- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഠന രംഗത്തും പാഠ്യേതര വിഷയങ്ങളിലും ഒരുപോലെ തിളങ്ങി; ആഗ്രഹിച്ചത് സംരഭകനാകാന്‍; മോട്ടിവേഷന്‍ സ്പീച്ചും വ്യായാമവുമെല്ലാം ആയി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു; യുഎഇയുടെ ഗോള്‍ഡണ്‍ വിസയും കിട്ടി; ദീപാവലി ആഘോഷത്തിനിടെ കുഴഞ്ഞു വീണ് 18കാരന്റെ മരണം; വൈഷ്ണവിന്റെ ദുബായിലെ വിയോഗം ചെന്നിത്തലയ്ക്കും ദുഖം
ദുബായ്: ദുബായില്‍ ദീപാവലി ആഘോഷങ്ങള്‍ക്കിടെ മലയാളി വിദ്യാര്‍ഥി ഹൃദയാഘാതം മൂലമുള്ള മരണം കുടുംബത്തിനും കൂട്ടുകാര്‍ക്കും അധ്യാപകര്‍ക്കും തീരാവേദന. വൈഷ്ണവ് കൃഷ്ണകുമാറിന്റെ മരണകാരണം സംബന്ധിച്ച് ഫോറന്‍സിക് പരിശോധനകള്‍ നടക്കുകയാണ്. 2024-ലെ സി.ബി.എസ്.ഇ. പ്ലസ് ടു പരീക്ഷയില്‍ 97.4% മാര്‍ക്ക് നേടിയ വൈഷ്ണവിന് ഗോള്‍ഡന്‍ വീസ ലഭിച്ചിരുന്നു. ഈ നേട്ടത്തിനിടെയാണ് അപ്രതീക്ഷിത വിയോഗം.
ബിബിഎ മാര്‍ക്കറ്റിങ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയും മാവേലിക്കര ചെന്നിത്തല സ്വദേശിയുമാണ് 18കാരനായ വൈഷ്ണവ് കൃഷ്ണകുമാര്‍. ചൊവ്വാഴ്ച രാത്രി ദുബായിലെ ഇന്റര്‍നാഷണല്‍ അക്കാദമിക് സിറ്റിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വി.ജി.കൃഷ്ണകുമാര്‍- വിധു കൃഷ്ണകുമാര്‍ ദമ്പതികളുടെ മകനാണ്. സഹോദരി- വൃഷ്ടി കൃഷ്ണകുമാര്‍. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം സംസ്‌കാരത്തിനായി നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
പഠന രംഗത്തും പാഠ്യേതര വിഷയങ്ങളിലും ഒരുപോലെ തിളങ്ങിയ വിദ്യാര്‍ഥിയായിരുന്നു വൈഷ്ണവ്. 2024 ലെ സി.ബി.എസ്.ഇ. പ്ലസ് ടു പരീക്ഷയില്‍ 97.4% മാര്‍ക്ക് നേടി. എല്ലാ വിഷയങ്ങള്‍ക്കും എ-വണ്‍ ഗ്രേഡ് ഉണ്ടായിരുന്നു. മാര്‍ക്കറ്റിങ്, എന്റര്‍പ്രണര്‍ഷിപ്പ് വിഷയങ്ങളില്‍ നൂറില്‍ നൂറ് മാര്‍ക്കും നേടി. ഈ സാഹചര്യത്തില്‍ ആണ് വൈഷ്ണവിന് യു.എ.ഇ. ഗോള്‍ഡന്‍ വീസ ലഭിച്ചത്. ജെംസ് ഔര്‍ ഓണ്‍ ഇന്ത്യന്‍ സ്‌കൂളിലെ ഹെഡ് ഓഫ് സ്‌കൂള്‍ കൗണ്‍സില്‍, മോഡല്‍ യുണൈറ്റഡ് നേഷന്‍സ് ക്ലബ്ബിന്റെയും ഡിബേറ്റിങ് സൊസൈറ്റിയുടെയും പ്രസിഡന്റ് എന്നീ നിലകളിലും വൈഷ്ണവ് പ്രവര്‍ത്തിച്ചിട്ടുണ്ട്. അമ്മ ഈ സ്‌കൂളിലെ അധ്യാപികയാണ്.
സംരംഭകനാകാന്‍ ആഗ്രഹിച്ച വൈഷ്ണവ്, വിദ്യാഭ്യാസത്തിനു പുറമെ സാമ്പത്തിക ഉപദേശങ്ങള്‍, ലൈഫ്സ്‌റ്റൈല്‍ മോട്ടിവേഷന്‍, വ്യായാമ മുറകള്‍ എന്നിവ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലും സജീവമായിരുന്നു. ഒട്ടേറെ കമ്പനികളില്‍ ഇന്റേണ്‍ഷിപ്പുകളും പൂര്‍ത്തിയാക്കി. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും പറക്കാന്‍ കൊതിച്ച വ്യക്തിയാണ് അകാലത്തില്‍ പൊലിഞ്ഞു പോയത്.
പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും ഒരുപോലെ തിളങ്ങിയ അസാധാരണനായ വിദ്യാര്‍ത്ഥിയായിരുന്നു വൈഷ്ണവെന്ന് ദുബായില്‍ താമസിക്കുന്ന അമ്മാവന്‍ നിതീഷ് പറഞ്ഞു. 'എല്ലാ മാതാപിതാക്കളും സ്വന്തം മകനായി ലഭിക്കാന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു രത്‌നമായിരുന്നു അവന്‍,' നിതീഷ് വൈഷ്ണവിനെ അനുസ്മരിച്ചത് ഇങ്ങനെയാണ്.
ചൊവ്വാഴ്ച വൈകുന്നേരം നടന്ന ദീപാവലി ആഘോഷങ്ങള്‍ക്കിടെയാണ് വൈഷ്ണവ് കൃഷ്ണകുമാര്‍ പെട്ടെന്ന് കുഴഞ്ഞുവീണത്. അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണകാരണം സംബന്ധിച്ച് ഇതുവരെ വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ലെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. ഈ ദാരുണമായ സംഭവം ദുബായിലെ ഇന്ത്യന്‍ സമൂഹത്തില്‍ വലിയ വേദന സൃഷ്ടിച്ചിട്ടുണ്ട്. യുവ വിദ്യാര്‍ത്ഥിയുടെ അപ്രതീക്ഷിത വിയോഗം കുടുംബത്തിനും കൂട്ടുകാര്‍ക്കും താങ്ങാനാവാത്ത നഷ്ടമാണ്.