാണ് വൈക്കത്തെ പെരിയാർ സ്മാരകം. സർക്കാർ സംഘടിപ്പിക്കുന്ന പരിപാടി ഇന്നാണ് നടക്കുന്നത്. ഈ പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇന്ന് കേരളത്തിലെത്തും. ഇത് മുന്നോടിയായി വൈക്കത്തെ പെരിയാർ സ്മാരകം പുനരുദ്ധരിക്കുന്നതിന് എട്ടുകോടി തമിഴ്‌നാട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച്ച നിയമസഭയിലാണ് 8.14 കോടി രൂപ അനുവദിക്കുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പ്രഖ്യാപിച്ചത്. വൈക്കം പ്രക്ഷോഭത്തിനിടെ പെരിയാറിനെ അറസ്റ്റ് ചെയ്ത ആലപ്പുഴയിലെ അരൂക്കുറ്റിയിലും പുതിയ പെരിയാർ സ്മാരകം നിർമ്മിക്കാനും തീരുമാനിച്ചു. വൈക്കം സമരത്തിന്റെ ഓർമ്മയ്ക്കായി പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കുമെന്നും സ്റ്റാലിൻ പറഞ്ഞു.

'വൈക്കം സമരത്തെക്കുറിച്ച് പഴ അത്തിയമാൻ രചിച്ച പുസ്തകത്തിന്റെ മലയാളം വിവർത്തനം പ്രസിദ്ധീകരിക്കും. ഇത് ഇംഗ്ലീഷ്, തെലുങ്ക്, കന്നട ഭാഷകളിലും പുറത്തിറക്കും. പുറമേ എല്ലാ വർഷവും സെപ്റ്റംബർ 17ന് സാമൂഹിക നവോത്ഥാന രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമായി 'വൈക്കം അവാർഡ്' ഏർപ്പെടുത്തും.' ഈ വർഷം നവംബർ 29ന് ഇതോടനുബന്ധിച്ച് തമിഴ്‌നാട് സർക്കാർ സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയിൽ ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ പങ്കെടുക്കും.

'വൈക്കം പ്രക്ഷോഭത്തെക്കുറിച്ച് പുതിയ തലമുറയ്ക്ക് അവബോധം പകരാനായി തമഴ്‌നാട്ടിലെ സർവകലാശാലകളിലും കോളജുകളിലും പ്രബന്ധ രചനാ മത്സരം, പ്രസംഗ മത്സരം, പ്രശ്‌നോത്തരി എന്നിവ സംഘടിപ്പിക്കും. വൈക്കം സത്യഗ്രഹത്തെക്കുറിച്ച് 64 പേജ് വരുന്ന പുസ്തകം തമിഴ്‌നാട് ടെക്റ്റ്ബുക്ക് ആൻഡ് എജുക്കേഷണൽ സർവീസസ് കോർപ്പറേഷൻ മുഖേന പ്രസിദ്ധീകരിക്കുകയും ഇതിന്റെ ഓഡിയോ ബുക്ക് ഇംഗ്ലീഷിലും തമിഴിലും പുറത്തിറക്കുകയും ചെയ്യും. വൈക്കം സത്യഗ്രഹത്തെക്കുറിച്ച് വിദഗ്ദ്ധരുടെ കുറിപ്പുകൾ ശതാബ്ദി സുവനീയറിന്റെ ഭാഗമായി 'തമിഴ് അരശ്' മാസികയിൽ പ്രസിദ്ധീകരിക്കും.' വൈക്കം സത്യഗ്രഹത്തിലെ മുന്നണിപ്പോരാളിയായി തന്തൈ പെരിയാറെ വിശേഷിപ്പിച്ച സ്റ്റാലിൻ, സഭയിൽ നടത്തിയ പ്രഖ്യാപനങ്ങളെ ചരിത്രപരം എന്നാണ് പറഞ്ഞത്.

ഇന്ത്യൻ സാമൂഹിക നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ലായും വൈക്കം സമരത്തെ സ്റ്റാലിൻ വിശേഷിപ്പിച്ചു. പിൽക്കാലത്ത് നടന്ന എല്ലാ ക്ഷേത്രപ്രവേശന പ്രക്ഷോഭങ്ങൾക്കും മാതൃകയായത് വൈക്കം സത്യാഗ്രഹത്തിന്റെ വിജയമായിരുന്നു. സത്യഗ്രഹത്തിന് നേതൃത്വം നൽകാൻ കേരളത്തിലെത്തിയ പെരിയാർ രണ്ട് തവണ അറസ്റ്റ് ചെയ്യപ്പെടുകയും അരൂക്കുറ്റി പൊലീസ് സ്റ്റേഷനിലും തിരുവനന്തപുരം ജയിലിലും മാസങ്ങൾ തടവിൽ കഴിയേണ്ടി വന്നതും സ്റ്റാലിൻ സഭയിലെ പ്രസംഗത്തിൽ ചൂണ്ടിക്കാണിച്ചു.

1923ൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കാക്കിനാഡ സമ്മേളനത്തിൽ വൈക്കം സത്യഗ്രഹ നായകൻ ടി കെ മാധവൻ അവതരിപ്പിച്ച അയിത്തോച്ചാടന പ്രമേയം സത്യഗ്രഹത്തിലേക്കുള്ള ആദ്യ ചുവടുവയ്‌പ്പായിിരുന്നു. 1924 മാർച്ച് 30ന് ആരംഭിച്ച വൈക്കം സത്യഗ്രഹത്തിൽ ബാഹുലേയൻ, ഗോവിന്ദ പണിക്കർ, കുഞ്ഞാപ്പി എന്നിവർ ഈഴവ, നായർ, പുലയ വിഭാഗ പ്രതിനിധികളെന്നോണം ആദ്യ സത്യഗ്രഹികളായി തീണ്ടൽപ്പലകകൾ മറികടന്ന് അറസ്റ്റ് വരിച്ചു. 1924 ഏപ്രിൽ 12നാണ് പെരിയാർ ഇ വി രാമസാമി വൈക്കത്തെത്തിയത്.

നാരായണസാമി, മധുരദാസ് ദ്വാരകാ ദാസ് എന്നിവരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. വൈക്കത്തെ സമരം മഹാരാജാവിനേയോ ഗസർക്കാരിനെയോ, പ്രഭുവിന്റെ പണം പിടിച്ചു പറിക്കാനോ വേണ്ടിയുള്ള സമരമല്ല മറിച്ച് കേവലം സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരമാണെന്ന് പെരിയാർ ചൂണ്ടിക്കാട്ടി. വൈക്കം ക്ഷേത്ര നിരത്തുകളിലൂടെ ധർമ ഭ്രഷ്ടന്മാർ യഥേഷ്ടം സഞ്ചരിക്കുന്നുവെന്നും ധർമിഷ്ഠനായ ഒരു തീണ്ടൽ ജാതിക്കാരന് മുന്നിൽ ആ വഴി അടയുന്നത് എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു.

മാടമ്പിത്വത്തെയും തിരുവിതാംകൂറിലെ അക്രമങ്ങളെയും കടന്നാക്രമിച്ച പെരിയാറിന്റെ ശക്തിമത്തും സാരവത്തുമായ തമിഴ് പ്രസംഗം മൂന്നുമണിക്കൂർ നീണ്ടു. സത്യഗ്രഹം വിജയം കൈവരിച്ച ശേഷമാണ് പെരിയാർ വൈക്കത്തുനിന്ന് മടങ്ങിയത്. രാജ്യം കണ്ട ഐതിഹാസിക സമരത്തിൽ നിർണായക പങ്കുവഹിച്ച പെരിയാറിന് പിന്നീട് ' വൈക്കം വീരൻ ' എന്ന വിശേഷണവും ലഭിച്ചു. വൈക്കം നഗരത്തിന്റെ ഹൃദയഭാഗമായ വലിയ കവലയിൽ തമിഴ്‌നാട് സർക്കാരിന്റെ അധീനതയിലുള്ള 70 സെന്റ് ഭൂമിയിലാണ് തന്തൈ പെരിയാർ സ്മാരകം സ്ഥിതിചെയ്യുന്നത്.

ഇവിടെ 66.09 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള മ്യൂസിയവും 84.20 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ലൈബ്രറി, കുട്ടികൾക്കായി പാർക്ക്, പെരിയാർ പ്രതിമ എന്നിവയും സ്ഥിതിചെയ്യുന്നു. പെരിയാറിന്റെ ജീവചരിത്രം, സമരചരിത്രം, പ്രധാന നേതാക്കന്മാർ എന്നിവയുമായി ബന്ധപ്പെട്ട ചിത്രങ്ങളും പെരിയാരിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളിലുള്ള സമാഹാരങ്ങളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു. പെരിയാറിന്റെ ജന്മദിനമായ സെപ്റ്റംബർ 17 തമിഴ്‌നാട് സർക്കാർ സാമൂഹിക നീതി ദിനമായി ആചരിക്കുന്നു. ഇതേദിവസം സ്മാരകത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും തമിഴ്‌നാട്- - കേരള സർക്കാരുകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചുവരുന്നു.